പെരുമ്പാവൂര്‍: പെരിയാര്‍ ഇന്നും പതിവുപോലെ ചേലാമറ്റം വല്ലം പ്രദേശങ്ങള്‍ക്കിടയിലൂടെ പടിഞ്ഞാറ് നിന്നും കിഴക്കോട്ട് ഒഴുകുകയാണ്. ഉദയസൂര്യനെ നോക്കിയൊഴുകുന്ന പുണ്യ നദിക്കരയില്‍ അറുപത്തിയേഴ് വര്‍ഷത്തെ പെരുമ്പാവൂര്‍ പ്രദേശത്തിന്റെ പെരുമയും ജീവനാഡിയും ആയി പ്രവര്‍ത്തിച്ചിരുന്ന ട്രാവന്‍കൂര്‍ റയോണ്സെന്ന വ്യവസായ ഭീമന് ഇന്ന് അസ്തമയം കാത്ത് കിടക്കുകയാണ്. ഭാരതത്തിലെ ആദ്യ കൃത്രിമ പട്ടുനൂല്‍ ഉദ്പാദന കേന്ദ്രമായി 1946ല്‍ പെരിയാറിന്റെ തീരത്ത് അനുഗ്രഹം ചൊരിഞ്ഞ് വിരാചികുന്ന ശ്രീമഹാദേവന്റെ സന്നിധിയില്‍ ഉയര്‍ന്ന സ്ഥാപനമാണ് ട്രാവന്‍കൂര്‍ റയോണ്‍സ്. ലോക മാര്‍ക്കറ്റില്‍ അക്കാലത്ത് ഏറെ ആവശ്യമുണ്ടായിരുന്ന കൃത്രിമ പട്ടുനൂല്‍ സല്ലോഫെയ്ന് പേപ്പര്‍, കാര്‍ബണ്‍ഡൈ സര്‍ഫൈഡ്, കോട്ടന്‍ ലിന്റര്‍ പേപ്പര്‍ തുടങ്ങിയവ ഉദ്പാദിപ്പിക്കുന്നതിനായി തമിഴ്നാട് സ്വദേശിയായിരുന്ന എം.സി.ടി.എം.ചിദംബരം ചെട്ട്യാര് ആണ് ട്രാവന്‍കൂര്‍ റയോണ്‍സ് സ്ഥാപിച്ചത്.
1950ല്‍ ആണ് ലോകവിപണി കീഴടക്കിയ റയോണ്‍സിന്റെ ഉദ്പാദന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അക്കാലത്ത് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും വിലയേറിയ ലെഡ്, അലുമിനിയം, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വിദേശ നിര്‍മ്മിത യന്ത്ര സാമഗ്രികളാണ് ചെട്ട്യാര് ഇവിടെ ഉപയോഗിച്ചിരുന്നത്. (എന്നാല്‍ ഇന്ന് ഇവയില്‍ പലതും മോഷ്ടാക്കള്കൊണ്ടുപോയതായാണ് പറയുന്നത്) ആരെയും ആകര്‍ഷിക്കുന്ന സ്വന്തമായി നിര്‍മ്മിച്ച ആശുപത്രി റയോണ്‍സിന്റെ മാത്രം പ്രത്യേകതയായിരുന്നു. കമ്പനിക്കായി നിര്‍മ്മിച്ച ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുന്ന കെട്ടിടത്തിന്റെ അടിത്തറമുഴവന് പുഴമണല്‍ ഉപയോഗിച്ചാണ് ഉറപ്പിച്ചിരിക്കുന്നത്. ദിവസേന 4 നേരങ്ങളില്‍ പെരുമ്പാവൂരിന്റെ വിവിധ പ്രദേശങ്ങളിലൂടെ ഹോണ്‍മുഴക്കി ഓടിയിരുന്ന റയോണ്‍സ് ബസുകള്‍ ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. 8 ബസുകളാണ് റയോണ്‍സിന് ഉണ്ടായിരുന്നു.
1960 കളില്‍ സര്‍ക്കാര്‍ ജോലിയേക്കാളും അഭിമാനത്തോടെയാണ് പലരും ട്രാവന്‍കൂര്‍ റയോണ്‍സിലെ ജോലി കണ്ടിരുന്നത്. ഐടിഐ പഠനം പൂര്‍ത്തിയാക്കിയ യുവാക്കള്‍ ആദ്യം അപേക്ഷ നല്‍കിയിരുന്നത് ട്രാവന്‍കൂര്‍ റയോണ്‍സിലായിരുന്നു. റയോണ്‍സില്‍ ജോലി ലഭിച്ചാല്‍ കുടുംബജീവിതം ഭദ്രമായി എന്ന് കരുതിയിരുന്ന പലരുമാണ് തര്പ്പണഭൂമിയുടെ മറുകരയില്‍ എരിഞ്ഞമരുന്ന തങ്ങളുടെ സ്വര്‍ഗ്ഗഭൂമിയെ നോക്കി കണ്ണീര് വീഴ്ത്തുന്നത്. 72 ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ച റയോണ്‍സിന് ഇന്ന് 67 ഏക്കറാണ് നിലവിലുള്ളത്. ഇത്രയും ഭൂമിയിലായി മാലിന്യ രഹിതവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉള്ളതുമായ മറ്റേതെങ്കിലും സ്ഥാപനമോ, ഒരു വൈജ്ഞാനിക കേന്ദ്രമോ തുടങ്ങുമെന്ന് സര്‍ക്കാരും, അധികാരികളും പറയുന്നുണ്ടെങ്കിലും ഇതുവരെയും യാതൊരു നീക്കങ്ങളും ഇതുസംബന്ധിച്ച് ആരംഭിച്ചിട്ടില്ല.
2001 ജൂലൈ 17നാണ് ആയിരങ്ങളുടെ അത്താണിയായിരുന്ന ഈ കമ്പനിക്ക് പൂട്ട് വീഴുന്നത്. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വൈദ്യുതി ലൈന്‍ വലിക്കുന്നതിനായിട്ടാണ് കമ്പനി പൂട്ടിയത്. പിന്നീട് വിമാനങ്ങള്‍ പറന്നെങ്കിലും റയോണ്‍സിന്റെ കവാടം മാത്രം തുറന്നില്ല. കമ്പനി പൂട്ടുന്ന സമയം മുതല്‍ ഇതുവരെ യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്ത 2060 തൊഴിലാളികളാണുള്ളത്. ഇതില്‍ അമ്പതോളം തൊഴിലാളി കുടുംബങ്ങള്‍ റയോണ്‍സിന്റെ ക്വാര്‍ട്ടേഴ്സില്‍ തന്നെ താമസിക്കുന്നുണ്ട്. ഇവരുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനായി വിവിധതരത്തിലുള്ള സമരങ്ങള്‍ ഇന്നും തുടരുകയാണ്. മറ്റ് വരുമാന മാര്‍ഗ്ഗമില്ലാതെയും ട്രാവന്‍കൂര്‍ റൂറല്‍ ഡെവലപ്പ് മെന്റ് ബാങ്കില്‍ നിന്നും എടുത്ത വായ്പ തിരിച്ചടക്കാനാകാത്തതിനാലും ചില തൊഴിലാളികള്‍ ആത്മഹത്യ ചെയ്തതതായും പറയുന്നു.
റയോണ്‍സ് പൂട്ടിയതിന് ശേഷം കമ്പനി ഏറ്റെടുക്കുന്നതിനായി കോയമ്പത്തൂരില്‍ നിന്നും ദിനോസര്‍ ഗ്രൂപ്പ്, നാട്ടില്‍ നിന്നുമുള്ള ഇലഞ്ഞിക്കല്‍ ഗ്രൂപ്പ് തുടങ്ങിയ പ്രമോട്ടര്‍മാരെ ഭരണമുന്നണികള്തന്നെ കൊണ്ടുവന്നെങ്കിലും പലവിധകാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാരുകള്‍ തന്നെ പിന്നോട്ട് പോവുകയായിരുന്നു. ഇതേതുടര്‍ന്ന് ഒരു ലിക്വിഡേറ്ററെ ഏല്‍പ്പിച്ച് കമ്പനിയുടെ ആസ്തിബാധ്യതകള്‍ തിട്ടപ്പെടുത്താന്‍ കോടതിനിര്‍ദ്ദേശം നല്കി തുടര്‍ന്ന് ദുബായി ആസ്ഥാനമായുള്ള മിഡ്ലാന്റ് ഗ്രൂപ്പിനെ പ്രമോട്ടറായി നിശ്ചയിച്ച് സര്‍ക്കാര്‍ സത്യാവാങ്മൂലം നല്കി പിന്നീട് വന്നവലതു പക്ഷസര്‍ക്കാര്‍ കെഎസ്ഐഡിസിയെക്കൊണ്ട് കമ്പനി പുനരുദ്ധാരണത്തിന് ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ കിന്‍ഫ്രയാണ് ട്രാവന്‍കൂര്‍ റയോണ്‍സിന്റെ ചുമതല ഏറ്റെടുത്ത് നടത്തുന്നത്. ഇവര്‍ എത്തിയതോടെ സെക്യൂരിറ്റി ജീവനക്കാരടക്കമുള്ള 23 തൊഴിലാളികള്‍ക്കും തുച്ഛമായ ശമ്പളമാണെങ്കിലും ലഭിച്ച് തുടങ്ങിയതായി തൊഴിലാളികള്‍ ജന്മഭൂമിയോട് പറഞ്ഞു.
വിവിധ സ്ഥാപനങ്ങളിലേതും, തൊഴിലാളികളുടെ ആനുകൂല്യങ്ങളും അടക്കം അറുപത് കോടിയുടെ ബാധ്യതയാണ് കമ്പനിക്ക് നിലവിലുള്ളത്. എന്നാല്‍ 67 ഏക്കര്‍ വരുന്ന സ്ഥലവും, ഒരു ലക്ഷം ചതുരശ്ര അടിവലുപ്പമുള്ള കെട്ടിടത്തിന്റെ അടിത്തറയില്‍ നിറച്ചിരിക്കുന്ന പുഴമണലിന്റെ ഇന്നത്തെ വിലയും, കാടുപിടിച്ച് നശിക്കുന്ന വൈദ്യുതി സബ്സ്റ്റേഷനിലെ ട്രാന്‍സ്ഫോമറുകളും, കമ്പനി വളപ്പിലെ മരങ്ങളും അടക്കം 100 കോടിയില്‍പരം രൂപയുടെ ആസ്തിയാണ് കമ്പനിക്കുള്ളത്.
റോഡ്, തീവണ്ടി, വിമാനത്താവളം എന്നിവയടക്കമുള്ള മുഴുവന്‍ സൗകര്യങ്ങള്‍ക്കും നടുവിലുള്ള പെരിയാറിന്റെ തീരത്ത് ഇത്രയും സ്ഥലം ഒരുമിച്ച് ജില്ലയിലെങ്ങുമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവിടെ ഒരു വൈജ്ഞാനിക കേന്ദ്രം വന്നാല്‍ ആരിയങ്ങള്ക്ക് തൊഴിലും ആയിരങ്ങള്‍ക്ക് ആശ്വാസവുമാകും. നിരവധി പെരുമ്പാവൂരുകാരാണ് ദൂരനാടുകളില്‍ വൈജ്ഞാനിക കേന്ദ്രങ്ങളില്‍ തൊഴിലെടുക്കുന്നത്.
എന്നാല്‍ പരസ്പരം പോരടിക്കുകയും പൊതുജനത്തിന് നന്മചെയ്യുന്ന ഭരണാധികാരികളെ വളഞ്ഞവഴിയിലൂടെ കുറ്റംപറയുകയും ചെയ്യുന്ന കേരളത്തിലെ നെറികേടിന്റെ രാഷ്ട്രീയം നിലനില്‍ക്കുന്നിടത്തോളം കാലം തൊഴിലാളികളുടെ കാര്യത്തില്‍ അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല. പെരിയാര്‍ ഒഴുകിക്കൊണ്ടേയിരിക്കും, ഒരിക്കലൊരു കര്‍ക്കിടക വാവിന് റയോണ്സെന്ന ആയിരങ്ങളുടെ പട്ടുനൂല്‍ സ്വപ്നത്തിനും നാം മറുകരയില്‍ ബലിച്ചോറുരുട്ടും.
ടി.എന്‍.സന്തോഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: