ന്യൂദല്‍ഹി: ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ ബിസിസിഐക്കെതിരെ രാഷ്ട്രീയക്കാരനായി മാറിയ മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ് ആഞ്ഞടിച്ചു. സ്വയം തങ്ങള്‍ നിയമത്തിന് അതീതരാണെന്നാണോ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ ധാരണയെന്ന് ആസാദ് ചോദിച്ചു.
വാതുവയ്പ്പ് കേസ് അന്വേഷിക്കാനായി നിയോഗിക്കപ്പെട്ട രണ്ടംഗ ബിസിസിഐസംഘം ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഉടമയും ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥന് മെയ്യപ്പനെയും രാജസ്ഥാന് റോയല്‍സ് സഹ ഉടമ രാജ് കുണ്ട്രയും നിരപരാധികളാണെന്ന് കണ്ടെത്തിയിരുന്നു. ഈ കേസില്‍ ബിസിസിഐ ആക്ടിംഗ് ചീഫ് ജഗ്മോഹന് ഡാല്മിയെയോ ശ്രീനിവാസനെയോ താന്‍ കുറ്റപ്പെടുത്തില്ല.
ബിസിസിഐയെ മറ്റൊരു ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനാക്കുന്നത് രാഷ്ട്രീയക്കാരാണ്. രാഷ്ട്രീയ ഇടപെടല്‍ മൂലം ഒളിമ്പിക്സ് അസോസിയേഷന് എന്തുസംഭവിച്ചെന്ന് നാം കണ്ടു? അതുതന്നെയാണ് ബിസിസിഐക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്, ആസാദ് പറഞ്ഞു.
ബിസിസിഐയെയും അടിയന്തരമായി വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്നും ആസാദ് ആവശ്യപ്പെട്ടു. ഇക്കാര്യം മുന്‍ കായിക മന്ത്രി അജയ് മാക്കന് പാര്‍ലമെന്റിലവതരിപ്പിച്ച സ്പോര്‍ട്സ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ബിസിസിഐയുമായി ബന്ധമുള്ള ക്യാബിനറ്റ് മന്ത്രിമാര്‍ അതിനെ എതിര്‍ത്തു.
തങ്ങളുടെ കണക്കുകള്‍ സ്വയം പരിശോധിക്കുകയാണെങ്കില്‍ പിന്നെ വിവരാവകാശ നിയമത്തിന് കീഴില്‍ വരുന്നതിനെ ബിസിസിഐ എന്തിന് ഭയക്കുന്നു, ആസാദ് ചോദിച്ചു.
ബിസിസിഐയുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കാന്‍ വിവരാവകാശ നിയമത്തിന് കീഴില്‍ അതിനെ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. താരങ്ങളെ മാത്രം കുറ്റക്കാരാക്കി ഒഫീഷ്യല്‍ രക്ഷപ്പെടുന്ന രീതിയെയും ആസാദ് വിമര്‍ശിച്ചു.
എന്തെങ്കിലും കുറ്റം സംഭവിച്ചാല്‍ താരങ്ങള്‍ക്ക് മാത്രമാണ് പിഴ ശിക്ഷ. ഒഫീഷ്യല്‍സ് നിരപരാധികളാണെന്ന് പ്രഖ്യാപിക്കും. ഇത് വെറും തരംതാഴ്ന്നതാണ്. വിവാദങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള കളിയാണ് ക്രിക്കറ്റ്. അതിന് കാരണം കളിക്കാരുടെ അത്യധ്വാനവും മികച്ച പ്രകടനവുമാണ്. ആസാദ് കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് എന്‍. ശ്രീനിവാസന്റെ മരുമകന് ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന് റോയല്‍സ് ഉടമ രാജ് കുണ്ട്രയ്ക്കുമെതിരായ അന്വേഷണ റിപ്പോര്‍ട്ട് ബിസിസിഐ പുറത്തുവിട്ടതില്‍ കേന്ദ്ര കായികമന്ത്രാലയം അതൃപ്തി രേഖപ്പെടുത്തി.
മെയ്യപ്പനെതിരായ ആരോപണത്തില്‍ പോലീസ് അന്വേഷണം കഴിയുന്നതിനു മുന്‍പ് ബിസിസിഐ ചാടിക്കയറി ഒരു നിഗമനത്തില്‍ എത്തരുതായിരുന്നുവെന്ന് കേന്ദ്ര കായിക സെക്രട്ടറി പി.കെ. ദേബ് പറഞ്ഞു.
ഇവരെ കുറ്റവിമുക്തരാക്കാനുള്ള അധികാരം ബിസിസിഐക്കുണ്ട്. എന്നാല്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ഹൈക്കോടതി ജഡ്ജിമാരായ ടി. ജയറാം ചൗതയും ആര്. ബാലസുബ്രഹ്മണ്യനും അടങ്ങുന്ന സമിതിയെയാണ് ബിസിസിഐ ഒത്തുകളി വിവാദം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്.
അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മെയ്യപ്പനും രാജ് കുണ്ട്രയ്ക്കുമെതിരേ തെളിവുകള്‍ ഇല്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് നിരഞ്ജന് ഷാ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: