തിരുവനന്തപുരം: എം ജി കോളേജില്‍ അധ്യാപകരും പോലീസും ചേര്‍ന്ന് വിദ്യാര്‍ഥികളെ തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് എബിവിപി, ആര്‍എസ്എസ്, ബിജെപി, ബിഎംഎസ്, ഹിന്ദുഐക്യവേദി തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഹര്‍ത്താലില്‍ തലസ്ഥാനജില്ല നിശ്ചലമായി. പോലീസ് അതിക്രമത്തിനെതിരായ പ്രതിഷേധം അലയടിച്ച ഹര്‍ത്താലില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകള്‍ അടച്ചും ജനങ്ങളും ഭാഗഭാക്കായി. തികച്ചും സമാധാനപരമായി നടന്ന ഹര്‍ത്താലില്‍ മനഃപ്പൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തു നിന്നുണ്ടായി. ഇത് ചിലയിടങ്ങളില്‍ നേരിയ സംഘര്‍ഷത്തിന് വഴിവച്ചു.
വിവിധസംഘടനകളുടെ ആഭിമുഖ്യത്തില്‍ ഗാന്ധിപാര്‍ക്കില്‍ നിന്നും സെക്രട്ടേറിയറ്റ് നടയിലേക്ക് ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനവും ധര്‍ണയും നടന്നു. എബിവിപി കേന്ദ്രകമ്മിറ്റി അംഗം എം. ജയകമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാളും ചില അധ്യാപകരും ചേര്‍ന്ന് എം ജി കോളേജിനെ തകര്‍ക്കാന്‍ ആസൂത്രിതനീക്കം നടത്തിവരികയാണെന്നും കഴിഞ്ഞ ദിവസത്തെ അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളെ അധ്യാപകര്‍ മര്‍ദിച്ചത് ഈ ഗൂഢാലോചനയുടെ ഭാഗമാണ്. കോളേജില്‍ സംഘടനാപ്രവര്‍ത്തനം നിരോധിച്ചുവെന്ന പേരില്‍ വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല. സമരം എന്‍എസ്എസ് മാനേജ്മെന്റിനെതിരെയല്ല. പ്രിന്‍സിപ്പാളിന്റെ ഗൂഢലക്ഷ്യം മാനേജ്മെന്റ് തിരിച്ചറിയണം. യാതൊരു തെറ്റും ചെയ്യാത്ത വിദ്യാര്‍ഥികളെ ഏകപക്ഷീയമായി പുറത്താക്കിയ നടപടിയും വിദ്യാര്‍ഥികളെ അധ്യാപകര്‍ മര്‍ദിച്ച സംഭവവും ന്യായീകരിക്കാനാകില്ല. ഹര്‍ത്താല്‍ സൂചനാസമരം മാത്രമാണെന്നും ശക്തമായ പ്രക്ഷോഭവുമായി എബിവിപി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി ഒ. നിധീഷ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് പ്രചാര്‍ പ്രമുഖ് പി. സുധാകരന്, ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്, ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ. എസ്. സുരേഷ് നഗരസഭാ കക്ഷിനേതാവ് പി. അശോക്കുമാര്, ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി ബ്രഹ്മചാരി ഭാര്ഗ്ഗഗവറാം തുടങ്ങിയവര്‍ സംസാരിച്ചു.
ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ജില്ലാ ജനറല്‍സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, ജില്ലാ സെക്രട്ടറി കരമന അജിത്ത്, കൗണ്‍സിലര്‍മാരായ രാജേന്ദ്രന്‍നായര്‍, മോഹനന്‍നായര്‍, എം.ആര്. ഗോപന്, എം.ആര്. രാജീവ്, ഹിന്ദുഐക്യവേദി ജില്ലാ വര്‍ക്കിംഗ്പ്രസിഡന്റ് കെ. രാജശേഖരന്, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് ജ്യോതിഷ്കുമാര്‍, ജില്ലാ സെക്രട്ടറി ഗോവിന്ദ് തമ്പി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
കോളേജില്‍ അധ്യാപകരുടെയും പോലീസിന്റെയും മര്‍ദ്ദനമേറ്റ വിഷ്ണു എന്ന വിദ്യാര്‍ഥിയുടെ നില ഗുരുതരമായതിനെതുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിയായ വിഷ്ണുവിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: