മരട്: പണത്തോടുള്ള ആര്‍ത്തിമൂത്ത് സ്വകാര്യ ആശുപത്രി അധികൃതര്‍ മൃതദേഹത്തോട് അനാദരവുകാട്ടിയതായി ആരോപണം. മരടിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മനുഷ്യത്വത്തോടുപോലും വിലകല്പിക്കാത്ത ആതുരസേവനത്തിന്റെ കപടമുഖം മാറനീക്കി പുറത്തുവന്നത്. മരടിലെ ബിഎംഎസ് തൊഴിലാളികൂടിയായ കോരങ്ങാത്തില് വിജയന് (52) നോടായിരുന്നു നെട്ടൂരിലെ സ്വകാര്യ ആശുപത്രിയുടെ ക്രൂരത.
നെഞ്ചുവേദനയെതുടര്‍ന്ന് ഇന്നലെ രാവിലെയാണ് വിജയനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തില്‍ ചികിത്സനല്‍കിയ ഇയാള്‍ക്ക് അടിയന്തിരമായി ആഞ്ചിയോപ്ലാസി ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെയും അറിയിച്ചു. ഇതിന് ഒന്നരലക്ഷത്തോളം ചെലവുവരുമെന്നും ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും ആവശ്യപ്പെട്ടു. പണം സംഘടിപ്പിച്ച് ആശുപത്രിയില്‍ മുന്‍കൂറായി നല്കി. തുടര്‍ന്ന് ഹൃദയധമനികളിലെ ബ്ലോക്കുകള്‍ നീക്കുന്നതിനായുള്ള ആഞ്ചിയോപ്ലാസ്റ്റിക് രോഗിയെ വിധേയനാക്കിയെങ്കിലും ആശുപത്രി അധികൃതര്‍ക്ക് ഇയാളുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉച്ചക്ക് 12 മണിയോടെ വിജയന് മരിച്ചു.
തുക അടച്ചുതിര്ക്കാനെത്തിയപ്പോഴാണ് ചികിത്സക്കായി മൂന്നര ലക്ഷത്തോളം രൂപ ചെലവുകാണിച്ച് ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് ബില്ല് നല്‍കിയത്. ഒന്നര ലക്ഷത്തോളം ചെലവുവരുമെന്ന് ആദ്യം അറിയിച്ച ചികിത്സക്ക് രണ്ടുലക്ഷം അധികബില്‍ നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും സഹപ്രവര്‍ത്തകരും ഇതിനെ ചോദ്യംചെയ്തു. എന്നാല്‍ തങ്ങള്‍ ആവശ്യപ്പെടുന്ന മുഴുവന്‍ തുകയും അടക്കാതെ മൃതദേഹം വിട്ടുതരില്ലെന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതര്‍. ബിഎംഎസിന്റെയും മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും നേതാക്കള്‍ ആശുപത്രി മാനേജ്മെന്റുമായി സംസാരിച്ചെങ്കിലും അവര്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ല. മൃതദേഹം തടഞ്ഞുവെച്ചുള്ള ആശുപത്രി അധികൃതരുടെ വിലപേശലിനെതിരെയുള്ള പ്രതിഷേധം നിയന്ത്രണം വിടും എന്ന ഘട്ടംവരെ എത്തിയെങ്കിലും നേതാക്കളും പ്രവര്‍ത്തകരും ആത്മനിയന്ത്രണം പാലിച്ച് സംഘര്‍ഷം ഒഴിവാക്കി. തങ്ങള്‍ ആവശ്യപ്പെട്ട ബാക്കി തുകക്ക് ചെക്ക് എഴുതി വാങ്ങിയശേഷം നാല് മണിയോടെ മാത്രമാണ് മൃതദേഹം വിട്ടുനല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: