തിരുവനന്തപുരം: കവിയൂര്‍ പീഡനക്കേസില്‍ സിബിഐ ക്ക് കോടതിയുടെ വിമര്‍ശനം. അനഘയെ പീഡിപ്പിച്ചത് അച്ഛനാണെന്ന നിഗമനത്തില്‍ സിബിഐ എത്തിയത് മതിയായ അന്വേഷണം നടത്താതെയാണെന്ന് പ്രത്യേക സിബിഐ കോടതി നിരീക്ഷിച്ചു.
കവിയൂരിലെ നാരായണന്‍നമ്പൂതിരിയുടെ മകള്‍ അനഘയുടെ മരണം സംബന്ധിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രത്യേക സിബിഐ കോടതി അന്വേഷണ ഏജന്‍സിയെ വിമര്‍ശിച്ചത്. അനഘയെ അച്ഛന് പീഡിപ്പിച്ചുവെന്ന നിഗമനത്തില്‍ സിബിഐ എങ്ങനെ എത്തിയെന്നും കേസില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ എന്തുകൊണ്ട് തയാറായില്ലെന്നും കോടതി ചോദിച്ചു. അതിസമര്ഥരാകരുതെന്ന താക്കീതും അന്വേഷണസംഘത്തിന് കോടതി നല്കി. അനഘയെ അച്ഛന് നാരായണന് നമ്പൂതിരിയാണ് പീഡിപ്പച്ചതെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തലിനെ അതിനികൃഷ്ടമെന്ന് കോടതി വിശേഷിപ്പിച്ചു. ഈ നിഗമനത്തില്‍ എത്തിച്ചേരാന്‍ എങ്ങനെ സിബിഐക്ക് കഴിഞ്ഞുവെന്ന് ജസ്റ്റിസ് ആര്. രഘു ചോദിച്ചു.
അനഘയെ അച്ഛനാണ് പീഡിപ്പിച്ചതെങ്കില്‍ എന്തുകൊണ്ട് അനഘയുടെ ആത്മഹത്യകുറിപ്പില്‍ അത് പരാമര്‍ശിച്ചിട്ടില്ല. അനഘയുടെ ആത്മഹത്യാ കുറിപ്പ് ബലമായി എഴുതിച്ചാണോയെന്ന് പരിശോധിച്ചിട്ടുണ്ടോയെന്നും അന്വേഷണസംഘത്തോട് കോടതി ആരാഞ്ഞു. അനഘ മരിക്കുന്നതിന് മൂന്നു ദിവസം മുമ്പ് അനഘയുടെ വീട്ടില്‍ ആരും എത്തിയിട്ടില്ലെന്ന് സിബിഐ എങ്ങനെ കണ്ടെത്തി, ഈ സമയത്ത് അനഘയുടെ വീടിന്റെ പരിസരത്ത് പോലീസുകാരുടെ കാവല്‍ ഉണ്ടായിരുന്നോ എന്ന് കോടതി പരിഹസിച്ചു. അനഘയുമായി പരിചയമുണ്ടായിരുന്ന വീടിനുസമീപത്തെ മൂന്നു ചെറുപ്പക്കാരെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല. കോടതി പറഞ്ഞ കാര്യങ്ങള്‍ മാത്രം അന്വേഷിച്ചാല്‍ മതിയെന്നും അതിസാമര്‍ഥ്യം കാട്ടേണ്ടെന്നും സിബിഐയെ താക്കീത് ചെയ്തു.
റിപ്പോര്ട്ടിന്മേല് കോടതിക്ക് നിരവധി സംശയങ്ങളുണ്ട്. ആ സംശയങ്ങള്‍ക്കെല്ലാം സിബിഐ മറുപടി നല്‍കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി. എന്നാല്‍ കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് മതിയായ മറുപടി നല്കാന് സിബിഐ അഭിഭാഷകന് കഴിഞ്ഞില്ല. അന്വേഷണ ഉദ്യോഗസ്ഥനായ അഡീഷണല്‍ എസ്.പി നന്ദകുമാരന് നായര്‍ കോടതിയില്‍ ഹാജരായിരുന്നു. അടുത്തമാസം 27ന് കേസ് വീണ്ടും പരിഗണിക്കും.
ഇക്കഴിഞ്ഞ ഫിബ്രവരിയിലാണ് കേസില്‍ പുനരന്വേഷണം നടത്താന്‍ സിബിഐ കോടതി ഉത്തരവിട്ടത്. അനഘയെ അച്ഛന് നാരായണന് നമ്പൂതിരി പീഡിപ്പിച്ചുവെന്ന സിബിഐയുടെ കണ്ടെത്തല്‍ തള്ളിയ കോടതി കേസിലെ രാഷ്ട്രീയബന്ധം അന്വേഷിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. അനഘയുടെ അച്ഛന്റെ അനുജന് ഉണ്ണികൃഷ്ണന്‍നമ്പൂതിരി സമര്‍പ്പിച്ച പ്രത്യേക ഹര്‍ജിയിലായിരുന്നു ഉത്തരവ്. അച്ഛനായ നാരായണന് നമ്പൂതിരിയാണ് അനഘയെ പീഡിപ്പിച്ചതെന്നതായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. എന്നാലിത് തനിക്കും കുടുംബത്തിനും അപകീര്ത്തിയുണ്ടാക്കുന്നുവെന്ന് കാണിച്ചാണ് ഉണ്ണികൃഷ്ണന്‍നമ്പൂതിരി ഹര്‍ജി ഫയല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: