സത്യം വദ, ധര്‍മ്മം ചര എന്നു കേട്ടിട്ടില്ലേ. നന്മയുള്ളവര്, ജനങ്ങളെ സ്നേഹിക്കുന്നവര്‍, കരളില്‍ ആര്ദ്രതയുള്ളവര് അത് അക്ഷരംപ്രതി പാലിക്കും. അങ്ങനെയുള്ള ഒരാളാണ് നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി. സത്യത്തിന്റെ പാത വിട്ട് അദ്യത്തിന് മറ്റൊരു വഴിയില്ല. ആ വഴിയെക്കുറിച്ച് ശരിക്കറിയാത്തവര്‍ പക്ഷേ, നിരന്തരം വേട്ടയാടുന്നു. ഇതൊന്ന് അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് യു.എന്‍. പുരസ്കാരം വഴി ദൈവം ഒരനുഗ്രഹം ഇ-മെയ്ലായി അയച്ചത്. അത് അതിനെക്കാള്‍ പ്രശ്നമായിരിക്കുന്നു. അത്തരമൊരു പുരസ്കാരത്തിനെതിരെ പാര്‍ട്ടിക്കുവേണ്ടി മാധ്യമ പുലിക്കുട്ടി തന്നെ രംഗത്തിറങ്ങിയിരുന്നുവത്രെ. ചായ കുടിക്കാന്‍ സമയമില്ലാത്ത, പ്രാതല്‍ കഴിക്കാന്‍പറ്റാത്ത, എന്തിനധികം മുടിയൊന്ന് കോതിയൊതുക്കാന്‍ പോലും സമയമില്ലാത്ത ഒരു സാമൂഹിക പ്രവര്‍ത്തകനല്ലാതെ ആര്‍ക്കു കൊടുക്കും മേപ്പടി പുരസ്കാരം?
ഈ ചോദ്യത്തിന് വ്യക്തമായ മറുപടി കിട്ടാത്തതുകൊണ്ട് പുരസ്കാരം അദ്യത്തിന് തന്നെ സമ്മാനിച്ചു. എതിര്‍ക്കാന്‍ പലവിധത്തില്‍ കോപ്പുകൂട്ടിയവരൊക്കെ സ്വാഹ ആയി എന്നു മാത്രം. തന്റെ സത്യാന്വേഷണവുമായി മുന്നോട്ടുപോയ ഒരു മഹാവ്യക്തിത്വമായിരുന്നു നമ്മുടെ മഹാത്മാവ്; അതായത് ഗാന്ധിജി. യു.എന്‍ അസംബ്ലിയില്‍ നടന്ന യുവജനസമ്മേളനത്തില്‍ സംസാരിച്ച പതിനാറുകാരി മലാല യൂസഫ് സായും ആ മഹാത്മാവിന്റെ സ്വത്വം എന്താണെന്ന് തിരിച്ചറിഞ്ഞിരുന്നു. അതവര് വ്യക്തമാക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍ അത്തരമൊരു മഹാത്മാവിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന വ്യക്തിയെ തടയാമോ? എതിരു പറയാമോ? അവിശ്വസിക്കാമോ?
ഇതിനൊക്കെ സാധാരണഗതിയില്‍ ഉത്തരം പാടില്ല എന്നു തന്നെയാവും, ആവണം. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് അദ്യം ആ പാത തെരഞ്ഞെടുത്തുവെന്ന് അറിയാന്‍ നമുക്കും ആഗ്രഹം കാണും. അതിനുള്ള അവസരമാണ് ഉമ്മന്‍ചാണ്ടി തന്നിരിക്കുന്നത്. സകലമാന പത്രങ്ങളിലും ആയത് പലതരത്തില്‍ വന്നിരിക്കുന്നു. മലയാള മനോരമ (ജൂലൈ 13)യില്‍ മുഖ്യ ലേഖനമായി അതു കാണാം. ലക്ഷ്യം മറക്കാതെ, മുന്നോട്ട് എന്നാണ് തലക്കെട്ട്. എല്ലാത്തിനും ഒരു ലക്ഷ്യമുണ്ട്. അര്‍ധനഗ്നനായ ഫക്കീര്‍ എന്ന് വിളിപ്പേരുള്ള ഗാന്ധിജിക്കുമുണ്ടായിരുന്നു ലക്ഷ്യം. അടിമത്തത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് ജനകോടികളെ സ്വാതന്ത്ര്യത്തിന്റെ സ്വച്ഛതയിലേക്കു നയിക്കല്‍. ചോരചിന്താതെ തന്നെ അത് നേടാം എന്ന് അദ്ദേഹം വിശ്വസിച്ചു. കാരണം വിശ്വാസം അദ്ദേഹത്തിന്റെ ജീവനായിരുന്നു. എന്നാല്‍ അപ്പപ്പോഴുള്ള നിലപാടുകളുടെ മൂശയിലേക്ക് വിശ്വാസം ഉരുക്കിയൊഴിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് അതിന് ധാര്‍മ്മിക അവകാശമുണ്ടോ എന്നതാണ് കാതലായ പ്രശ്നം.
മേപ്പടി ലേഖനത്തില്‍ പ്രതിപക്ഷത്തിന്റെ (ഓരോരുത്തരുടെയും) ചോദ്യങ്ങള്‍ക്കൊക്കെ അക്കമിട്ട് മറുപടി പറയുന്നുണ്ട്. എന്നാല്‍ വിശദീകരണത്തില്‍ ഒളിയമ്പുകള്‍ ധാരാളം. താന്‍ കേമന്‍, ശേഷിച്ചവരൊക്കെ കൊള്ളരുതാത്തവര്‍ എന്ന ധാര്‍ഷ്ട്യത്തിന്റെ തീപ്പൊരികള്‍ ചിതറുന്നു. ഇതാ തട്ടിപ്പുകളെക്കുറിച്ചുള്ള വിശദീകരണത്തില്‍ ഉമ്മച്ചന്വക അമ്പ്: തട്ടിപ്പു പദ്ധതികളുടെ സാധ്യതകള്‍ പഠിക്കാതെയും അതിനുപിന്നിലും മുന്നിലും ഉള്ളവരെക്കുറിച്ചു മനസ്സിലാക്കാതെയുമാണ് പലരും ലക്ഷങ്ങളും കോടികളുമായി എടുത്തുചാടിയത്. തേക്ക്-മാഞ്ചിയം തൊട്ട് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുവരെ എത്രയെത്ര അനുഭവങ്ങള്‍. എന്നിട്ടും ആരും ഒന്നും പഠിക്കുന്നില്ല. അപ്പോ, അതാണ് സംഗതി. വിവരവും വിദ്യാഭ്യാസവുള്ള നിങ്ങളെന്തിന് തട്ടിപ്പുകാരുടെ പിന്നാലെ പോയി എന്നാണ് ലജ്ജയില്ലാതെ പ്രബുദ്ധകേരളത്തിന്റെ, ദൈവത്തിന്റെ സ്വന്തം നാടിന്റെ മുഖ്യമന്ത്രി ചോദിക്കുന്നത്. ജോപ്പനും സരിതയും കുരുവിളയും മറ്റും മറ്റും പലതും പറയും, ചെയ്യും. അതിലൊക്കെ എന്തിന് തലയിട്ടുകൊടുക്കുന്നു. പ്രബുദ്ധ സംസ്ഥാനത്തെ ജനങ്ങള്‍ക്കും പ്രബുദ്ധത വേണ്ടേ? വെറുതെയാണോ യുഎന്‍ പുരസ്കാരം കിട്ടിയത്. കൗശലത്തോടെ കളവു നടത്താനും ആര്‍ജവത്തോടെ അത് നിഷേധിക്കാനുമുള്ള മനസ്സാന്നിധ്യത്തിനാണ് ആ പുരസ്കാരം. ഇനിയും ഇമ്മാതിരി പുരസ്കാരങ്ങള്‍ ഒരുപാടുണ്ട്. സത്യത്തിന് നിരക്കാത്തതൊന്നും ചെയ്യാത്ത പുതുപ്പള്ളിയിലെ ഈ സത്യസന്ധന് ഇനിയും പുരസ്കാരങ്ങള്‍ കിട്ടട്ടെ. ആയതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക് കഞ്ഞി കുടിക്കാന്‍ കുറേ പണം കിട്ടുമല്ലോ. പണത്തിന് മീതേ പറക്കുമോ പരുന്ത്? അതുകൊണ്ട് ഈ സത്യസന്ധന്റെ പേരില്‍ ഓരോരുത്തരുടെ വിശ്വാസമനുസരിച്ച് മെഴുകുതിരി കത്തിക്കാം, പുഷ്പാഞ്ജലി നടത്താം, പാല്‍പ്പായസം നേദിക്കാം, മേറ്റ്ന്തുവേണമെങ്കിലും ചെയ്യാം. വിശ്വാസം, അതല്ലേ എല്ലാം.
ഇനി ഈ വിശ്വാസം അങ്ങനെ തന്നെ പുലര്‍ന്നു കാണണമെന്ന് ആഗ്രഹിക്കുന്ന മറ്റൊരാള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. നടനും, ഗാനരചയിതാവും പാട്ടുകാരനും ചിത്രകാരനും പണ്ഡിതനും ഒക്കെയായ ഈ മാന്യദേഹം ഉത്തരകേരളത്തിലെ ഒരു ജില്ലക്കാര്‍ക്ക് ഏറെ പ്രിയങ്കരനാണ്. അവരുടെ നല്ല കോഴിക്കോട്ടുകാരന്. സ്നേഹസമ്പന്നനായ പിതാവിന്റെ അതിവിശ്വസ്തനും സ്നേഹസമ്പന്നനുമായ മകന്. സാമൂഹിക സേവനത്തിന്റെ രജതപാതകളിലൂടെ വിനയാന്വിതനായി പോകുന്ന അദ്യത്തിന് ഒരു കാര്യത്തില്‍ കനത്ത നിര്‍ബന്ധമുണ്ട്. അതെന്താണെന്ന് അറിയാന്‍ വായനക്കാരെ മലയാളം വാരിക (ജൂലൈ 12)യിലേക്ക് ക്ഷണിക്കുന്നു.
തെരഞ്ഞെടുപ്പുകാലത്ത് ഓരോരുത്തരും പാര്‍ട്ടിയുടെ സ്വന്തമാള്. ജയിച്ചാല്‍ പക്ഷേ, പൊതുജനങ്ങളുടെ സ്വന്തം. ഇതാണ് നടപ്പ്. ഒരു വിധപ്പെട്ടവരൊക്കെ അങ്ങനെ തന്നെയാണുതാനും. എന്നാല്‍ ഈ നല്ല കോഴിക്കോട്ടുകാരനില്‍ നിന്ന് നിങ്ങള്‍ അത് പ്രതീക്ഷിച്ചെങ്കില്‍ ഹാ കഷ്ടം എന്നു പറയേണ്ടിവരും. മന്ത്രി മുനീറും ലീഗിന്റെ സമാന്തര ഭരണവും എന്ന കവര്‍ക്കഥയില്‍ ഞെട്ടിക്കുന്ന സത്യങ്ങള്‍ അങ്ങനെ വിങ്ങിപ്പൊട്ടി നില്ക്കുന്നു. കെ.കെ. ശ്രീനിവാസന്റെതാണ് രചന. അഞ്ചു പേജില്‍ വസ്തുതകളും വിശകലനങ്ങളും എമ്പാടും. ഇനി ശ്രീനിവാസന് പറയട്ടെ: തദ്ദേശ സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ. എം. കെ. മുനീറിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ മൊത്തം ഇരുപത്തേഴ് പേര്. ഇതില്‍ ഇരുപത്തിയാറ് പേരും മുനീറിന്റെ സമുദായത്തില്‍പ്പെട്ടവര്‍. തന്റെ മന്ത്രാലയത്തിന്റെ നടത്തിപ്പ് സ്വ സമുദായത്തിലുള്ളവര്‍ക്ക് മാത്രം തീറെഴുതി നല്കിയപ്പോള് മുനീറിന്റെ മതേതര പൊയ്മുഖം തന്നെയാണ് അഴിഞ്ഞുവീണത്, ഒപ്പം ലീഗിന്റെയും. പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയിലൂടെ ജാതി-മതഭേദങ്ങളില്ലാതെ ജനങ്ങളുടെ വോട്ടുനേടിയാണ് അധികാരത്തിലേറുന്നത്. ഈ രാഷ്ട്രീയ യാഥാര്‍ത്ഥ്യം പാടേ അവഗണിച്ചിരിക്കുകയാണ് മുനീര്‍ തന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിലൂടെ. മതേതരജനാധിപത്യവാദിയാണെന്ന് നാഴികക്ക് നാല്‍പ്പതുവട്ടം ആണയിടുന്ന മുനീറിന്റെ മന്ത്രാലയത്തിലെ പേഴ്സണല്‍ സ്റ്റാഫ് ഒരു മദ്രസ കമ്മിറ്റിക്ക് തത്തുല്യമാണെന്ന് പറഞ്ഞാലത് ഒട്ടും അബദ്ധമാകാനിടയില്ല. നോക്കുക; ഇവിടെ അബദ്ധം പറ്റിയത് ആര്‍ക്കാണ്? നല്ല കോഴിക്കോട്ടുകാരനോ അതോ കോഴിക്കോട്ടുകാര്ക്കോ, ലീഗിനോ, കോണ്‍ഗ്രസിനോ? ആവോ, ആര്‍ക്കറിയാം അല്ലേ? മതേതരത്വത്തിന്റെ മഹാസഹിഷ്ണുതയ്ക്ക് ഇങ്ങനെയൊക്കെയുള്ള (ഇത് ഏറെ തുച്ഛം) സാധ്യതകളുണ്ടെന്ന് അറിയുമ്പോഴാണ് പ്രശ്നം. അതറിഞ്ഞാല്‍ നരേന്ദ്രമോദിക്കും ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിനും നേരെ കമ്പിപ്പാരയും വടിവാളുമായി ചാടി വീഴാന്‍ മതേതരത്വ പുലികള്‍ ധാരാളം; അവര്‍ക്ക് ഒത്താശ ചെയ്യാന്‍ മാധ്യമപ്പുലികളും. പിന്നെ നല്ല കോഴിക്കോട്ടുകാരന്വക ഒരു മറുപടി സ്റ്റോക്കുണ്ടാവും. കെട്ടിടം തീപിടിക്കുമ്പോള്‍ ഉള്ളില്പെട്ടുപൊയവര് ആദ്യം സ്വയം രക്ഷപ്പെടാനല്ലേ ശ്രമിക്കുക. അതേപോലെ സ്വസമുദായത്തെ ഉദ്ധരിച്ചു തീര്‍ന്നാലല്ലേ പൊതുജനത്തെ ഉദ്ധരിക്കാന്‍ കഴിയൂ. അതാണിപ്പോള്‍ നടത്തുന്നത്. ആദ്യം പേഴ്സണല്‍ സ്റ്റാഫ്, പിന്നെ പൊതു സ്റ്റാഫ്, ബൈ.
വെടിച്ചില്ല്
പുസ്തകങ്ങളും പേനകളുമാണ് ഏറ്റവും ശക്തിയുള്ള ആയുധങ്ങള്‍. നമുക്കു നമ്മുടെ പുസ്തകങ്ങളും പേനകളും കരങ്ങളിലേന്താം… ഒരു കുട്ടിക്ക്, ഒരധ്യാപകന്, പേനയ്ക്ക്, പുസ്തകത്തിന് ലോകത്തെ മാറ്റിമറിക്കാന്‍ കഴിയും. വിദ്യാഭ്യാസമാണ് ഒരേയൊരു പോംവഴി.
മലാല യൂസഫ്സായി
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: