ഹരാരെ: വിജയ പരമ്പര തുടരാന്‍ ഇന്ത്യ ഇന്ന് വീണ്ടും ഇറങ്ങുന്നു. സിംബാബ്വെക്കതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ രണ്ടാം പോരാട്ടത്തിനാണ് ഇന്ന് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കിയ ടീം ഇന്ത്യ മികച്ച ആത്മവിശ്വാസത്തിലാണ്.
കഴിഞ്ഞ ദിവസം നടന്ന ആദ്യ പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പിന്തുണ നല്കിയ പിച്ചില്‍ ക്ഷമയോടെ ബാറ്റ് ചെയ്ത കോഹ്ലി സെഞ്ച്വറി നേടിയിരുന്നു. അരങ്ങേറ്റതാരം അമ്പാട്ടി റായിഡുവും അര്‍ദ്ധസെഞ്ച്വറി കരസ്ഥമാക്കിയിരുന്നു. ഇരുവരുടെയും മികച്ച പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ക്യാപ്റ്റന്‍ ധോണിയടക്കമുള്ള മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് യുവനിരയെയാണ് ടീം ഇന്ത്യ സിംബാബ്വെ പര്യടനത്തിനെത്തിയിരുന്നത്. എന്നാല്‍ മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ കോഹ്ലി അവസരത്തിനൊത്തുയര്‍ന്നതാണ് ഇന്ത്യക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. കഴിഞ്ഞ 13 മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.
പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് സിംബാബ്വെ. ഓപ്പണര്‍മാരായ സിക്കന്ദര്‍ റാസയും സിബാന്‍ഡയും മികച്ച ഫോമിലാണ് ആദ്യ മത്സരത്തില്‍ ബാറ്റ്വീശീയത്. ഒപ്പം ചിഗുംബരയും മികച്ച ബാറ്റിംഗ് നടത്തിയിരുന്നു. ഇവര്‍ക്കൊപ്പം ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ്ലറും സീന്‍ വില്ല്യംസും ഹാമില്‍ട്ടണും അവസരത്തിനൊത്തുയര്‍ന്നാല്‍ അവര്‍ക്ക് പ്രതീക്ഷക്ക് വകയുണ്ട്. മികച്ച ബൗളിംഗ്നിരയും സിംബാബ്വെക്കുണ്ട്. കഴിഞ്ഞ മത്സരത്തില്‍ മൂന്ന് പന്തിനിടെ വിരാട് കോഹ്ലിയെയും സുരേഷ് റെയ്നയെയും മടക്കിയ പ്രോസ്പര്‍ ഉത്സേയ മികച്ച പ്രകടനമാണ് നടത്തിയത്. എന്തായാലും വിജയം തുടരാന്‍ ഇന്ത്യയും തിരിച്ചുവരവിനായി സിംബാബ്വെയും കൊമ്പുകോര്‍ക്കുന്നതോടെ മത്സരം ആവേശകരമായിത്തീരുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: