തിരുവനന്തപുരം: എംജി കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നും വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എബിവിപിയുടെ ആഭിമുഖ്യത്തില്‍ എംജി കോളേജില്‍ അനിശ്ചിതകാല ഉപരോധസമരം തുടങ്ങി. ഉപരോധസമരം എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി ഒ. നിധീഷ് ഉദ്ഘാടനം ചെയ്തു. എംജി കോളേജ് വിഷയത്തെ മറയാക്കി എന്‍എസ്എസിനെ ഹൈജാക്ക് ചെയ്യാനുള്ള കോണ്‍ഗ്രസ് ശ്രമത്തെ എതിര്‍ക്കേണ്ടിവരുമെന്ന് നിധീഷ് പറഞ്ഞു.
എംജി കോളേജില്‍ നടക്കുന്നത് വിദ്യാര്‍ത്ഥികളുടെ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണ്. കലാലയങ്ങളില്‍ അരാഷ്ട്രീയവാദം പ്രചരിപ്പിച്ച് നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ നേടിയെടുക്കാനുള്ള സാമ്രാജ്യത്വ ചിന്താഗതിയുള്ളവരുടെ ഗൂഢാലോചന പരാജയപ്പെടുത്തും. എന്‍എസ്എസ് മാനേജുമെന്റുമായി എബിവിപിക്ക് യാതൊരു വിദ്വേഷവുമില്ല. സോളാര്‍തട്ടിപ്പില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ എന്‍എസ്എസിനെ മറയാക്കി രാഷ്ട്രീയനാടകം കളിക്കാന്‍ ചില കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നത് മാനേജ്മെന്റ് തിരിച്ചറിയണം. ഹൈക്കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്ത് എന്‍എസ്എസ് മാനേജ്മെന്റിനെയും ജനങ്ങളെയും പ്രിന്‍സിപ്പാള്‍ സുധീന്ദ്രന്‍പിള്ള തെറ്റിദ്ധരിപ്പിക്കുകയാണ്. കലാലയത്തില്‍ നടന്ന അക്രമങ്ങള്‍ എബിവിപി ആസൂത്രണം ചെയ്തതല്ല. വിദ്യാര്‍ത്ഥികളെ പട്ടികപോലുള്ള ആയുധങ്ങളുപയോഗിച്ച് അധ്യാപകര്‍ മര്‍ദ്ദിക്കുകയാണുണ്ടായത്. മൂന്നര മാസമായി കലാലയത്തില്‍ സമാധാനപരമായ അന്തരീക്ഷമാണുണ്ടായിരുന്നത്. കലാലയ അക്രമങ്ങളെ എബിവിപി പ്രോത്സാഹിപ്പിക്കില്ല. എന്‍എസ്എസ് മാനേജ്മെന്റുമായി ചര്‍ച്ച നടത്താനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും എബിവിപി തയ്യാറാണ്. പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാനും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാനും മാനേജ്മെന്റ് തയ്യാറാകണമെന്നും നിധീഷ് ആവശ്യപ്പെട്ടു. എബിവിപിയുടെ കോളേജ് ഉപരോധസമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ. എസ്.സുരേഷ്, നഗരസഭാകക്ഷിനേതാവ് പി. അശോക് കുമാര്‍, ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി തിരുമല അനില്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആര്.എസ്.രാജീവ്, എബിവിപി ജില്ലാ കണ്‍വീനര്‍ മനുപ്രസാദ് എന്നിവര്‍ സംസാരിച്ചു.
എബിവിപിയുടെ ഉപരോധസമരം നേരിടാന്‍ ഡിസിപി ശ്രീനിവാസന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തെ എം.ജി. കോളേജിലും പരിസര പ്രദേശങ്ങളിലും വിന്യസിച്ചിരുന്നു. എന്‍എസ്എസിന്റെ നേതൃത്വത്തില്‍ കോളേജ് സംരക്ഷണ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു. കൂട്ടായ്മയുടെ ഉദ്ഘാടനം താലൂക്ക് യൂണിയന് പ്രസിഡന്റ് സംഗീത്കുമാര്‍ നിര്‍വ്വഹിച്ചു. എന്‍എസ്എസ് പ്രതിനിധി സഭാംഗം കേശവന് തമ്പി, താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് വിനോദ്കുമാര്‍, നെയ്യാറ്റിന്‍കര താലൂക്ക് യൂണിയന് പ്രസിഡന്റ് സോമശേഖരന്‍, ആറ്റിങ്ങല്‍ യൂണിയന് പ്രസിഡന്റ് മധുസൂദനന്‍പിള്ള, നെടുമങ്ങാട് യൂണിയന് പ്രസിഡന്റ് ബാബുരാജ്, കമ്മിറ്റി അംഗങ്ങളായ കാര്ത്തികേയന്, ഗോപിനാഥന്‍നായര്‍, വി.എസ്.കെ. നായര്‍, കോണ്‍ഗ്രസ് നേതാക്കളായ മോഹന്‍കുമാര്‍, ജോണ്സണ് ജോസഫ്, ജോര്‍ജ്ജ് ലൂയിസ്, ഹരികുമാര്‍, പി.എസ്. നായര്‍, വഞ്ചിയൂര്‍ മോഹനന്, ശാസ്തമംഗലം മോഹനന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: