കൊച്ചി: കാറ്റിലുലഞ്ഞുവീണ് നാണക്കേടുണ്ടാക്കിയ കാറ്റാടി ഇനി വേണ്ടെന്ന് വിശാലകൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) തീരുമാനിച്ചു. കൊല്ലത്തെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസാണ് മറൈന്‍ഡ്രൈവിലെ വാക്ക്വേയിലെ വഴിവിളക്കുകള്‍ക്കായി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കാറ്റാടിയന്ത്രം സ്ഥാപിച്ച് പുലിവാലുപിടിച്ചത്. പതിനഞ്ചു വര്‍ഷത്തേക്ക് യാതൊരു അറ്റകുറ്റപണിയും ആവശ്യമില്ല എന്ന ഉറപ്പോടെ ഉയര്‍ത്തിയ കാറ്റാടി ആഘോഷപൂര്‍വം സ്വിച്ച്ഓണ്‍ ചെയ്ത് ഒരു രാവു കഴിയുമ്പോഴേക്കും നിലംപൊത്തി. വീണ്ടും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത്, നീളവും ലീഫുകളുടെ എണ്ണവും കുറച്ച് ഉറപ്പിച്ച പങ്ക പ്രവര്‍ത്തനക്ഷമമാകും മുന്‍പേ അടര്‍ന്നുവീണു.
കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിച്ചതായി ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍ പറഞ്ഞു. കാറ്റാടിയുടെ പങ്ക കമ്പനി അഴിച്ചുകൊണ്ടുപോയിരുന്നു. അവശേഷിച്ച പില്ലറും ഉടനെ മാറ്റാന്‍ നിര്‍ദേശം നല്‍കിയതായി ചെയര്മാന് പറഞ്ഞു. എന്നാല്‍ മറൈന്‍ഡ്രൈവിലും രാജേന്ദ്രമൈതാനത്തും കാറ്റാടിയന്ത്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തില്‍ നിന്നു പിന്നാക്കം പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള ചില കമ്പനികളുമായി ചര്‍ച്ച നടന്നുവരികയാണ്. അധികം താമസിയാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. മറൈന്‍ഡ്രൈവില്‍ നൂറോളം വഴിവിളക്കുകള്‍ തെളിക്കാനായിട്ടാണ് കാറ്റാടിയന്ത്രം സ്ഥാപിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ വൈദ്യുതി ഉപയോഗിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. കാറ്റാടി സ്ഥാപിച്ച വകയില്‍ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസിന് ഒരു പൈസ പോലും കൊടുത്തിട്ടില്ല. കാറ്റാടി സ്ഥാപിച്ച് വൈദ്യുതി ഉപയോഗിച്ചു തുടങ്ങിയാല്‍ മാത്രമേ പണം കൊടുക്കൂ എന്നാണു കരാറെന്നും അദ്ദേഹം വിശദീകരിച്ചു.
യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് കമ്പനി ഇതിനു മുന്‍പ് ഒരു കാറ്റാടിയന്ത്രവും സ്ഥാപിച്ചിട്ടില്ല. വേണ്ടത്ര പഠനം നടത്താതെയാണ് മറൈന്‍ഡ്രൈവില്‍ കാറ്റാടിയന്ത്രം വച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കൂടുതല്‍ അനുഭവസമ്പത്തുള്ള കമ്പനികളെ മാത്രമേ ഇനി പരിഗണിക്കുകയുള്ളുവെന്ന് എന്‍. വേണുഗോപാല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: