തിരുവനന്തപുരം: എംജി കോളേജിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ പ്രിന്‍സിപ്പാള്‍ സുധീന്ദ്രന്പിള്ളയും ചില അധ്യാപകരും ഗൂഢനീക്കം നടത്തുന്നു. ഏപ്രില്‍ മുതല്‍ കഴിഞ്ഞ ദിവസം വരെ കോളേജില്‍ അരങ്ങേറിയത് പ്രിന്‍സിപ്പാള്‍ സൃഷ്ടിച്ച തിരക്കഥയുടെ ഭാഗമായുള്ള ആസൂത്രിത സംഭവങ്ങളാണ്.
ഏപ്രില്‍ 3ന് എംജി കോളേജ് പ്രിന്‍സിപ്പാളായി സുധീന്ദ്രന്‍പിള്ള ചാര്ജ്ജെടുത്തതുമുതലാണ് കോളേജില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം കോളേജിന് മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള നാക്കിന്റെ എ ഗ്രേഡ് അക്രഡിറ്റേഷന് ലഭിച്ചിരുന്നു. കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നു ചാര്‍ജ്ജെടുത്ത് ഉടന്‍ സുധീന്ദ്രന്‍പിള്ള ചെയ്തത്. മുന്‍ പ്രിന്‍സിപ്പാള്‍ അനുമതി നല്കിയ പരിപാടി നടത്താനാവില്ലെന്നായിരുന്നു സുധീന്ദ്രന്‍പിള്ളയുടെ നിലപാട്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോള്‍ പ്രിന്‍സിപ്പാള്‍ പരിപാടി നടത്താനാവില്ലെന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കുകയും നോട്ടീസിടുകയും പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ പരിപാടി കോളേജ് ഗേറ്റിനു പുറത്തുവച്ച് നടത്തേണ്ടിവന്നു. യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു എന്ന ഒറ്റക്കാരണത്താല്‍ വിപിന്‍കുമാര്‍, അഭിലാഷ് എന്നീ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. ഇതിനിടെ അവധിക്കാലത്ത് കോളേജില്‍ രൂക്ഷമായ ക്രമസമാധാന പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി എന്‍എസ്എസ് മാനേജ്മെന്റിനെ തെറ്റിദ്ധരിപ്പിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജിയില്‍ എബിവിപിയുടെ കൊടിമരം മാറ്റുക, പ്രിന്‍സിപ്പാളിന് സംരക്ഷണം നല്‍കുക, യൂണിയന് റൂം ഒഴിപ്പിക്കുക എന്നിവയായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി അംഗീകരിച്ച് മെയ് 10ന് താല്‍ക്കാലിക വിധി പുറപ്പെടുവിച്ചു. ഇതേത്തുടര്‍ന്ന് പോലീസ് സഹായത്തോടെ കൊടിമരം മാറ്റി യൂണിയന് റൂം ഒഴിപ്പിച്ചു. ഗാന്ധിയുടെയും മന്നത്തിന്റെയും വിവേകാനന്ദന്റെയും ചിത്രങ്ങള്‍ മാത്രമാണ് പോലീസിന് യൂണിയന് റൂമില്‍ കണ്ടെത്താനായത്. റൂം ആയുധപ്പുരയാക്കിയിരിക്കുന്നു എന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം തടഞ്ഞ കോടതി വിധി നടപ്പാക്കിയതാണ് പ്രശ്നമെന്ന കള്ള പ്രചരണമാണിപ്പോള്‍ നടത്തുന്നത്.
കോളേജ് തുറന്നയുടന്‍ പ്രിന്‍സിപ്പാള്‍ ചെയ്ത അടുത്ത നടപടി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ കടന്നുവരുന്ന പരുത്തിപ്പാറ ഗേറ്റ് അടച്ചുപൂട്ടുകയായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് കിലോമീറ്റര്‍ നടന്നു കോളേജിലെത്തേണ്ട സ്ഥിതിയുമായി. ഈ ഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയതിന്റെ പേരില്‍ സമരം നയിച്ചു എന്ന ആക്ഷേപം ഉന്നയിച്ച് വിഷ്ണുപ്രസാദ്, വിഷ്ണു, ശരത് എന്നീ മൂന്ന് വിദ്യാര്‍ത്ഥികളെ വീണ്ടും സസ്പെന്‍ഡ് ചെയ്തു. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതി ദിനാഘോഷം നടത്താന്‍ അനുമതി നിഷേധിച്ചു. വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന രക്തദാനം, മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നിര്ദ്ദനരോഗികള്ക്കുള്ള ഭക്ഷണപ്പൊതി വിതരണം തുടങ്ങിയ ക്രിയാത്മക പ്രവര്‍ത്തനങ്ങളെപ്പോലും തടഞ്ഞു. ഇതിനിടെ കോളേജിലെ പല അധ്യാപകരും ജീവനക്കാരും നിരപരാധികളായ വിദ്യാര്ത്ഥികല്ക്കെതിരെ ഏകപക്ഷീയമായി നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടു. ഈ അധ്യാപകരെയും ജീവനക്കാരെയും മാനേജ്മെന്റിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി. എബിവിപിയുടെയും സംഘപ്രസ്ഥാനങ്ങളുടെയും മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് കണ്ടപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന ഒരു പ്രശ്നവുമുണ്ടാകില്ലെന്ന് ഉറപ്പുനല്‍കിയ പ്രിന്‍സിപ്പാള്‍ ഇതിനുശേഷം സസ്പെന്റ് ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ ഹാള്‍ടിക്കറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് സര്‍വ്വകലാശാലയ്ക്ക് കത്ത് നല്കി. വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന എന്‍എസ്എസിന്റെ നിലപാടുണ്ടായിട്ടും യാതൊരു കാരണവശാലും ഇവരെ പരീക്ഷയ്ക്കിരുത്തില്ലെന്ന വാശിയിലായിരുന്നു പ്രിന്‍സിപ്പാള്‍.
മറ്റേതെങ്കിലും കോളേജില്‍ പരീക്ഷയെഴുതാന്‍ അനുമതി നല്‍കണമെന്ന ന്യായമായ ആവശ്യത്തെപ്പോലും നിഷേധിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങളെത്തുടര്‍ന്ന് കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുപോലും പരീക്ഷയെഴുതാന്‍ അനുമതി ലഭിച്ചിട്ടുള്ള ചരിത്രമുള്ളപ്പോഴാണ് പ്രിന്‍സിപ്പാളിന്റെ പ്രതികാര നടപടി. ഇതിനിടെ മെയ് 10ലെ ഹൈക്കോടതി വിധി നിലനിര്‍ത്തി വന്ന ഹൈക്കോടതി ഉത്തരവിനെ ദുര്‍വ്യാഖ്യാനം നടത്തി പ്രിന്‍സിപ്പാളും ചില അധ്യാപകരും വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കാന്‍ തുടങ്ങി. അവസാനം സസ്പെന്‍ഡ് ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികളെക്കൂടി പുറത്താക്കി. വിശദീകരണം നല്‍കാനെത്തിയ ഇവരുടെ രക്ഷിതാക്കളെ അവഹേളിച്ചു.
ഇത്രയും വിദ്യാര്‍ത്ഥി ദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടും മൂന്ന് മാസത്തിനിടെ കലാലയത്തില്‍ ഒരു അനിഷ്ട സംഭവങ്ങളും അരങ്ങേറിയില്ല. പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എബിവിപി തിങ്കളാഴ്ച നടത്തിയ സമരത്തിനുനേരെ ചില അധ്യാപകര്‍ ആക്രമണമഴിച്ചുവിട്ടത് ആസൂത്രിതമായിട്ടായിരുന്നു. അജിത് പ്രസാദ്, മനോജ്, രമേശ്, രാധാകൃഷ്ണന്, സുദര്ശന് എന്നീ അധ്യാപകരാണ് പഠിപ്പ് മുടക്കിയ വിദ്യാര്‍ത്ഥികളെ തടയുകയം മര്‍ദ്ദിക്കുകയും ചെയ്തത്. ഇതില്‍ മാനോജും അജിത് പ്രസാദും വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു. മനോജിന്റെ പട്ടിക കൊണ്ടുള്ള അടിയേറ്റാണ് വിഷ്ണു എന്ന വിദ്യാര്‍ത്ഥിക്ക് തലയ്ക്ക് സാരമായി പരിക്കേറ്റത്. ഇതിനിടെയാണ് മുഖംമൂടി സംഘം കോളേജിന് ഒരു വശത്ത് പടക്കമെറിഞ്ഞത്. സ്ഥലത്തെത്തിയ പോലീസും അധ്യാപകര്‍ ചൂണ്ടിക്കാട്ടിയ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു. നിലത്തുവീണ വിദ്യാര്‍ത്ഥികളെ നിലത്തിട്ട് ചവിട്ടി. റിമാന്റിലായ തലയ്ക്ക് അടിയേറ്റ വിഷ്ണുവും നട്ടെല്ലിന് ക്ഷതമേറ്റ ജിനുവും കൈയ്ക്ക് പരിക്കേറ്റ അഖിലിനെയും ഇന്നലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കോളേജിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാന്‍ ചില അധ്യാപകരെ ഉപയോഗിച്ച് പ്രിന്‍സിപ്പാള്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസത്തെ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. പോലീസ് നടപടിയും ദുരൂഹതയുണര്‍ത്തുന്നുണ്ട്. യൂണിവേഴ്സിറ്റി കോളേജടക്കം എസ്എഫ്ഐ അടക്കിവാഴുന്ന പത്തിലധികം കലാലയങ്ങള്‍ ജില്ലയിലുണ്ടായിട്ടും അവിടെയൊന്നും ഉണ്ടാവാത്ത പോലീസ് നടപടിയും മര്‍ദ്ദനവുമാണ് കോളേജില്‍ അരങ്ങേറിയതെന്ന് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. എബിവിപി പ്രവര്‍ത്തകരായ സച്ചിനും വിശാലും കൊല്ലപ്പെട്ടിട്ടും തിരിഞ്ഞുനോക്കാത്ത ആഭ്യന്തര മന്ത്രിയുടെ തിരക്കുപിടിച്ച എംജി കോളേജ് സന്ദര്‍ശനവും പോലീസ് നടപടികളും ദുരൂഹത കൂട്ടുന്നതാണ്. ചില അധ്യാപകര്‍ ബാഹ്യശക്തികളുടെ പ്രേരണയോടെ എംജി കോളേജിലെ വിദ്യാര്‍ത്ഥി ഐക്യം തകര്‍ക്കാന്‍ സംഘടിത നീക്കം നടത്തിയിരുന്നു. അവര്‍ക്ക് സഹായവുമായി ചില ഇടത് നേതാക്കളും രംഗത്തെത്തി. പ്രിന്‍സിപ്പളിന്റെ മര്‍ക്കടമുഷ്ടി കൂടിയായപ്പോഴാണ് പ്രശ്നം ഗുരുതരമാക്കിയത്.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: