കൊല്ലം: പാര്‍വതി മില്ലിലെ എട്ടുകോടിയോളം രൂപ വിലമതിക്കുന്ന യന്ത്രസാമഗ്രികള്‍ പൂര്‍ണമായും തമിഴ്‌നാട് ലോബി കടത്തി. ഇതിന് ഒത്താശ ചെയ്തുകൊടുത്ത മില്ലിലെ അഞ്ച് യൂണിയനുകള്‍ക്കായി അര ലക്ഷത്തോളം രൂപ കരാറുകാരന്‍ ‘ഉപഹാര’മായി നല്‍കി.
ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കഴിഞ്ഞ ഒരുമാസം കൊണ്ടാണ് ഇത്രയും യന്ത്രസാമഗ്രികള്‍ മില്ലിലെ സ്ഥിരം സംവിധാനങ്ങളില്‍ നിന്നും പൊളിച്ചെടുത്ത് രാത്രിക്ക് രാത്രി തമിഴ്‌നാട്ടിലേക്ക് കടത്തിയത്. ഇന്നലെ അവസാന ലോഡ് കമ്പനിയില്‍ നിന്നും പോയതായാണ് വിവരം. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ആക്രി മൊത്തക്കച്ചവടക്കാര്‍ക്ക് വേണ്ടി പ്രമുഖനായ ഒരു ഇടനിലക്കാരനാണ് പുതിയതും പഴയതുമായ ഒട്ടുമിക്ക യന്ത്രസാമഗ്രികളും നഗരഹൃദയത്തിലെ ഈ വ്യവസായശാലയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ടുപോകാനുള്ള പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാര്‍ത്തകളായി പുറത്തായതോടെ സംഭവം ഒതുക്കിതീര്‍ക്കാനും യന്ത്രങ്ങള്‍ അതിര്‍ത്തി കടത്തുന്നത് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് കോഴ നല്‍കിയത്.
നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന കൊല്ലം പാര്‍വതിമില്‍ നിശ്ചലമായിട്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയായി. കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള 16.49 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന മില്ലിന്റെ സ്ഥലം ഏതുവിധേനയും കൈക്കലാക്കുവാന്‍ ശ്രമിക്കുന്ന ഭൂമാഫിയയുടെ കരങ്ങളാണ് വര്‍ഷങ്ങളായി സ്ഥാപനം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍.
പാര്‍വതിമില്ലില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് 94 തൊഴിലാളികളാണ്. തൊഴിലില്ലായ്മയും വേതനക്കുറവും കാരണം മിക്കവര്‍ക്കും തുടര്‍ന്നുപോകാനാവാത്ത സ്ഥിതിവിശേഷമാണ്. കൊല്ലം ജില്ലയുടെ വ്യാവസായിക പ്രതാപത്തിന്റെ പ്രതീകമായ എഡി കോട്ടണ്‍മില്‍ എന്നറിയപ്പെട്ടിരുന്ന പാര്‍വതി മില്‍ 1884ല്‍ രാജഭരണകാലത്ത് വിശാഖം തിരുനാള്‍ മഹാരാജാവ് തുടക്കം കുറിച്ചതാണ്.
കൊല്ലത്തിന്റെ ചരിത്രരേഖകളില്‍ നിര്‍ണായകസ്ഥാനമുള്ള പാര്‍വതിമില്‍ അടച്ചുപൂട്ടി വന്‍സാധ്യതകളുള്ള പ്രദേശം റിയല്‍ എസ്റ്റേറ്റ് കമ്പോളത്തില്‍ വില്‍പന നടത്താനുള്ള ഗൂഢനീക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സംസ്ഥാനത്തെ മറ്റ് നാലു മില്ലുകളും പുനരുദ്ധാരണ പാക്കേജില്‍ ഉള്‍പ്പെട്ടപ്പോള്‍ പാര്‍വതിമില്‍ ഒഴിവാക്കപ്പെടുകയായിരുന്നു. നാലുവര്‍ഷം മുന്‍പ് നവീകരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിനുള്ള അവസരം മില്ലിന് നിഷേധിച്ചത്. വിജയമോഹിനി, കേരളലക്ഷ്മി, അളഗപ്പ തുടങ്ങിയ കേരളത്തിലെ മറ്റ് മില്ലുകളും ഇപ്പോള്‍ നവീകരണത്തിന്റെ പാതയിലാണ്. ഒരുവര്‍ഷം മുമ്പ് ടെക്സ്റ്റയില്‍സ് സഹമന്ത്രി പനമ്പകലക്ഷ്മിയുടെ മില്ലിലെ സന്ദര്‍ശനം പ്രതീക്ഷ നല്‍കിയതായിരുന്നു.
സ്ഥലം എംപി പീതാംബരക്കുറുപ്പ് മില്‍ നവീകരണത്തിനും പ്രവര്‍ത്തനത്തിനും വേണ്ടി നടപ്പാക്കാന്‍ പദ്ധതികള്‍ ഒന്നൊന്നായി വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. 1998ല്‍ പാര്‍വതിമില്‍ അടച്ചു പൂട്ടാന്‍ നീക്കം നടത്തിയപ്പോള്‍ യൂണിയനുകളുടെ ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് മില്‍ പുനരുദ്ധാരണ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ നാളിതുവരെയും മില്ലിന്റെ പ്രവര്‍ത്തനത്തിന് സഹായകമായ നിലപാടുകള്‍ ഉണ്ടായിട്ടില്ല.
എ. ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: