മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിനെ കീഴടക്കാന്‍ കരുത്തരായ ബാഴ്സലോണക്ക് ഇനിയും കാത്തിരിക്കണം. കഴിഞ്ഞ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ദ്വിപാദ സെമിഫൈനലില്‍ 7-0ന്റെ തോല്‍വി ഏറ്റുവാങ്ങിയ ബാഴ്സലോണ ഇന്നലെ പുലര്‍ച്ചെ നടന്ന സൗഹൃദ പോരാട്ടത്തിലും തോല്‍വി രുചിച്ചു. അലയന്‍സ് അരീനയില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മുന്‍ ബാഴ്സ കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ ബയേണ്‍ മ്യൂണിക്കിനോട് കറ്റാലന്‍ പട കീഴടങ്ങിയത്.
14-ാം മിനിറ്റില്‍ പ്രതിരോധനിരയിലെ കരുത്തന് ഫിലിപ്പ് ലാമും 86-ാം മിനിറ്റില്‍ മരിയോ മാന്‍സുകിച്ചുമാണ് ബയേണിന്റെ ഗോളുകള്‍ നേടിയത്. സാവി, ആന്ദ്രെ ഇനിയേസ്റ്റ, യുവ സൂപ്പര്‍താരം ബ്രസീലിന്റെ നെയ്മര്‍ തുടങ്ങിയ മുന്‍നിര താരങ്ങളില്ലാതെയാണ് ബാഴ്സലോണ കളിക്കാനിറങ്ങിയത്.
രണ്ടാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഒരു അവസരം പാഴാക്കുന്നതുകണ്ടാണ് മത്സരം തുടങ്ങിയത്. എന്നാല്‍ 13-ാം മിനിറ്റില്‍ ബയേണ്‍ മുന്നിലെത്തി. ഫ്രാങ്ക് റിബറി നല്കിയ അളന്നുമുറിച്ച ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ഫിലിപ്പ് ലാം ബാഴ്സ വല കുലുക്കി. ഗോള്വഴങ്ങിയശേഷം ബാഴ്സലോണ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സമനില ഗോള്‍ മാത്രം പിറന്നില്ല. ആദ്യപകുതിയില്‍ ബാഴ്സലോണ 1-0ന് പിന്നിലായിരുന്നു.
രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച ഫുട്ബോള്‍ കാഴ്ചവെച്ചു. ആക്രമണ-പ്രത്യാക്രമണം കൊണ്ട് ആവേശകരമായ മത്സരത്തില്‍ പക്ഷേ ഗോളുകള്‍ മാത്രം വിട്ടുനിന്നു. ഒടുവില്‍ മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ബാക്കിനില്‍ക്കേ ക്രൊയേഷ്യന്‍ താരം മരിയോ മാന്‍സുകിച്ചിലൂടെ ബയേണ്‍ വീണ്ടും ബാഴ്സ വല കുലുക്കി. ഡീഗോ കോണ്ടെന്റോയുടെ പാസില്‍ നിന്നാണ് മരിയോ ഗോള്‍ നേടിയത്.
പുതിയ കോച്ചായി ജെറാര്‍ഡോ മാര്‍ട്ടിനോ ചാര്‍ജെടുക്കുന്നതിന് തൊട്ടു മുമ്പ് നടന്ന മല്‍സരത്തില്‍ പഴയ കോച്ച് ടിറ്റോ വിലനോവയുടെ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ജോര്‍ഡി റൗറയുടെ തന്ത്രങ്ങളുമായിട്ടായിരുന്നു ബാഴ്സിലോണ കളത്തിലെത്തിയത്.
ബാഴ്സലോണക്കൊപ്പം നിന്ന നാല് വര്‍ഷത്തിനിടയില്‍ അവര്‍ക്ക് 13 ട്രോഫികള്‍ സമ്മാനിച്ച പെപ് ഗ്വാര്‍ഡിയോള കഴിഞ്ഞ വര്‍ഷമാണ് സ്പെയിന് വിട്ടത്. ഈ സീസണില്‍ ബയേണിലുമെത്തി. ഗ്വാര്‍ഡിയോളക്ക് കീഴിലെ ആദ്യ മല്‍സരം തന്നെ ജയിച്ച ബയേണ്‍ ശനിയാഴ്ച സീരിയസ് കളിയിലേക്ക് നീങ്ങും. ജര്‍മ്മന്‍ സൂപ്പര്‍കപ്പില്‍ ബൊറൂസിയ ഡോര്ട്ട്മുണ്ടിനെതിരേയാണ് ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: