കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈക്കോടതി രജിസ്ട്രാര്‍(വിജിലന്‍സ്)ക്ക് പരാതി നല്കി. സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതാ എസ്. നായരുടെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള ഉത്തരവുമായി ബന്ധപ്പെട്ട് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെതിരെയാണ് കെ.സുരേന്ദ്രന് ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന് പരാതി നല്‍കിയത്.
ജൂലൈ 20ന് സരിതയെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണയ്ക്കെടുക്കുന്ന കൊച്ചിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. രഹസ്യമൊഴി നല്‍കണമെന്ന് സരിത ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി ഇന്‍ക്യാമറ നടപടിക്രമം ആരംഭിച്ചു. പ്രതി മജിസ്ട്രേറ്റിന് മൊഴി നല്കി. കോടതിയില്‍ എന്തു നടന്നെന്ന് പൊതുജനങ്ങള്‍ക്ക് അറിയില്ല. എന്നാല്‍ സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് നുണകളുടെ ഒരുകെട്ടാണ് പത്രങ്ങളില്‍ വന്നതെന്ന് പിന്നീട് മജിസ്ട്രേറ്റ് വ്യക്തമാക്കി. അന്ന് കോടതി സരിത പറഞ്ഞ കാര്യങ്ങളൊന്നും തന്നെ രേഖപ്പെടുത്തിയില്ല. കീഴ്ക്കോടതി എന്തുകൊണ്ട് മൊഴി രേഖപ്പെടുത്തിയില്ല എന്ന് മനസ്സിലാകുന്നില്ല.
പിന്നീട് മജിസ്ട്രേറ്റ് സരിതയോട് മൊഴി എഴുതി ജയില്‍ സൂപ്രണ്ടിന് നല്കാന് നിര്‍ദേശിച്ചു. ഇങ്ങനെ ജയിലില്‍ നിന്ന് ലഭിക്കുന്ന മൊഴിക്ക് നിയമസാധുത ഇല്ലെന്ന് സുരേന്ദ്രന് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ജൂലൈ 20ന് പ്രതിയായ സരിതയുടെ മൊഴി സമ്മര്‍ദ്ദങ്ങളില്ലാതെ തന്നെ രേഖപ്പെടുത്താമായിരുന്നു. എന്നാല്‍ അത് ചെയ്യാത്തത് ദുരൂഹമാണ്. മൊഴി രേഖപ്പെടുത്താത മജിസ്ട്രേറ്റിനെതിരെ നടപടി ആവശ്യപ്പെട്ടാണ് സുരേന്ദ്രന് ഹൈക്കോടതി രജിസ്ട്രാറെ (വിജിലന്‍സ്) സമീപിച്ചിരിക്കുന്നത്.
സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ നിന്ന് അഭിഭാഷകന് ഫെനി ബാലകൃഷ്ണനെ ഒഴിവാക്കിയിരുന്നു. ഈ നടപടി അസാധാരണമാണെന്ന് സുരേന്ദ്രന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ വൈകിപ്പിച്ചതു വഴി സ്വാധീനിക്കപ്പെടാനുള്ള അവസരമാണ് ഒരുക്കിയതെന്നും സുരേന്ദ്രന്റെ പരാതിയില്‍ ആരോപിക്കുന്നു.
നീതി ന്യായവ്യവസ്ഥയില്‍ സാധാരണക്കാരായ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ എസിജെഎമ്മിന് (ഇ.ഒ) എതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന് പരാതിയില്‍ ആവശ്യപ്പെടുന്നു. പരാതി രജിസ്ട്രാര്‍ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: