തിരുവനന്തപുരം: രമേശ് ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്കുകയാണെങ്കില് ലീഗ് പിടിമുറുക്കും, കോണ്‍ഗ്രസ് കുഴങ്ങും. ഉപമുഖ്യമന്ത്രിസ്ഥാനം സൃഷ്ടിക്കുന്നുണ്ടെങ്കില് അത് ലീഗിനുമാത്രം അവകാശപ്പെട്ടതാണെന്ന് ലീഗ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എ വിഭാഗത്തിന്റെ താല്പര്യവും ലീഗിനനുകൂലമാണ്.
വ്യക്തമായ ധാരണയോടെയാണ് ലീഗ് നേതാക്കള്‍ ദല്‍ഹിക്ക് തിരിക്കുക. യുഡിഎഫിനെയും മന്ത്രിസഭയേയും രക്ഷിക്കാന്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചചെയ്യണമെന്ന അഭ്യര്‍ത്ഥന കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ ഉപാധി വയ്ക്കാനാണ് ലീഗിന്റെ തീരുമാനം. ഒരു ലോക്സഭാസീറ്റുകൂടി ലീഗിന് നല്‍കണം, മുതിര്‍ന്ന നേതാവായ ഇ.അഹമ്മദിന് കേന്ദ്രമന്ത്രിസഭയില്‍ കാബിനറ്റ് പദവി ലഭിക്കണം, കോണ്‍ഗ്രസ് നേതാക്കള്‍ അടിക്കടി ലീഗിനെ അധിഷേപിക്കുന്ന രീതി അവസാനിപ്പിക്കണം എന്നിവയാണ് ലീഗിന്റെ ആവശ്യങ്ങള്‍. ഇത് അംഗീകരിക്കാതെ വഴങ്ങാന്‍ ലീഗ് തയ്യാറാവില്ല. കേരളാകോണ്‍ഗ്രസ്സിനും അവകാശവാദങ്ങളുണ്ട്. രണ്ട് എംപി മാരുള്ള മുസ്ലിംലീഗിന് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനമുണ്ട്. രണ്ട് അംഗങ്ങള്‍ കേരളാ കോണ്‍ഗ്രസ്സിനുമുണ്ട്. മന്ത്രിപദം തങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. ജോസ് കെ.മാണിയെ മന്ത്രിയാക്കണം എന്ന ആവശ്യം ഒന്നാമത്. രണ്ടാമത്തേത് ഒരുലോക്സഭാ സീറ്റുകൂടി കേരളാകോണ്‍ഗ്രസ്സിന് ലഭിക്കണമെന്നതാണ്. ഇതിനെല്ലാം പുറമെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ്പോരാണ് കേരളത്തിലെ പ്രശ്നം. സോളാര്‍ തട്ടിപ്പ് കുത്തിപ്പൊക്കിയത് ഗ്രൂപ്പിസമാണെന്ന് ഹൈക്കമാണ്ടിനെ ബോധ്യപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കും.
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച ചര്‍ച്ച ഇന്ന് ദല്‍ഹിയില്‍ തുടരും. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ ലീഗിന്റെയും കേരളാകോണ്‍ഗ്രസ്സിന്റെയും നേതാക്കളെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ലീഗ് നേതാക്കളായ ഇ.ടി.മുഹമ്മദ് ബഷീറും പി.കെ.കുഞ്ഞാലിക്കുട്ടിയും ദല്‍ഹിയിലേക്ക് പോകുന്നുണ്ട്. കേന്ദ്രമന്ത്രി ഇ.അഹമ്മദും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. കെ.എം.മണിയും ദല്‍ഹിയിലെത്തും.
രമേശിനെ മന്ത്രിയാക്കുന്നതിന് തടസ്സം ഘടകകക്ഷികളല്ല കോണ്ഗ്രസ്സുകാര് തന്നെയാണെന്നാണ് പി.സി.ജോര്‍ജിന്റെ വിമര്‍ശനം. ലീഗിന്റെ അഞ്ചാംമന്ത്രിയായി മഞ്ഞളാംകുഴി അലി സത്യപ്രതിജ്ഞ ചൊല്ലുമ്പോള്‍ തന്നെ രമേശും മന്ത്രിയാകാന്‍ തീരുമാനിച്ചത്കോണ്ഗ്രസ് അട്ടിമറിച്ചു എന്നാണ് ജോര്‍ജ് പറയുന്നത്. യുഡിഎഫിലെ പ്രശ്നങ്ങള്‍ എല്ലാവരുമായി ചര്‍ച്ചചെയ്യുന്നില്ലെന്ന വിമര്‍ശനവുമായി ചെറു ഘടകകക്ഷികളും രംഗത്തുവന്നിട്ടുണ്ട്. ഏതായാലും ദല്‍ഹിയിലെ ചര്‍ച്ചയില്‍ എന്തെങ്കിലും തീരുമാനത്തിലെത്തണമെങ്കില്‍ മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസും മുന്നോട്ടുവയ്ക്കുന്ന പാക്കേജ് അംഗീകരിക്കേണ്ടിവരും. അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷത്തിന്റെ വാഗ്ദാനത്തിന് കെ.എം.മാണി പെട്ടെന്ന് കയറി തലവച്ചുകൊടുക്കാതിരുന്നത്. മറിച്ചാണെങ്കില്‍ മാണി മാത്രമല്ല കേരള രാഷ്ട്രീയവും മാറിമറിയും.
കെ.കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: