തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനം ഹൈക്കോടതി ഉന്നയിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരുനിമിഷംപോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. കഴിഞ്ഞ ഒന്നരമാസത്തോളമായി നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും സംശയങ്ങളുമാണ് ഹൈക്കോടതിയും ഉന്നയിച്ചിരിക്കുന്നത്.
കേരളത്തിലെ ഒരു സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നേരിടേണ്ടിവന്നിട്ടില്ലാത്ത കനത്തപ്രഹരമാണ് ഹൈക്കോടതി സര്‍ക്കാരിന് ഏല്‍പ്പിച്ചിരിക്കുന്നതെന്നും വി.എസ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. തട്ടിപ്പുകേസില്‍ മന്ത്രി അടൂര്‍പ്രകാശിന്റെ പങ്കു പുറത്തുവന്നതിനെപ്പറ്റിയുള്ള ചോദ്യത്തിനു മറ്റു വാദ്യങ്ങളൊക്കെ ചെണ്ടയ്ക്കു താഴെയാണെന്നും മുഖ്യമന്ത്രിയാണ് കുറ്റക്കാരില്‍ പ്രധാനിയെന്നും വി.എസ് മറുപടി നല്കി.
സലിം രാജിനെയും ജിക്കുമോനെയും പാവം പയ്യനെയും അറസ്റ്റ് ചെയ്യണമെന്നും അവരുടെ ധനസ്രോതസ് അന്വേഷിക്കണമെന്നും താന്‍ ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പുകേസില്‍ പ്രതിയായ സരിതയെ വിളിച്ചതിന്റെ ന്യായം തന്റെ ഭാര്യയെ മാത്രം ബോധിപ്പിച്ചാല്‍ മതിയെന്നായിരുന്നു ധാര്‍ഷ്ട്യത്തോടെയുള്ള ജിക്കുമോന്റെ പ്രതികരണം. എന്നിട്ടും ജിക്കുമോനെ ചോദ്യംചെയ്യുന്ന കാര്യംപോലും ഐപിഎസ് റാങ്കിനു നാണക്കേടായ ഉദ്യോഗസ്ഥന്മാര് ഇതുവരെ പരിഗണിച്ചിട്ടില്ല.
ഇവരെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും കുടുങ്ങുമെന്ന കാര്യം ഉറപ്പാണ്. അതൊഴിവാക്കാനാണ് എഡിജിപി എ. ഹേമചന്ദ്രന് നാണംകെട്ട നടപടികള്‍ സ്വീകരിക്കുന്നത്. സരിതയ്ക്ക് ഫാഷന്‍ പരേഡ്, ജോപ്പന് സുഖചികിത്സ, ബിജു രാധാകൃഷ്ണന് പ്രണയലേഖനം, ശാലുവിന് റിയാലിറ്റി ഷോ എല്ലാം പോലീസ് ചെലവില്‍ അരങ്ങേറുകയാണ്. അപമാനിതനായി മുഖ്യമന്ത്രിക്കസേരയില്‍ ചടഞ്ഞുകൂടിയിരിക്കാതെ ഉടന്‍ രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേരളത്തെ നാണക്കേടിന്റെ ചെളിക്കുണ്ടില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി അവസരമൊരുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: