ബംഗളൂരു: കെഎസ്സിഎ ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന് എട്ടുവിക്കറ്റ് ജയം. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 202 റണ്‍സ് വേണ്ടിയിരുന്ന കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ച്വറിയുമായി മിന്നുന്ന പ്രകടനം നടത്തിയ ഓപ്പണര്‍ ജഗദീഷ് രണ്ടാം ഇന്നിംഗ്സിലും ഗംഭീര പ്രകടനം നടത്തി. 83 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിന് ബേബിയുടെയും 77റണ്‍സോടെ പുറത്താകാതെ നിന്ന ജഗദീഷിന്റെയും പ്രകടനത്തിന്റെ കരുത്തിലാണ് കേരളം മികച്ച വിജയം നേടിയത്. കേരളത്തിന്റെ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ കേരളം ത്രിപുരയെ കീഴടക്കിയിരുന്നു. ഒന്നാം ഇന്നിങ്ങ്സില്‍ ജഗദീഷിന്റെ ഇരട്ടസെഞ്ചുറിയുടെയും (251 നോട്ടൗട്ട്), നിഖിലേഷിന്റെ (119)സെഞ്ച്വറിയുടെയും കരുത്തില്‍ കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 521റണ്‍സ് നേടിയിരുന്നു. ബംഗാള്‍ 445 റണ്‍സും 277റണ്‍സുമാണെടുത്തത്.
അവസാന ദിനമായ ഇന്നലെ മൂന്നിന് 200 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ബംഗാളിന് 77 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. 103 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷാഹിദാണ് ബംഗാളിനെ തകര്‍ത്തത്. സനുത്ത് രണ്ട് വിക്കറ്റുകളും വീഴ്ത്തി.
202 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന കേരളത്തിന് ആറ് റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. പ്രതാപ് സിംഗിന്റെ പന്തില്‍ ബൗള്‍ഡായി നിഖിലേഷാണ് പുറത്തായത്. പിന്നീട് സ്കോര്‍ 53-ല്‍ എത്തിയപ്പോള്‍ 27 റണ്‍സെടുത്ത ജിനേഷ് ലഹിരിയുടെ പന്തില്‍ എല്‍ബിഡബ്ല്യൂവായി മടങ്ങി.
എന്നാല്‍ ജഗദീഷും സച്ചിന് ബേബിയും ഒത്തുചേര്‍ന്നതോടെ ബംഗാള്‍ ബൗളര്‍മാരുടെ മുനയൊടിഞ്ഞു. ഏകദിന ശൈലിയില്‍ ബാറ്റേന്തിയ സച്ചിന് ബേബി 81 പന്തില്‍ നിന്ന് 15 ബൗണ്ടറികളുടെ സഹായത്തോടെ 83 റണ്‍സെടുത്തും 99 പന്തുകളില്‍ നിന്ന് 9 ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 77 റണ്‍സെടുത്ത ജഗദീഷും ചേര്‍ന്ന് കേരളത്തെ വിജയത്തിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: