മരട്: ചികിത്സയുടെയും മരുന്നിന്റെയും മറവില്‍ സ്വകാര്യ ആശുപത്രി നടത്തിവരുന്ന പകല്‍ക്കൊള്ള ജനങ്ങളെ പൊറുതിമുട്ടിക്കുന്നു. കൊച്ചിയിലെയും പനിസരങ്ങളിലെയും ചില ആഡംബര ആശുപത്രികളാണ് ആധുനിക സൗകര്യങ്ങളുടെ മറവില്‍ സാധാരണക്കാരെ കൊള്ളയടിക്കുന്നത്. ചികിത്സക്കും പരിശോധനകള്‍ക്കും മരുന്നിനും മറ്റൊരിടത്തുമില്ലാത്ത വിലയും ഫീസും ഈടാക്കിയാണ് ചില ആശുപത്രികള്‍ കച്ചവടകേന്ദ്രങ്ങളായിത്തീര്ന്നിരിക്കുന്നത്.
ആശുപത്രികളില്‍ സൗകര്യം ഒരുക്കുന്നതിന്റെ മറവില്‍ മൂന്നും നാലും ഇരട്ടി തുക അധികഫീസായുംമറ്റും ഈടാക്കുന്നതായി പരാതി വ്യാപകമാണ്. ഹൃദ്രോഗികളും വൃക്കരോഗികളുമാണ് ആശുപത്രികളുടെ കൊള്ളയ്ക്ക് ഇരയാകുന്നതില്‍ ഏറിയ പങ്കും. ആഞ്ചിയോഗ്രാം, ആഞ്ചിയോപ്ലാസ്റ്റി പാക്കേജിന് കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് എണ്‍പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടക്കാണ്. എന്നാല്‍ മരടിലെ ഒരു സ്വകാര്യ ആശുപത്രി ഇതിന്ഈടാക്കുന്നത് ഒന്നര ലക്ഷത്തോളം രൂപയാണ്.
ചെറിയ പരിശോധനകള്‍ക്കും ചികിത്സക്കും വരെ തോന്നുംപോലെ ഫീസ് ഈടാക്കുകയാണ് ചില ആശുപത്രികളുടേതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ചികിത്സക്ക് പുറമെ മുറിവാടക, ഭക്ഷണചെലവ് എന്നിവയും വന്‍തോതിലാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രോഗികളുടെയും ബന്ധുക്കളുടെയും മുന്‍കൂര്‍ അനുമതിയില്ലാതെ പോലും ചെലവേറിയ ചികിത്സകള്‍ നടത്തി പണം പിടുങ്ങുന്നതും ചില ആശുപത്രികളുടെ പതിവുതന്ത്രമാണ്.
ജീവന്‍രക്ഷാമരുന്നുകള്‍ക്ക് പുറത്തുള്ളതിനേക്കാള്‍ രണ്ടിരട്ടി വരെയാണ് നെട്ടൂരിലെ ഒരു സ്വകാര്യ ആശുപത്രി അമിതവില ഈടാക്കുന്നതെന്ന നാളുകളായി പരാതിയുണ്ട്.
ആഡംബരത്തോടെയുള്ളതാണ് പുറംമോടിയെങ്കിലും ചികിത്സാമികവിന്റെ കാര്യത്തിലും മറ്റും ചില വന്‍കിട ആശുപത്രികള്‍ ഏറെ പിന്നിലാണെന്നാണ് പറയപ്പെടുന്നത്. നിയമം അനുശാസിക്കുംവിധത്തിലുള്ള സൗകര്യങ്ങളോ വൃത്തിയോ ഇല്ലാത്ത അന്തരീക്ഷമാണ് മരടിലെ ഒരു വന്‍കിട ആശുപത്രിയും പരിസരങ്ങളും. ശസ്ത്രക്രിയയുടെ അവശിഷ്ടങ്ങളും ആശുപത്രി മാലിന്യങ്ങളും സംസ്കരിക്കുവാനുള്ള സജ്ജീകരണങ്ങള്‍ ആശുപത്രിയിലില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മലിനജലം പൊതുജലാശയത്തിലേക്ക് ഒഴുക്കിവിടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കച്ചവട കേന്ദ്രങ്ങളുമായി ജനങ്ങളെ ചൂഷണം ചെയ്യുന്ന വന്‍കിട സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നാണ് പൊതുവെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: