തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പ്രധാന മുഖമുദ്ര അഴിമതിയായി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് പ്രകാശ് ജാവ് ഡേക്കര്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.അഴിമതി കോണ്‍ഗ്രസ് സംസ്കാരമായി മാറി. പഞ്ചഭൂതങ്ങളിലും കോണ്‍ഗ്രസ് അഴിമതി നടത്തുകയാണ്. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ആരോഗ്യ സേവനരംഗത്തും അഴിമതി നടക്കുകയാണ്. 108 ആംബുലന്‍സ് അഴിമതി അതാണ് വ്യക്തമാക്കുന്നത്. കേന്ദ്രമന്ത്രിയുടെ മകനടക്കം ഉള്‍പ്പെട്ട വലിയ അഴിമതിയാണിത്. രാജസ്ഥാനിലും സിഗിത്സ കമ്പനി അഴിമതി നടത്തിയിട്ടുണ്ട്. ഈ അഴിമതി വിഷയം ബിജെപി ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരും.
മാധ്യമങ്ങള്‍ക്കെതിരെ കെ.സി. ജോസഫ് നടത്തിയ പ്രസ്താവന ശരിയല്ല. സ്വയം പ്രതിരോധിക്കാനാവാതെ വരുമ്പോള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. സോളാര്‍ അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് കലാപത്തിനുശേഷമാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്ന കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദിന്റെ പ്രസ്താവന അബദ്ധ ജടിലവും തരംതാണതുമാണ്. സിമിയെ നിരോധിച്ചശേഷം പേരുമാറ്റി പ്രവര്‍ത്തിക്കുന്ന, പാകിസ്ഥാന് ഐഎസ്ഐ സ്പോണ്സര് ചെയ്യുന്ന സംഘടനയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍. ഇന്ത്യയിലെ ആഭ്യന്തര തീവ്രവാദി പ്രസ്ഥാനം എന്ന നിലയില്‍ കാണണമെന്ന പാകിസ്ഥാന് താല്പര്യം മൂലമാണ്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന പേരില്‍ അവര്‍ പ്രവര്‍ത്തിക്കുന്നത്. പാകിസ്ഥാന് തീവ്രവാദത്തെ ന്യായീകരിക്കുന്നതുപോലെ ബിജെപിയെ എതിര്‍ക്കുക എന്ന അജണ്ടവച്ച് കോണ്‍ഗ്രസ് തീവ്രവാദത്തെ ന്യായീകരിക്കുന്നത് ഖേദകരമാണ്. രാജ്യസുരക്ഷയ്ക്ക് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറണം.
മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആര്‍എസ്എസ് നിര്‍ദ്ദേശിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ല. ആര്‍എസ്എസും ബിജെപിയും ഒരേആദര്ശത്തിലധിഷ് ഠിതമായി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. രണ്ടുസംഘടനകള്ക്കും അവരുടേതായ പ്രവര്ത്തനപദ്ധതികളുണ്ട്. അനൗദ്യോഗികമായ ആശയവിനിമയം സംഘടനകള്‍ തമ്മിലുണ്ടാവുക സ്വാഭാവികമാണ്. നരേന്ദ്രമോദിക്കുവേണ്ടി രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ജനങ്ങളുടെ സമ്മര്‍ദ്ദമുണ്ടായിരുന്നു. അഴിമതി രഹിതനായ, മികച്ച ഭരണകര്‍ത്താവെന്ന മുഖമുദ്ര അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയിലുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാന്‍ നിയോഗിക്കപ്പെട്ടത്. 2014 തെരഞ്ഞെടുപ്പ് മോദിയുടെ നേതൃത്വത്തില്‍ നേരിടും. ബിജെപി ഏതുസമയവും തിരഞ്ഞെടുപ്പ് നേരിടാന്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: