ഭാരതത്തിലെ പ്രമുഖ മാധ്യമങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്കും പത്രങ്ങള്‍ക്കുമൊക്കെ കലശലായ മോദിപ്പേടി പിടികൂടിയിരിക്കുകയാണെന്ന് തോന്നുന്നു. മതേതര നാട്ടുകാര്‍ക്കും രാഷ്ട്രീയ വിശകലനക്കാര്‍ക്കും മറ്റും ദിവസേന രണ്ട് വാക്ക് നരേന്ദ്രമോദിയെ അധിക്ഷേപിച്ചില്ലെങ്കില്‍ ഉറക്കം വരില്ലെന്ന് ആയിട്ടുണ്ട്. കഴിഞ്ഞ മാസം ഗോവയില്‍ ചേര്‍ന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ സമിതിയോഗത്തില്‍ ആസന്നമായ തെരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിലും മറ്റുമായുള്ള മേല്‍നോട്ടത്തിന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചതാണ് കുഴപ്പങ്ങള്‍ക്കൊക്കെ കാരണം. അതിന് മുമ്പ് കഴിഞ്ഞവര്‍ഷം നടന്ന ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി മൂന്നാം തവണയും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ തന്നെ അടുത്ത പ്രധാനമന്ത്രിയായി അദ്ദേഹത്തെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടി തുടങ്ങിയിരുന്നു. ഭാരതത്തിലെ സംസ്ഥാനങ്ങളില്‍ ഭരണാധികാരത്തിലിരിക്കുന്നവര്ക്കെതിരായ ജനരോഷം (ആന്റി ഇന്‍കുമ്പന്‍സി ഫാക്ടര്‍ എന്ന് ആംഗലം) തോല്‍വിക്ക് സാധാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ആ കേട് നരേന്ദ്രമോദിയുടെ ഗുജറാത്ത് ഭരണത്തിനുണ്ടാകാത്തതിന്റെ അരിശവും രോഷവും അസൂയയും നിരാശയുമൊക്കെ ബിജെപി വിരുദ്ധര്‍ക്ക് കലശലാണ്. മോദിക്കെതിരായ മാധ്യമപ്രചാരണത്തിന്റെ പിന്നില്‍ അതുതന്നെയാണ്.
2002 ല്‍ ഗുജറാത്തില്‍ നടന്ന കലാപമാണ് അവര്‍ പൊക്കിപ്പിടിക്കുന്ന ദോഷം. അതിന്റെ പേരില്‍ ഇതുവരെ നരേന്ദ്രമോദിയെ കുറ്റക്കാരനാക്കാന്‍ ഒരന്വേഷണത്തിനും കോടതിക്കും കഴിഞ്ഞിട്ടില്ല. അദ്ദേഹത്തെ നശിപ്പിക്കാന്‍ നൊയമ്പെടുത്ത പോലീസുദ്യോഗസ്ഥന്മാര് ഏതുനിറം രാഷ്ട്രീയത്തിന്റെ കിങ്കരന്മാരാണെന്നും അവര്‍ക്ക് പ്രചാരണം നല്കുന്നതാരെന്നും നോക്കുമ്പോള്‍ മനസ്സിലാകും. ഗുജറാത്തില്‍ കലാപത്തില്‍ ജീവന് നഷ്ടപ്പെട്ട മുസ്ലിങ്ങള്‍ക്കായി കണ്ണീരൊഴുക്കിയവരാരും തന്നെ കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണമായ ഗോധ്രയിലെ തീവണ്ടിമുറിയില് തീവെച്ചു ചുട്ടെരിക്കപ്പെട്ട അയോദ്ധ്യാ തീര്‍ത്ഥാടകരുടെ കാര്യം മിണ്ടുന്നില്ല. കലാപമുണ്ടാക്കാന്‍ വേണ്ടി അവരെ തീവെച്ച് കൊന്നതാണെന്ന് പ്രചരിപ്പിക്കാനുള്ള നിര്‍മമത്വവും പിന്നീട് റെയില്‍വേ മന്ത്രിയായി വന്ന ലാലു പ്രസാദ് യാദവിനുണ്ടായി. അമ്പത്തെട്ടു തീര്‍ത്ഥാടകര്‍ ചുട്ടെരിക്കപ്പെട്ടതില് ഹിന്ദു സമാജത്തിന് ഉണ്ടായ വേദനയും രോഷവും അണപൊട്ടിയൊഴുകിയെങ്കില് അതില്‍ അസ്വാഭാവികമായി എന്താണുള്ളത്? മരിച്ചു കഴിഞ്ഞിട്ടില്ലാത്ത എന്തിന്റേയും ലക്ഷണം പ്രതികരിക്കുക എന്നതാണല്ലോ.
കേരളത്തില്‍ കെ.കരുണാകരന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആലപ്പുഴയില്‍ നബി ദിനാഘോഷയാത്ര അക്രമാസക്തമായപ്പോള്‍ പോലീസ് നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ രണ്ട് ദിവസം മുസ്ലിങ്ങള്‍ കലാപം നടത്തിയത് മറക്കാറായിട്ടില്ല. മുസ്ലിങ്ങളുടെ വ്രണപ്പെട്ട സംവേദനം പ്രകടമാക്കാന്‍ അവസരം നല്കിയ മുഖ്യമന്ത്രിക്ക് രണ്ടാം ദിവസം കലാപം ആളിപ്പടര്‍ന്നപ്പോള്‍ സൈന്യ സഹായം തേടേണ്ടിവന്നു. അന്ന് തേവരയില്‍ കരിസ്മാറ്റിക് ധ്യാനത്തിനെത്തിയ കന്യാസ്ത്രീകളടക്കം നൂറുകണക്കിന് ക്രിസ്ത്യാനികള്‍ക്കും തിരുവനന്തപുരത്ത് വിദ്യാലയങ്ങളിലെത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥിനികള്‍ക്കും അഴിഞ്ഞാടിയ മുസ്ലിം കലാപകാരികളുടെ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നു. ഗുജറാത്തില്‍ 2002 ലെ കലാപം നിര്‍ഭാഗ്യകരമായിരുന്നു. അത് അടിച്ചമര്‍ത്തുന്നതിന് പട്ടാളസഹായം തേടുകയും രണ്ടുദിവസംകൊണ്ട് ശാന്തമാകുകയും ചെയ്തു. കലാപത്തില്‍ മരിച്ച മുസ്ലിങ്ങളുടെ കണക്കുമാത്രമേ തല്‍പ്പര കക്ഷികള്‍ പറയുന്നുള്ളൂ. പക്ഷെ 171 ഹിന്ദുക്കളും മരിച്ചവരില്‍പ്പെടുന്നു എന്നത് എല്ലാവരും സൗകര്യപൂര്‍വം മറക്കുന്നു. നിയമപരമായ കേസുകള്‍ നടത്തുന്ന സുപ്രീംകോടതി തന്നെ നേരിട്ട് കലാപത്തെപ്പറ്റി അന്വേഷിക്കാന്‍ സമിതിയെ നിശ്ചയിച്ചു. ഇപ്പോള്‍ സിബിഐയും പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. ഇതിലൊന്നും നരേന്ദ്രമോദി പ്രതിയല്ല.
2014 ല്‍ ലോക് സഭയിലേക്കും അതിനുമുമ്പ് ഏതാനും നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് വരുന്നതിനാലാണ് ബിജെപിക്കും നരേന്ദ്രമോദിക്കുമെതിരായ പ്രചാരണത്തിന് ശക്തി കൂട്ടാന്‍ തല്‍പ്പരകക്ഷികളെ പ്രേരിപ്പിക്കുന്നത്. ലാലുപ്രസാദ് യാദവ് റെയില്‍ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ റെയില്‍വേ വമ്പിച്ച ലാഭം ഉണ്ടാക്കിയെന്ന് പ്രചാരണം നടന്നിരുന്നു. അദ്ദേഹം കൈവരിച്ച “സാമ്പത്തിക വിസ്മയത്തിന്റെ” രഹസ്യം പഠിക്കാന്‍ ഹാര്‍വാഡ് സര്‍വകലാശാല വിദഗ്ദ്ധരടക്കമുളളവര് വന്നുപോയി. അവര്‍ പിന്നീട് അതിനെപ്പറ്റിയൊന്നും പറഞ്ഞിട്ടില്ല. ലാലുവിന്റെ ഊതിവീര്‍പ്പിച്ച കള്ളക്കണക്കുകളാണെന്നും യഥാര്‍ത്ഥത്തില്‍ റെയില്‍വേ കെടുകാര്യസ്ഥത മൂലം സാമ്പത്തിക ദുരന്തത്തിലേക്ക് മുങ്ങിത്താഴുകയാണെന്നും പിന്നീട് വന്ന റെയില്‍വേ മന്ത്രിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷെ നരേന്ദ്രമോദിയുടെ 12 വര്‍ഷത്തെ ഭരണത്തില്‍ ഗുജറാത്ത് സംസ്ഥാനം കൈവരിച്ച വികസനവും നേട്ടങ്ങളും ആര്‍ക്കും അവഗണിക്കാനാവാത്ത വിധം മെച്ചപ്പെട്ടതാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ തന്നെ തെളിയിച്ചു. ഭാരതം കണ്ട ഏറ്റവും വലിയ ഭൂകമ്പക്കെടുതിയില്നിന്ന് സംസ്ഥാനം മോചനം നേടിയത് ശരിക്കും വിസ്മയം തന്നെയായിരുന്നു. ആ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍നിന്ന് ലഭിച്ച അനുഭവ സമ്പത്തിനെ ഉത്തരാഖണ്ഡിലെങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചിന്തിക്കുന്നതിനു പകരം, അവിടെ ആദ്യം പറന്നെത്തിയ അദ്ദേഹത്തെ എങ്ങനെ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യാമെന്നതിന് മത്സരിക്കുകയായിരുന്നു കേന്ദ്രഭരണം കയ്യാളുന്ന നേതാക്കളും അവര്‍ക്ക് ചൂട്ടുപിടിക്കുന്ന മാധ്യമ ഭീമന്മാരും. നട്ടാല്‍ മുളയ്ക്കാത്ത നുണ പ്രചാരണം മോദിക്കെതിരെ നടത്തിയ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന് നിരുപാധികം ക്ഷമായാചനം പ്രസിദ്ധീകരിക്കേണ്ടി വന്നു. പക്ഷേ ടൈംസിനെ ഉപജീവിച്ചു സ്വന്തം കഥകള്‍ മെനഞ്ഞുണ്ടാക്കിയ മാധ്യമങ്ങളും കേരളത്തിലെ പത്രങ്ങളും ചാനലുകളും പേരിനുവേണ്ടിയുള്ള ഖേദപ്രകടനത്തിന് പോലും തയ്യാറായില്ല എന്നത് വിചിത്രമാണ്. നരേന്ദ്രമോദിയുടെ ഗുജറാത്തില്‍നിന്ന് ഞങ്ങള്‍ക്ക് ഒന്നും പഠിക്കാനില്ലെന്ന് വീരസ്യം പറയുന്ന കേരളത്തിലെ ഭരണപ്രതിപക്ഷ നേതാക്കള്‍ ഇന്ന് ഇവിടെ കാട്ടിക്കൂട്ടുന്നതൊക്കെ എന്താണെന്ന് നോക്കുമ്പോള്‍ നാണിച്ചു തലതാഴ്ത്താനല്ലേ പറ്റൂ.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അതിനിടയില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിക്കുണ്ടാവാനിടയുള്ള നേട്ടങ്ങളെ മുന്‍കൂട്ടി തടയിടുകയെന്നത് മാത്രമാണിന്നത്തെ ദുഷ്പ്രചാരണങ്ങളുടെ ഉദ്ദേശ്യം. ഏറ്റവും വലിയ പത്രങ്ങളിലൊന്നായ ഹിന്ദുവില്‍ മോദി വിരുദ്ധ ലേഖനങ്ങളില്ലാത്ത ദിവസങ്ങളില്ല. മലയാള പത്രങ്ങളും വാരികകളും അക്കാര്യത്തില്‍ മത്സരിക്കുകയാണെന്ന് തോന്നുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് അക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ലേഖനങ്ങളായാലും കവിതകളായാലും മോദിയെ ഹിറ്റ്ലറെക്കാള്‍ ക്രൂരനായി ചിത്രീകരിക്കാത്തവ ഇല്ലെന്ന് പറയാം. സൊറാബുദ്ദീന്‍ ഷെയ്ക്കായി മാറിയ പ്രാണേഷ് പിളളയും അയാളൊടൊപ്പം യാത്ര ചെയ്ത ഇസ്രത്ത് ജഹാനും താന്താങ്ങളുടെ വീടുകളില്‍ ഉറങ്ങിക്കിടന്നപ്പോള്‍ പിടിക്കപ്പെട്ട പഞ്ചപാവങ്ങളാണ് എന്ന മട്ടിലാണ് കവിതകളും കഥകളും പ്രസിദ്ധീകൃതമാകുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം പ്രചാരണങ്ങള്‍ കുറെപ്പേരെ കബളിപ്പിക്കാന്‍ ഉപകരിച്ചേക്കും. ആറുകോടി ഗുജറാത്തികളെ കബളിപ്പിക്കാന്‍ കഴിയില്ല എന്നത് വസ്തുതയായി നിലനില്ക്കുന്നു.
1998 ലാണല്ലൊ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം അധികാരമേറ്റത്. അതിനുമുമ്പുള്ള വര്‍ഷങ്ങളില്‍ ബിജെപി നേതാക്കളായിരുന്ന വാജ്പേയിക്കും അദ്വാനിക്കും എതിരായി മാധ്യമങ്ങളിലൂടെ നടന്നുവന്ന അധിക്ഷേപങ്ങളും ദുഷ്പ്രചാരണങ്ങളും പലതും ഓര്‍ക്കുന്നുണ്ടാവും. അക്കാലത്ത് അടല്‍ജിയുടെ വ്യക്തി ജീവിതത്തെ അധിക്ഷേപിക്കുന്ന ലേഖനങ്ങള്‍ നിരന്തരമായി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അടല്‍ജിയെ മാറ്റിനിര്‍ത്തി അദ്വാനിജി പ്രധാനമന്ത്രിയാവാന്‍ കരുനീക്കങ്ങള്‍ നടത്തുന്നുവെന്ന് ആക്ഷേപിച്ചു. അയോദ്ധ്യ രഥയാത്രയ്ക്കെതിരെ നടന്ന പ്രചാരണങ്ങള്‍ അങ്ങേയറ്റം പ്രകോപനപരമായിരുന്നു. മുസ്ലിങ്ങളില്‍ പരിഭ്രാന്തിയും ഭയവും സൃഷ്ടിച്ച് അക്രമത്തിന് പ്രേരിപ്പിക്കുന്ന ആഹ്വാനങ്ങളും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചുവന്നു. ടൈംസ് ഓഫ് ഇന്ത്യയില്‍ അദ്വാനിജിയുടെ ഹാസ്യചിത്രങ്ങള്‍ ഹനുമാനെപ്പോലെ ഗദയും മുടിയും ധരിച്ചുകൊണ്ട്, ആര്.കെ.ലക്ഷ്മണന് വാലു വരയ്ക്കാന്‍ വിട്ടു പോയിരുന്നില്ല. രഥയാത്ര രക്തപ്പുഴ പിന്നിട്ടാണ് മുന്നേറിയതെന്ന് നിരന്തരം പ്രചരിപ്പിച്ചു. ഇന്നും ഠൃമശഹ ീള യഹീീറ എന്ന് അതിനെ വിശേഷിപ്പിക്കുന്നു. അടല്‍ജിയെ പ്രധാനമന്ത്രിയാക്കുന്നതിനോട് ആര്‍എസ്എസിന് യോജിപ്പില്ല എന്ന് പ്രചരിപ്പിച്ചു.
അദ്വാനിജിയെ ഹവാലക്കേസില്‍ പെടുത്തി അവഹേളിക്കുകയുണ്ടായി. ആരോപണം വന്നപ്പോള്‍ നിരപരാധിത്വം സ്ഥാപിക്കുന്നതുവരെ സഭയില്‍ അംഗമായിരിക്കില്ലെന്ന് പ്രഖ്യാപിച്ച് അദ്ദേഹം രാജിവെച്ചു. ബിജെപിക്ക് ലോക്സഭയില്‍ രണ്ടംഗങ്ങള്‍ മാത്രമായിരുന്നപ്പോഴും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വാജ്പേയ് തന്നെയെന്ന് അദ്വാനി പ്രസ്താവിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെല്ലാം അക്കാര്യം അദ്ദേഹം ആവര്‍ത്തിച്ചുറപ്പിച്ചിരുന്നു. വാജ്പേയിയെ അപകീര്‍ത്തിപ്പെടുത്താനും തേജോവധം ചെയ്യാനും 1942 മുതലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഹിന്ദു പത്രം ഗവേഷണം തന്നെ നടത്തി.
നാല്‍പ്പത്തിരണ്ടിലെ ക്വിറ്റ് ഇന്ത്യാ സമരം കണ്ടുനിന്നവരുടെ കൂട്ടത്തില്‍പ്പെട്ട് അറസ്റ്റിലായതും കോടതി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിട്ടയച്ചതുമായ ഉറുദുവിലുള്ള വിധിന്യായം വരെ പ്രസിദ്ധീകരിച്ചു. ബിജെപി നേതൃത്വത്തെ തേജോവധം ചെയ്യുവാന്‍ ഓരോ ദിവസവും എന്തു വാര്‍ത്തയാണ് പടച്ചുണ്ടാക്കേണ്ടത് എന്ന് തീരുമാനിക്കുന്ന ഇടതുപക്ഷ പത്രക്കാരുടെ കോക്കസ് തന്നെ ദല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്നതായി അറിയാം. പക്ഷെ അവര്‍ പഠിച്ചപണി എല്ലാം നോക്കിയിട്ടും 98 ലും 99 ലും വാജ്പേയി പ്രധാനമന്ത്രിയാവുന്നതിനെ തടയാന്‍ കഴിഞ്ഞില്ല. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലവും സമര്‍ത്ഥവും അന്തസ്സുറ്റതുമായ കാലഘട്ടം വാജ്പേയി പ്രധാനമന്ത്രിയായിരുന്നതായിരുന്നു. 2020 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും ശക്തവും വികസിതവുമായ രാജ്യമായി ഭാരതം വിളങ്ങുമെന്ന ആത്മവിശ്വാസം അദ്ദേഹം സൃഷ്ടിച്ചു. ലോകരാഷ്ട്ര സമുച്ചയത്തില്‍ അന്തസ്സുറ്റ സ്ഥാനവും ഭാരതം നേടി.
ഇന്ന് യുപിഎ ഭരണത്തിന്റെ എട്ടുവര്‍ഷം കൊണ്ട് ഭാരതം അപ്പൂപ്പന്താടിപോലെ ലക്ഷ്യമില്ലാതെ പൊയ്ക്കൊണ്ടിരിക്കുകയാണല്ലൊ. വീണ്ടും ബിജെപി അധികാരത്തിലെത്തിച്ചേരുമെന്ന സാധ്യതയെ തകര്‍ക്കാനുളള സര്വതോന്മുഖമായ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഈ അപവാദ വ്യവസായശാലയിലെ ഉല്‍പ്പന്നങ്ങള്‍ ചൈനീസ് ചരക്കുകള്‍ പോലെ കാണുന്നിടത്തും കേള്‍ക്കുന്നിടത്തും നിറഞ്ഞുവരുന്നതിനെ കരുതിയിരിക്കേണ്ടതുണ്ട്.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: