ഒരു പിറന്നാള്‍ എങ്ങനെ ആഘോഷിക്കപ്പെടണമെന്ന് ദക്ഷിണാഫ്രിക്ക ലോകത്തെ പഠിപ്പിച്ചു. മഹാത്മാഗാന്ധിക്കും മാര്ട്ടിന് ലൂഥര്‍ കിംഗിനുമൊപ്പം ലോകം നെറുകയിലേറ്റിയ ജീവിച്ചിരിക്കുന്ന മഹാത്മാവ് നെല്‍സണ്‍ മണ്ടേലയുടെ തൊണ്ണൂറ്റിയഞ്ചാം പിറന്നാളായിരുന്നു ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച. ഇനിയൊരു പിറന്നാള്‍ ആഘോഷിക്കാന്‍ തങ്ങളുടെ പ്രിയപ്പെട്ട മഡിബ ഒപ്പമുണ്ടാകുമോ എന്നൊരു ആശങ്ക എങ്ങനെയോ ദക്ഷിണാഫ്രിക്കയുടെ മനസ്സില്‍ കയറിപ്പറ്റിയിരുന്നു. ഒന്നരമാസത്തോളമാകുന്നു പ്രിട്ടോറിയയിലെ ആശുപത്രിയില്‍ മണ്ടേല ജീവിതത്തോടും മരണത്തോടും മല്ലിടാന്‍ തുടങ്ങിയിട്ട്. അതുകൊണ്ടുതന്നെ സേവന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ധന്യമാക്കി ജനങ്ങള്‍ ആ മഹാത്മാവിന്റെ ജന്മദിനം.
24 മണിക്കൂറിലെ അറുപത്തിയേഴ് മിനിട്ട് പ്രിയ മഡിബക്കായി അവര്‍ മാറ്റിവച്ചു. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുമായി മണ്ടേല ചെലവഴിച്ച അറുപത്തിയേഴ് വര്‍ഷങ്ങളുടെ ഓര്‍മ്മയ്ക്കായിരുന്നു ഇത്. ആശുപത്രികളിലും അനാഥാലയങ്ങളിലും തെരുവുകളിലും മഡിബയുടെ പേരില്‍ കാരുണ്യം പെയ്തിറങ്ങി. ദക്ഷിണാഫ്രിക്കയിലെ ഓരോ പൗരനും 67 മിനിറ്റ് സാമൂഹിക സേവനത്തിനായി ചെലവഴിക്കണമെന്നായിരുന്നു ആഹ്വാനം. ലക്ഷങ്ങള്‍ അത് നെഞ്ചിലേറ്റി പ്രവര്‍ത്തിച്ചു. മണ്ടേലക്ക് പിറന്നാള്‍ ഗാനം പാടിയാണ് ഓരോ സ്കൂളും പ്രവര്‍ത്തിച്ചത്. പൂക്കളും പ്രാര്‍ത്ഥനയുമായി മണ്ടേല ചികിത്സയില്‍ കഴിയുന്ന പ്രിട്ടോറിയയിലെ ആശുപത്രി മുറ്റത്തേക്ക് ജനം ഒഴുകി. ദക്ഷിണാഫ്രിക്കയുടെ വികാരം ലോകം ഏറ്റുവാങ്ങി. ലോകത്തിലെ ഏറ്റവും പ്രിയങ്കരനായ ജീവിച്ചിരിക്കുന്ന നേതാവിന്റെ ജന്മദിനം ‘മണ്ടേല ദിന’മായി ഐക്യരാഷ്ട്രസഭയും ആചരിച്ചു.
നൂറ്റാണ്ടുകളായി തങ്ങളെ അടിമകളാക്കി പീഡിപ്പിച്ച വെള്ളക്കാരനോടും മമത കാട്ടി മഡിബയുടെ പിറന്നാള്‍ ദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഭരണകൂടം. പ്രിട്ടോറിയയില്‍ പാവപ്പെട്ട വെളുത്ത വര്‍ഗക്കാര്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോലുകള്‍ പ്രസിഡന്റ് ജേക്കബ് സുമ അവര്‍ക്ക് കൈമാറി. ഇന്ത്യന്‍ വംശജരായ രണ്ടു ദക്ഷിണാഫ്രിക്കക്കാര് മണ്ടേലയെ പ്രകീര്‍ത്തിച്ചു സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കി. സ്വാതന്ത്ര്യവും നീതിയും സമത്വവും എന്തെന്ന് സ്വന്തം ജനതയെയും ലോകത്തെയും പഠിപ്പിച്ച മണ്ടേലയെ അദ്ദേഹത്തിന്റെ പാത പിന്തുടര്ന്ന് മാത്രമേ നമുക്ക് ആദരിക്കാനാവു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ലോകത്തോട് പറഞ്ഞു. ചുരുക്കത്തില്‍ അത്രമേല്‍ ധന്യവും ദീപ്തവുമായ ഒരു പിറന്നാളായിരുന്നു കാലം നെല്‍സണ്‍ മണ്ടേല എന്ന കര്‍മ്മയോഗിക്കായി മാറ്റി വച്ചത്.
മണ്ടേലയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന ശുഭവാര്‍ത്ത അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടത് ആഹ്ലാദത്തോത് വര്‍ദ്ധിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മണ്ടേലയുടെ ശവസംസ്ക്കാര ചടങ്ങുകള്‍ എവിടെ നടത്തണമെന്നു വരെ കുടുംബാംഗങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മണ്ടേല ടെലിവിഷന്‍ കാണുകയും അംഗവിക്ഷേപങ്ങളിലൂടെ ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ടെന്നു മകള്‍ സിന്‍ഡി അറിയിച്ചു. ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന പുതിയ വിവരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകാണ് ഒരു ജനത പുറത്ത്, ആരെയും മയക്കുന്ന പുഞ്ചിരിയുമായി കൈകള്‍ വീശി ആശുപത്രി കിടക്കവിട്ട് പ്രിയ നേതാവെത്തുന്നതിനായി..
1893 മുതല്‍ 1914 വരെ ഗാന്ധിജി കഴിഞ്ഞിരുന്ന ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് അദ്ദേഹത്തോളം തന്നെ ലോകപ്രശസ്തനായ നെല്‍സണ്‍ മണ്ടേല എന്ന നേതാവ് വളര്‍ന്നു വന്നത്. ദക്ഷിണാഫ്രിക്കക്കാരന് അല്ലാതിരുന്നിട്ടും തൊലിയുടെ നിറത്തിന്റെ പേരില്‍ ഗാന്ധി ഏറെ അപമാനിക്കപ്പെട്ട നാട്ടില്‍ അതേ നാട്ടുകാരനായ ആ കറുത്ത ചെറുപ്പക്കാരന് സഹിക്കേണ്ടി വന്നത് കുറച്ചൊന്നുമല്ല. സാമ്രാജ്യത്വത്തിനെതിരെയായിരുന്നു മണ്ടേലയുടെ പോരാട്ടം. ഗാന്ധിജി തടവില്‍ കഴിഞ്ഞിരുന്ന ജോഹന്നാസ് ബര്‍ഗിലെ ഫോര്‍ട്ട് ജയിലില്‍ പിന്നീട് മണ്ടേലയും അന്തേവാസിയായി. വര്‍ണവിവേചനത്തിന്റെ പേരില്‍ ബ്രിട്ടീഷുകാരില്‍ നിന്ന് ഗാന്ധിജിക്ക് അനുഭവിക്കേണ്ടിവന്ന അവഹേളനങ്ങള്‍ അതിലും തീക്ഷ്ണമായി മണ്ടേല നേരിട്ടിരുന്നു. ജയിലില്‍ തൊലിയുടെ നിറത്തിന്റെ പേരില്‍ അദ്ദേഹത്തിന് താഴ്ന്ന നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ലഭിച്ചത്. പലപ്പോഴും വയറു നിറയാന്‍ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല.
പല കാര്യങ്ങളിലും ഗാന്ധിജി മാതൃകാപുരുഷനായിരുന്നെന്ന് ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രനായകന് ഒരുതവണയല്ല പറഞ്ഞിട്ടുള്ളത്. മണ്ടേലയ്ക്ക് അങ്ങനെ പറയാതിരിക്കാനാകുമായിരുന്നില്ല, അത്രയും സ്വാധീനിക്കപ്പെട്ടിരുന്നു അദ്ദേഹം ഗാന്ധിജിയാല്‍. സാമ്രാജ്യത്വത്തില്‍ നിന്ന് മോചനം നേടിയ ദക്ഷിണാഫ്രിക്കയുടെ പരിവര്‍ത്തനത്തില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ ഒഴിച്ചുകൂടാനാകാത്ത പങ്ക് വഹിക്കുന്നതായി 2007 ല്‍ പുറത്തിറക്കിയ ഒരു വീഡിയോ സന്ദേശത്തില്‍ നെല്‍സണ്‍ മണ്ടേല ചൂണ്ടിക്കാണിക്കുന്നുണ്ട്.
ജാതിയും മതവും തീര്‍ക്കുന്ന മതില്‍ക്കെട്ടുകള്‍ മറികടക്കാന്‍ ഗാന്ധിജിയെപ്പോലെ തന്നെ മണ്ടേലയും ഏറെ ആഗ്രഹിച്ചു, പരിശ്രമിച്ചു. ജനങ്ങളെ പല തട്ടിലാക്കുന്ന ദാരിദ്ര്യത്തെ തുരത്താനും അദ്ദേഹം യത്നിച്ചു. വര്‍ണവിവേചനത്തിനെതിരെയുള്ള സമരത്തിലെ അട്ടിമറിപ്രവര്‍ത്തനങ്ങളുടെ പേരില്‍ തീവ്രവാദിയെന്ന് മണ്ടേല പഴി കേട്ടിട്ടുണ്ട്. വര്‍ണവിവേചനത്തെ എതിര്‍ക്കാത്തവര്‍ക്ക് മണ്ടേല പക്ഷേ കമ്മ്യൂണിസ്റ്റുകാരനായിരുന്നു. എന്നാല്‍ ഗറില്ല സമരമുറകളും തീവ്രവാദപ്രവര്‍ത്തനങ്ങളും ഒരിക്കലും വിജയം കാണില്ലെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കിയ വ്യക്തിയായിരുന്നു മണ്ടേല.
ഇന്ത്യയോടും ഇന്ത്യക്കാരോടും ഏറെ പ്രതിബദ്ധത കാത്തുസൂക്ഷിച്ച ഭരണാധികാരിയായി പിന്നീട് മണ്ടേല. 1994 ല്‍ പ്രസിഡന്റായപ്പോള്‍ മണ്ടേല ആറ് ഇന്ത്യക്കാരെ തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നടത്തിയ സത്യഗ്രഹ സമരത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ച 2007 ല്‍ മണ്ടേല ദല്‍ഹിയിലെത്തിയിരുന്നു. 1944 ല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും തുടര്‍ച്ചയായ ജയില്‍വാസം കാരണം മണ്ടേലക്ക് ഗാന്ധിജിയെ നേരിട്ട് കാണാന്‍ ഒരിക്കലും അവസരം ലഭിച്ചിരുന്നില്ല. ഗാന്ധിജി മരിക്കുമ്പോള്‍ മണ്ടേലക്ക് പ്രായം മുപ്പതുവയസായിരുന്നു. ലോകത്തെമ്പാടുമുള്ള രാഷ്ട്രവിചക്ഷണന്‍മാര്‍ ഗാന്ധിജിയേയും മണ്ടേലയേയും ആദര്‍ശബിംബങ്ങളായി കരുതുന്നു. സഹനസമരങ്ങളിലൂടെ ഗാന്ധിജി ലോകമെങ്ങും അറിയപ്പെട്ടപ്പോള്‍ അതേമാര്‍ഗം പിന്തുടര്‍ന്ന മണ്ടേല ദക്ഷിണാഫ്രിക്ക എന്ന രാജ്യത്തിന്റെ പേരും ലോകചരിത്രത്തില്‍ എഴുതിച്ചേര്‍ത്തു. സാമ്രാജ്യത്വശക്തികളെ തുരത്താന്‍ ഗാന്ധിജിയുടെ സത്യഗ്രഹസമരങ്ങള്‍ക്ക് കഴിഞ്ഞപ്പോള്‍ ഗാന്ധിമാര്‍ഗം പിന്തുടര്ന്ന് ലക്ഷ്യം നേടിയ മണ്ടേല ദക്ഷിണാഫ്രിക്കന്‍ ഗാന്ധിയെന്ന് അറിയപ്പെടുകയും ചെയ്തു.
രതി.എ. കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: