ഓള്‍ഡ് ട്രഫോര്‍ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഇന്ന് തുടങ്ങും. ആദ്യ രണ്ട്ടെസ്റ്റുകളിലും വിജയിച്ച ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ന് മുന്നിലാണ്. ഈ വിജയങ്ങള്‍ നല്കിയ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് ഇന്ന് ആരംഭിക്കുന്ന മൂന്നാം പോരാട്ടത്തിനിറങ്ങുന്നത്.
മറുവശത്ത് ഓസ്ട്രേലിയക്ക് പരമ്പരയില്‍ തിരിച്ചുവരണമെങ്കില്‍ മൂന്നാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയേ മതിയാവൂ. ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ 14 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ 347 റണ്‍സിനുമാണ് പരാജയപ്പെട്ടത്. മുന്‍നിര ബാറ്റ്സ്മാന്മാരുടെ ഫോമില്ലായ്മയാണ് കംഗാരുക്കളെ അലട്ടുന്ന പ്രധാന പ്രശ്നം. ബാറ്റ്സ്മാന്മാര് അവസരത്തിനൊത്ത് ഉയര്‍ന്ന് നീണ്ട ഇന്നിംഗ്സുകള്‍ കെട്ടിപ്പടുത്തില്ലെങ്കില്‍ ഓസ്ട്രേലിയയുടെ കാര്യം ഇത്തവണയും കഷ്ടത്തിലാകും.
ഓപ്പണറായ ഷെയ്ന് വാട്സണ് 30ഉം 40ഉം റണ്‍സുകള്‍ നേടുന്നുണ്ടെങ്കിലും ദീര്‍ഘമായ ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ കഴിയുന്നില്ല. സഹ ഓപ്പണറായ റോജേഴ്സ് പരമ്പരയിലെ നാല് ഇന്നിംഗ്സുകളില്‍ ഒരു അര്‍ദ്ധസെഞ്ച്വറി മാത്രമാണ് നേടിയിട്ടുള്ളത്. ഓപ്പണര്‍മാര്‍ പരാജയപ്പെടുന്നതോടെ തുടര്‍ന്ന് ക്രീസിലെത്തുന്ന ബാറ്റ്സ്മാന്മാര് സമ്മര്‍ദ്ദത്തിലാവുന്നതാണ് ഓസ്ട്രേലിയയെ കുഴക്കുന്നത്. കഴിഞ്ഞ ടെസ്റ്റില്‍ കളിക്കാനിറങ്ങിയ ഉസ്മാന് ഖവാജ രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ ഓസീസിന്റെ ഏറ്റവും വിശ്വസ്തനും ക്യാപ്റ്റനുമായ മൈക്കല്‍ ക്ലാര്‍ക്ക് ഇതുവരെ ഫോമിലെത്തിയിട്ടില്ല. ഹ്യൂസിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെയും സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും ഓസീസ് മുന്‍നിര താരങ്ങള്‍ ബാറ്റിങ്ങിന്റെ അടിസ്ഥാന ബാലപാഠം മറന്നവരെപ്പോലെയാണ് കളിച്ചത്. എന്നാല്‍ മുന്‍നിരക്കാരെ കളിപഠിപ്പിച്ച വാലറ്റക്കാരുടെ മികച്ച ബാറ്റിംഗാണ് പലപ്പോഴും നാണക്കേടില്‍ നിന്ന് അവരെ രക്ഷിച്ചത്. മധ്യനിരയില്‍ സ്റ്റീവന്‍ സ്മിത്ത് ഇറങ്ങുമോ എന്ന കാര്യം ഉറപ്പില്ല. കഴിഞ്ഞ ദിവസം സസക്സിനെതിരെ നടന്ന പരിശീലനമത്സരത്തില്‍ സ്മിത്ത് സെഞ്ച്വറി നേടിയിരുന്നു. ആഷസ് പരമ്പരക്കെത്തിയ ഓസ്ട്രേലിയന്നിരയിലെ ഏക സെഞ്ച്വറി നേട്ടക്കാരനാണ് ഓള് റൗണ്ടര്‍ സ്മിത്ത്. സ്മിത്തിന്റെ അഭാവം ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയാകും. എന്നാല്‍ ബാറ്റ്സ്മാന്മാരെ അപേക്ഷിച്ച് ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. പാറ്റിന്‍സണും റയാന് ഹാരിസും പീറ്റര്‍ സിഡിലും യുവ താരം ആഷ്ടണ്‍ അഗറും ഉള്‍പ്പെടുന്ന ബൗളിംഗ്നിരയില് സ്പിന്നര്‍ നതാന്‍ ലിയോണും ഉള്‍പ്പെടുമെന്നാണ് സൂചന. മൂന്നാം ടെസ്റ്റിലും പരാജയപ്പെട്ടാല്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഓസ്ട്രേലിയക്ക് ആഷസ് പരമ്പര ഇംഗ്ലണ്ടിന് മുന്നില്‍ അടിയറവ് വെക്കേണ്ടിവരും.
അതേസമയം കഴിഞ്ഞ രണ്ട് ടെസ്റ്റുകളില്‍ വിജയിച്ച ടീമില്‍ നിന്ന് ഏറെ മാറ്റമൊന്നും ഇല്ലാതെയാകും ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനിറങ്ങുക.
ക്യാപ്റ്റന്‍ കുക്കും കെവിന് പീറ്റേഴ്സണും ഫോമിലേക്കുയരാത്തതാണ് ഇംഗ്ലണ്ട് ക്യാമ്പിനെ അലട്ടുന്ന ഏക ഘടകം. തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികള്‍ നേടിയ ഇയാന്‍ ബെല്ലും കഴിഞ്ഞ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ 180 റണ്‍സ് നേടിയ റൂട്ടും ഉജ്ജ്വലഫോമിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. ട്രോട്ടും ബെയര്‍സ്റ്റോവും ബ്രോഡും കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ജെയിംസ് ആന്ഡേഴ്സണ് നയിക്കുന്ന ബൗളിംഗ് നിരയും ഉജ്ജ്വല ഫോമിലാണ്. ആന്ഡേഴ്സണ് മികച്ച പിന്തുണ നല്കുന്ന ഗ്രെയിം സ്വാന് രണ്ടാം ടെസ്റ്റില്‍ 9 വിക്കറ്റുകളാണ് വീഴ്ത്തിയത്. കൂടാതെ ബ്രസ്നനും ബ്രോഡും വിക്കറ്റ് വീഴ്ത്തുന്നതില്‍ മികവ് കാണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: