ബാഴ്സലോണ: അര്‍ബുദബാധയെ തുടര്‍ന്ന് പരിശീലക സ്ഥാനം ഉപേക്ഷിച്ച ടിറ്റോ വിലനോവക്ക് പകരക്കാരനായി മുന്‍ പരാഗ്വെ പരിശീലകനും അര്‍ജന്റീനക്കാരനുമായ ജെറാര്‍ഡോ മാര്‍ട്ടിനോയെ ബാഴ്സലോണ നിയമിച്ചു. രണ്ട് വര്‍ഷത്തെ കരാറാണ് ബാഴ്സ മാര്ട്ടിനോയുമായി ഒപ്പുവെച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിലനോവ ബാഴ്സയുടെ പരിശീലക സ്ഥാനം രാജി വെച്ചത്. അപ്പോള്‍ തന്നെ ബാഴ്സ പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ബാഴ്സയുടെ സൂപ്പര്‍താരം മെസ്സിയുടെ സ്വന്തം നാടായ അര്‍ജന്റീനയിലെ റൊസാരിയോയില്‍ നിന്നുമാണ് മാര്‍ട്ടീനോയും വരുന്നത്. തന്റെ പഴയ ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിനെ കോപ്പാ ലിബര്‍ട്ടഡോസ് കാപ്പില്‍ സെമിയില്‍ എത്തിച്ച മാര്‍ട്ടിനോ കൂടുതല്‍ ശോഭിച്ചത് പരാഗ്വേയിലായിരുന്നു.
അവിടെ നാല് കിരീടങ്ങളിലാണ് വിവിധ ക്ലബ്ബുകള്‍ക്കൊപ്പം മിന്നിയത്. പിന്നീട് പരാഗ്വേയുടെ ചുമതല ഏറ്റെടുത്ത മാര്‍ട്ടിനോ 2010 ലോകകപ്പില്‍ പരാഗ്വെയെ ക്വാര്‍ട്ടര്‍ ഫൈനലിലും 2011ലെ കോപ്പാ അമേരിക്കയില്‍ ഫൈനലില്‍ എത്തിക്കുകയും ചെയ്തിരുന്നു.
നേരത്തെ വിലനോവക്ക് പകരം ബയേണ്‍ മ്യൂണിക്കിന് കഴിഞ്ഞ സീസണില്‍ ഹാട്രിക് കിരീടം സമ്മാനിച്ച പരിശീലകന് ജുപ് ഹെയ്ന്കെസിനെ പരിശീലകനാക്കാനുള്ള ബാഴ്സലോണയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. ഹെയ്ന്കെസിന് പുറമെ ലൂയിസ് ഹെന്റിക്, ടോട്ടനം കോച്ച് ആന്ദ്രെ വിലാസ് ബോസ്, സ്വാന്‍സീ കോച്ച് മൈക്കല്‍ ലോഡ്രുപ്, ഗസ് ഹിഡിങ്ക് എന്നിവരെയും ബാഴ്സലോണ നോട്ടമിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: