അറ്റ്ലാന്റ: കോണ്‍കാകാഫ് ഗോള്കപ്പ് ഫുട്ബോ ള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സെമിയില്‍ പനാമയും മെക്സിക്കോയും ഏറ്റുമുട്ടും. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പനാമ മറുപടിയില്ലാത്ത ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ക്യൂബയെയും മെക്സിക്കോ 1-0ന് ട്രിനിഡാഡ് ആന്റ് ടുബാഗോയെയും കീഴടക്കിയാണ് സെമിയിലേക്ക് കുതിച്ചത്.
പനാമക്കെതിരായ മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് ക്യൂബയായിരുന്നു. 21-ാം മിനിറ്റില്‍ ജോസ് അല്ഫോണ്സോയിലൂടെയാണ് ക്യൂബ മുന്നിലെത്തിയത്. നാല് മിനിറ്റിനുശേഷം ഗബ്രിയേല്‍ ടോറസിലൂടെ പനാമ സമനില പിടിച്ചു. അവര്‍ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ടോറസ് സമനില ഗോള്‍ നേടിയത്. പിന്നീട് 37-ാം മിനിറ്റില്‍ ടോറസ് തന്നെ ടീമിന് ലീഡ് നേടിക്കൊടുത്തു. ആദ്യ പകുതിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയികള്‍ മുന്നിട്ടുനിന്നു.
രണ്ടാം പകുതി ആരംഭിച്ച് 23 മിനിറ്റിനുശേഷമാണ് പനാമ ലീഡ് ഉയര്‍ത്തിയത്. 68-ാം മിനിറ്റില്‍ ഗബ്രിയേല്‍ റോഡ്രിഗസാണ് പനാമയുടെ ലീഡ് ഉയര്‍ത്തിയത്. പിന്നീട് 78, 88 മിനിറ്റുകളില്‍ ബ്ലാസ് പെരസും 85-ാം മിനിറ്റില്‍ ജെയ്റോ ജിമിനെസും പനാമയുടെ ഗോളുകള്‍ നേടി.
രണ്ടാം സെമിഫൈനലില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം മത്സരത്തിന്റെ 84-ാം മിനിറ്റില്‍ റൗള്‍ ജിമിനെസ് നേടിയ ഏക ഗോളിനാണ് മെക്സിക്കോ ട്രിനിഡാഡ് ടുബാഗോയെ പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: