മരട്: അനധികൃത പണമിടപാട് കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ലക്ഷങ്ങള്‍ കണ്ടെടുത്തു. മരടിലെ മൂന്ന് സ്വകാര്യ പണമിടപാടുകാരുടെ വീടുകളിലാണ് മരട് പോലീസ് പരിശോധന നടത്തിയത്. മുദ്രപ്പത്രങ്ങളും ബ്ലാങ്ക് ചെക്കുകളും പാസ്പോര്‍ട്ടും ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. മരട് തുണ്ടിപ്പറമ്പില്‍ സാബു (43), രഞ്ജിത്ത് (24) എന്നിവരെ മരട് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. മരടിലെയും മറ്റും ഏഴുപേരെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതികളിന്മേലാണ് പോലീസ് പരിശോധനയും അറസ്റ്റും.
വസ്തുവിന്റെ രേഖകളും മറ്റും കൈവശപ്പെടുത്തി കൊള്ളപ്പലിശക്ക് പണം കടം നല്കുന്ന കേന്ദ്രങ്ങളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. മരട് പ്രദേശത്ത് അമ്പതോളം അനധികൃത പണമിടപാട് കേന്ദ്രങ്ങളിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. മിക്ക സ്ഥാപനങ്ങള്‍ക്കും ലൈസന്‍സോ മറ്റ് അനുമതികളോ ഇല്ലെന്നാണ് സൂചന. മരട്, കുണ്ടന്നൂര്‍, നെട്ടൂര്‍, പനങ്ങാട് എന്നിവിടങ്ങളില്‍ വാഹന വില്‍പ്പനയുടെ മറവിലാണ് അനധികൃത പണമിടപാടുകാര്‍ പലിശസ്ഥാപനങ്ങള് നടത്തിവരുന്നത്.
പലിശക്കാരുടെ കുതന്ത്രങ്ങള്‍ അറിയാതെ ചതിയില്‍പ്പെട്ട് ഭൂമിയും സ്വത്തുക്കളും സ്വര്‍ണ്ണവും നഷ്ടപ്പെട്ടവര്‍ നിരവധി പരാതികളാണ് പോലീസില്‍ നല്‍കിയിരുന്നത്. തുടര്‍ന്നാണ് ഇത്തരം സ്ഥാപനങ്ങളില്‍ മരട് പോലീസ് ഇന്നലെ മിന്നല്‍ പരിശോധന നടത്തിയത്. ലക്ഷക്കണക്കിന് രൂപയുടെ കറന്‍സികള്‍ പരിശോധനയില്‍ കണ്ടെത്തി. മുദ്രപ്പത്രങ്ങഹ, പ്രോമിസറി നോട്ടുകള്‍, വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍, താക്കോല്‍, ഇടപാടുകാരുടെ ഒപ്പുള്ള ബ്ലാങ്ക് ചെക്കുകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍പ്പെടുന്നു.
രേഖകള്‍ക്ക് പുറമെ സ്വകാര്യ പണമിടപാടുകാര്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവയില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
പല സ്ഥാപനങ്ങള്‍ക്കും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. സ്വകാര്യ ബ്ലേഡുകാര്‍ നല്കുന്ന പണം ഭൂരിഭാഗവും കള്ളപ്പണമാണ്. പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുംവരെ കൊള്ളപ്പലിശക്കാരുമായി കൂട്ടുകച്ചവടം നടത്തുന്നുവെന്നതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തുനിന്നും ബ്ലേഡുകാര്‍ക്ക് കള്ളപ്പണം ഒഴുകിയെത്തുന്നതിന് പുറമെ സഹകരണബാങ്കുകളില്നിന്നുപോലും ഇവര്‍ക്ക് കോടികള്‍ മറിച്ച് നല്‍കുന്നുണ്ടെന്ന സൂചനയുമുണ്ട്. മരടില്‍നിന്നും പിടിച്ചെടുത്ത പണവും മറ്റും കോടതിയില്‍ ഹാജരാക്കും. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: