കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയും ഓഫീസും കേന്ദ്രീകരിച്ച് വന്‍ ഭൂമിതട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതായി ബിജെപി ആരോപിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലിംരാജിന്റെ നേതൃത്വത്തില്‍ 225 കോടി രൂപയുടെ ഭൂമിതട്ടിപ്പിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വസതിയും ടെലിഫോണും മറ്റ് ഔദ്യോഗിക സംവിധാനങ്ങളുമെല്ലാം ഉപയോഗപ്പെടുത്തി സലിംരാജ് നടത്തുന്ന തട്ടിപ്പുകള്‍ക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും നടപടിയെടുക്കാന്‍ കൂട്ടാക്കാത്തത് ദുരൂഹമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കൊച്ചിയിലും തിരുവനന്തപുരത്തുമായി 225 കോടി രൂപയുടെ അനധികൃത ഇടപാടുകളാണ് നടക്കാന്‍ പോകുന്നത്. ഇതിനെതിരെ റവന്യൂമന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെട്ടവര്‍ പരാതി നല്‍കിയിട്ടും നടപടി വൈകുന്നത് മുഖ്യമന്ത്രിയുടെ വീട്ടിലെ സമ്മര്‍ദ്ദം മൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് കടകംപിള്ളി വില്ലേജില്‍ 44.5 ഏക്കര്‍ ഭൂമിയും കൊച്ചിയില്‍ ഇടപ്പള്ളിക്ക് സമീപം പത്തടിപ്പാലത്ത് സ്വകാര്യവ്യക്തിയുടെ 1.16 ഏക്കര്‍ ഭൂമിയുമാണ് കൃത്രിമ തണ്ടപ്പേരുണ്ടാക്കിയും വ്യാജരേഖകള്‍ ചമച്ചും സലിംരാജും അളിയന് അബ്ദുള്‍ മജീദും ചേര്‍ന്ന് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. ഇതിന് ചില വില്ലേജ്, താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയാണ്. കടകംപിള്ളിയിലെ 44.5 ഏക്കര്‍ ഭൂമിയില്‍ ഒന്നര ഏക്കര്‍ സ്ഥലം 3587 എന്ന കള്ളത്തണ്ടപ്പേരുണ്ടാക്കി അനധികൃതമായി വിറ്റിട്ടുണ്ട്. ഇതിന്റെ പേരില്‍ വില്ലേജ് ഒാഫീസറായിരുന്ന സുബ്രഹ്മണ്യന് പിള്ളയെ സസ്പെന്റ് ചെയ്യുകയുമുണ്ടായി. കടകംപിള്ളിയില് 200 കോടിയുടെയും ഇടപ്പള്ളിയില്‍ 25 കോടിയുടെയും ഭൂമി തട്ടിപ്പിന് മുഖ്യമന്ത്രിയുടെ കുടുംബത്തിന് വ്യക്തമായ പങ്കുണ്ടെന്ന് എ.എന്‍. രാധാകൃഷ്ണന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: