തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രതി സരിതാ എസ് നായര്‍ കോടതിയില്‍ നല്കിയ മൊഴിയില്‍ അടൂര്‍ പ്രകാശിന്റെ പേരുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് ഒഴിവാക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആവശ്യപ്പെട്ടെന്ന് സരിതയുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് പറഞ്ഞു.
കൂടാതെ കെ.സി.വേണുഗോപാലിന്റെ പേര് ഉണ്ടോയെന്നും ചോദിച്ചതായും ഫെനി പറഞ്ഞു. കോടതി ഉത്തരവുള്ളതിനാല്‍ ഇത്തരം കാര്യങ്ങള്‍ പങ്കു വയ്ക്കാനാവില്ലെന്ന് താന്‍ വെള്ളാപ്പള്ളിയോട് അറിയിച്ചെന്നും ഫെനി പറഞ്ഞു.
ഈ കേസില്‍ വെള്ളാപ്പള്ളിക്കുള്ള താല്പര്യം എന്താണെന്ന് അറിയില്ലെന്നും ഫെനി പറഞ്ഞു. തന്റെ വീട്ടില്‍ വന്ന് വെള്ളാപ്പള്ളിയുടെ ദൂതന് തന്റെ മൊബൈല്‍ നമ്പര്‍ വാങ്ങികൊണ്ട് പോയെന്നും പിന്നീട് തന്നെ കോടതിയിലായിരുന്നപ്പോള് വിളിച്ചിരുന്നെന്നും ഫെനി വെളിപ്പെടുത്തി.
തുഷാര്‍ വെള്ളാപ്പള്ളിയും ബിജുവുമായുള്ള ബന്ധവും അന്വേഷിക്കണമെന്നുഹം ഫെനി പറഞ്ഞു. സരിതയെ കാണാന്‍ അട്ടക്കുളങ്ങരയിലെ ജയിലിലെത്തിയെങ്കിലും അമ്മയെ മാത്രം കണ്ടാല്‍ മതിയെന്ന് സരിത പറഞ്ഞിരുന്നതിനാല്‍ കൂടിക്കാഴ്ചയ്ക്ക് ജയില്‍ അധികൃതര്‍ അനുവാദം നല്‍കിയില്ല.
എന്നാല്‍ സരിതയുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് തന്നോട് പറഞ്ഞ കാര്യങ്ങളാണ് വെളിപ്പെടുത്തിയതെന്ന് വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
രണ്ടു തവണ തന്റെ ഫോണില്‍ വിളിച്ചാണ് ഫെനി സംസാരിച്ചത്. അല്ലാതെ താന്‍ അങ്ങോട്ടു വിളിച്ചിട്ടില്ല.
കാര്യങ്ങള്‍ വെളിപ്പെടുത്തിയതിലുള്ള കുറ്റബോധം കൊണ്ടാകാം ഫെനി ഇപ്പോള്‍ നിലപാട് മാറ്റിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്ര സഹമന്ത്രി കെ.സി.വേണുഗോപാലിനെതിരെ ഇന്നലെ മാത്രമാണ് താന്‍ പ്രസ്താവന നടത്തിയത്.
രണ്ടു മാസമായി ഉറക്കം നഷ്ടപ്പെട്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയെങ്കില്‍ നേരത്തെ തന്നെ ഉറക്കം നഷ്ടമാകുന്ന എന്തെങ്കിലും കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ടാകാം. അതിന്റെ കുറ്റബോധം കൊണ്ടാകാം ഉറക്കം നഷ്ടപ്പെട്ടതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും അന്വേഷണം ആകാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: