വാഷിംഗ്ടണ്‍: പാക്കിസ്ഥാനിലെ താലിബാന്റെ സുരക്ഷിത താവളങ്ങള്‍ നീക്കാതെ ഭീകരത തുരത്താനാകില്ലെന്ന് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ്.
അഫ്ഗാനിസ്ഥാന്റെ സുഗമമായ പരിവര്‍ത്തനത്തിനായി കൂടുതല്‍ ഉത്തരവാദിത്തത്തോടെ പാക്കിസ്ഥാന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ രാജ്നാഥ് സിംഗ് അഫ്ഗാന് പ്രശ്്നത്തെക്കുറിച്ച് കാപ്പിറ്റോള്‍ ഹില്ലില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു. നാറ്റോ സൈന്യം അഫ്ഗാനിസ്ഥാന് വിടുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്ന വര്‍ഗീയശക്തികളെ പാക് സൈന്യത്തില്‍നിന്നും ഐഎസ്ഐയില്‍ നിന്നും തുരത്താനുള്ള ആര്‍ജ്ജവം പുതിയഭരണകൂടം കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മനോഭാവത്തില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലാത്ത താലിബാനുമായി നടത്തുന്ന ചര്‍ച്ച പ്രയോജനരഹിതമാകാനാണ് സാധ്യതയെന്ന് അദ്ദേഹം അമേരിക്കക്ക് മുന്നറിയിപ്പ് നല്കി. അഫ്ഗാനിസ്ഥാന്റെ നേതൃത്വത്തിലും നിയന്ത്രണത്തിലുമുള്ള പരിവര്ത്തനപ്രവര്ത്തനങ്ങളെയാണ് ഇന്ത്യ പിന്തുണയ്ക്കുന്നതെന്നും രാജ്നാഥ്സിംഗ് വ്യക്തമാക്കി.
മതമൗലികവാദികളായ താലിബാനികള്‍ നാറ്റോക്കും അഫ്ഗാന്ഭരണകൂടത്തിനും മാത്രമല്ല നാശനഷ്ടങ്ങളുണ്ടാക്കുന്നതെന്നും ബലൂചികള്‍ക്കും മറ്റ് പാക്കിസ്ഥാനികള്‍ക്കും ഇവര്‍ കനത്ത ഭീഷണിയാണെന്ന കാര്യം മറക്കരുതെന്നും ബിജെപി അധ്യക്ഷന്‍ പാക്കിസ്ഥാനെ ഓര്‍മ്മിപ്പിച്ചു. താലിബാന് ഭീകരരില്‍നിന്നും മതമൗലവികവാദികളില്നിന്നും ബലൂചിലെ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ അന്താരാഷ്ട്ര സമൂഹം ചര്‍ച്ചചെയ്യേണ്ടതാണെന്നും സിംഗ് ചൂണ്ടിക്കാട്ടി.
അസഹിഷ്ണതയുടെ വേരില്‍ നിന്ന് വളരുന്ന താലിബാന്റെ ക്രൂരതകള്‍ക്ക് അതിരില്ലെന്ന് ഓര്‍മ്മിപ്പിച്ച രാജ് നാഥ് സിംഗ് ഉത്തര്‍പ്രദേശില്‍ കുശി നഗറില്‍ താലിബാന് തകര്‍ത്ത ബമിയന്ബുദ്ധപ്രതിമ പുനര്‍നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടു. ജമ്മു കാശ്മീരില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തുന്ന കയ്യേറ്റശ്രമങ്ങളും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. ഗില്‍ഗിത് ബല്‍തിസ്ഥാനില്‍ ജനങ്ങള്‍ ക്രുരമായ മനുഷ്യാവകാശ ലംഘനങ്ങള്നേരിടുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: