പെരുമ്പാവൂര്‍: വെങ്ങോലയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ പാറമട ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് പതിനായിരങ്ങള്‍ കണ്ണീരോടെ വിടനല്‍കി. പാറമട ഇടിഞ്ഞ് വീണ് വളയന്‍ചിറങ്ങര ചെറുകരക്കുടി വിജയന് (48), വളയന്‍ചിറങ്ങര ഈരോത്ത് സന്തോഷ് (42), നെല്ലാട് വീട്ടൂര്‍ കല്ലറയ്ക്കല്‍ മോഹനന് (49), ഒഢീഷ സ്വദേശി രാമാകാന്ത് പട്ടമാഹ്ജി (25) എന്നിവരാണ് മണ്ണിനും കല്ലിനും ഇടയില്‍ കുരുങ്ങി മരിച്ചത്. ഒന്നര ദിവസം നൂറോളം തൊഴിലാളികളും നിരവധി ജെസിബി, എസ്കവേറ്റര്‍ എന്നിവയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇവ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്നലെ രാവിലെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മോഹനന്, വിജയന്, സന്തോഷ് എന്നിവരുടെ മൃതദേഹങ്ങള്‍ അവരവരുടെ വീട്ടുവളപ്പിലും, രമാകാന്തിന്റെ മൃതദേഹം നാട്ടില്‍ നിന്നെത്തിയ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തൃക്കാക്കരയിലുള്ള പൊതുശ്മശാനത്തിലുമാണ് സംസ്കരിച്ചത്.
സന്തോഷ്, വിജയന് എന്നിവരുടെ മൃതദേഹങ്ങള്‍ വളയന്‍ചിറങ്ങര വമ്മല ക്ഷേത്രത്തോട് ചേര്‍ന്നുള്ള എസ്എന്‍ഡിപി ഹാളില്‍ രാവിലെ 9.10ന് പൊതു ദര്‍ശനത്തിന് വച്ചു. നാട്ടുകാരും, ബന്ധുക്കളും അടക്കം പതിനായിരങ്ങളാണ് ഇവരുടെ ചേതനയറ്റ ശരീരം അവസാനമായി ഒന്നുകാണാന്‍ എത്തിച്ചേര്‍ന്നത്. ആദരാഞ്ജലിയര്പ്പിക്കാനെത്തിയവരെ നിയന്ത്രിക്കുവാന്‍ സുഹൃത്തുക്കളും പോലീസും നന്നേ ബുദ്ധിമുട്ടി. രണ്ട് വരികളിലായി തിരിച്ചാണ് ഇവരെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. സ്ത്രീ പുരുഷഭേദമില്ലാതെ ഒന്നുനോക്കിയവരെല്ലാം പൊട്ടിക്കരയുകയായിരുന്നു. ഇവരുടെ സങ്കടത്തില്‍ പങ്ക് ചേരാനല്ലാതെ ആശ്വസിപ്പിക്കുവാന്‍ ആര്‍ക്കും സാധിച്ചില്ല. പൊതു ദര്‍ശനത്തിന് ശേഷം 10-15ന് രണ്ട് മൃതദേഹങ്ങളും വീടുകളിലേക്ക് കൊണ്ടുപോയി.
മോഹനന്റെ മൃതദേഹം വീട്ടൂരിലുള്ള വീട്ടിലാണ് പൊതുദര്‍ശനത്തിനായി വച്ചത്. ഇവിടെ ആയിരക്കണക്കിനാളുകള്‍ ആന്ത്യോപചാരമര്പ്പിക്കാനെത്തിയിരുന്നു. മൂന്ന് വീടുകളിലും കുറച്ച് സമയം മാത്രമാണ് മൃതശരീരങ്ങള്‍ വച്ചത്. അതുകൊണ്ട് വൈകിയെത്തിയ ആയിരങ്ങള്‍ക്ക് അവസാനമായി ഒന്നുകാണുവാന്‍ സാധിച്ചില്ല. വിജയന്റെ വീട്ടിലെത്തിച്ച മൃതദേഹത്തിനരികില്‍ നിന്ന് അമ്മ കല്യാണി മാറിയില്ല. ഇവരുടെ മകനെ നോക്കിയുള്ള കരച്ചില് കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. സന്തോഷിന്റെ മൃതദേഹം കണ്ടശേഷം കണ്ണുതുറക്കച്ചാ എന്ന വിളിയോടെ മകള്‍ അനഘയുടെ അലമുറയിട്ടുള്ള കരച്ചില് കരിങ്കല്ലിനേയും പിളര്‍ക്കുന്ന തരത്തിലായിരുന്നു. ഭര്‍ത്താവിന്റെ ചലനമറ്റ ശരീരം കണ്ടമാത്രയില്‍ ഭര്യ ഷിജി ബോധം കെട്ട് വീണു. ഇവരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
10.30ന് മോഹനന്റെ മൃതദേഹം ആചാരപ്രകാരം സംസ്കരിച്ചു. അനുജന് ചന്ദ്രനാണ് ചിതക്ക് തീകൊളുത്തിയത്. സന്തോഷിന്റെ മൃതദേഹം 10.50ന് വീട്ടുമുറ്റത്ത് ചിതയൊരുക്കി സംസ്കരിച്ചു. മകന് അനന്തു ചിതക്ക് തീകൊളുത്തി. 11.10നാണ് വിജയന്റെ മൃതദേഹം അഗ്നിക്ക് സമര്‍പ്പിച്ചത്. മക്കളായ വിനയ്, വിശാഖ എന്നിവര്‍ ചേര്‍ന്നാണ് ചിതക്ക് തീകൊളുത്തിയത്. വളയന്‍ ചിറങ്ങരയില്‍ പൊതുദര്‍ശനത്തിന് വച്ച വിജയന്, സന്തോഷ് എന്നിവരുടെ മൃതദേഹങ്ങളില്‍ ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വി.ജി.ശശികുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് എം.ജി.ഗോവിന്ദന്‍കുട്ടി, എസ്എന്‍ഡിപി യോഗം കുന്നത്തുനാട് താലൂക്ക് യൂണിയന് ഭാരവാഹികളായ കെ.കെ.കര്ണ്ണന്, എ.ബി.ജയപ്രകാശ് എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. കുന്നത്തുനാട് പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ലോഹിതാക്ഷന് അവസാന സലൂട്ട് നല്കി.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ്, കെ.അജിത്കുമാര്‍, കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് വിജയന്, ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു, അഡ്വ.കെ.ആര്.രാജഗോപാല്‍, എം.പി.അപ്പു, ഇ.ജി.മനോജ്, കേശുനായര്, എന്‍എസ്എസ് മേഖലാ കണ്‍വീനര്‍ സി.പി.ഗോപാലകൃഷ്ണന്, എംഎല്‍എ മാരായ സാജുപോള്‍, വി.പി.സജീന്ദ്രന്, ബ്ലോക്ക് പ്രസിഡന്റുമാരായ റെജി ഇട്ടുപ്പ്, സി.കെ.അയ്യപ്പന്‍കുട്ടി, രഹന്‍രാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ.സോമന്, എം.എം.അവറാന്, പുല്ലുവഴി ജയകേരളം ഹയര്‍സെക്കന്ററി സ്കൂള്‍, വളയന്‍ചിറങ്ങര ഹയര്‍സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും, ഐരാപുരം സരസ്വതി വിദ്യാനികേതന്‍ സ്കൂള്‍ മാനേജര്‍, ആര്‍എസ്എസ് താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഷിബിന്‍ തുടങ്ങിയവര്‍ മരണമടഞ്ഞവരുടെ വസതികളിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: