“പത്രവായന കഴിഞ്ഞില്ലേ അമ്മാവാ? ഞങ്ങള്‍ വന്നത് അല്‍പ്പം നേരത്തെ ആയോ?” പടികടന്നെത്തിയ പ്രസാദ് ചോദിച്ചു.
“ഇല്ല, കൃത്യം ഒമ്പത്. ഇന്നലെയും ഈ നേരത്താണല്ലോ വന്നത്. നന്നായി. സമയനിഷ്ഠ നല്ലൊരു കാര്യമാണ്. നേതാക്കള്‍ ഉള്‍പ്പെടെ പലര്‍ക്കും അത് ഇല്ലാത്തതിന്റെ കുഴപ്പം ചെറുതല്ല. അതിരിക്കട്ടെ, എവിടെയാണ് ഞാന്‍ പറഞ്ഞു നിര്‍ത്തിയത്? ഓര്‍മയുണ്ടോ?”
“തിരുവുള്ളക്കാവില്‍ വിദ്യാരംഭത്തിന് കൃഷ്ണപിള്ള അച്ഛനോടൊപ്പം പോയ കാര്യം സൂചിപ്പിച്ചു. ഏത് സ്കൂളിലാണ് ചേര്ത്തതെന്നൊന്നും പറഞ്ഞില്ല.” അമൃത കൃത്യതയോടെ അറിയിച്ചു.
അമ്മയായിരുന്നു കൃഷ്ണപിള്ളയുടെ ആദ്യത്തെ സ്കൂള്‍. മകനെ ‘കൊച്ചുകുട്ടന്’ എന്നാണ് അവര്‍ വിളിച്ചിരുന്നത്. കൊച്ചുകുട്ടന് വലിയ ശാഠ്യക്കാരനായിരുന്നു. ആഹാരം കഴിക്കാനും, കുളിക്കാനും ഉറങ്ങാനുമൊക്കെയുണ്ട് ശാഠ്യം. ഉറങ്ങണമെങ്കില്‍ പാട്ടുപാടിക്കൊടുത്തേ പറ്റൂ. അമ്മയെ ‘നല്ലമ്മ’ എന്നും അച്ഛനെ ‘നല്ലച്ഛന്’ എന്നുമാണ് കൊച്ചുകുട്ടന് വിളിച്ചിരുന്നത്.
‘നല്ലമ്മ’യായ പാറുക്കുട്ടിയമ്മയ്ക്ക് നല്ലോണം പാട്ടുകള്‍ അറിയാമായിരുന്നു. തിരുവാതിരപ്പാട്ടുകളും മറ്റു നാടന്‍ പാട്ടുകളും. അവ ഓരോന്നായി ഈണത്തില്‍ പാടിക്കേള്‍പ്പിച്ചാണ് അവര്‍ മകന്റെ ശാഠ്യം മാറ്റിയിരുന്നത്. മകനാകട്ടെ ആ പാട്ടുകളുടെ താളം സ്വന്തം ഹൃദയത്തിലും സിരകളിലും അലിയിച്ചെടുത്ത് ഉറങ്ങുകയും പതിവായി. അതിന്റെ ഫലമായിട്ടാവാം, അതിമധുരങ്ങളായ പദാവലികളും ഈണങ്ങളും ഉപയോഗിച്ച് കവിതകളെഴുതാന്‍ ആ കുട്ടിക്ക് പിന്നെ സാധ്യമായത്.
അന്നത്തെ ‘നല്ലമ്മ’മാരെപ്പോലെയല്ല ഇന്നത്തെ ‘കൊച്ചമ്മ’മാര്‍. പഴയ പാട്ടുകളൊന്നും അറിയില്ല; പാടാനും അറിയില്ല. അറിഞ്ഞാലോ? അതിനൊന്നും നേരമില്ല. വല്ല കൊച്ചുകഥകളും പറഞ്ഞു കൊടുത്താലായി. അച്ഛനമ്മമാരുടെ തിരക്കുകള്‍ക്കിടയില്‍ കുട്ടികളും തിരക്കുകാരാകുന്നു. പലതും അവര്‍ നേടുന്നുണ്ടാവാം. പക്ഷെ, വിലപ്പെട്ട ചിലത് നഷ്ടമാകുന്നുമുണ്ട്. അതവിടെ നില്ക്കട്ടെ. നിങ്ങളുടെ അവസ്ഥ എന്താണ്? കവിതകള്‍ അറിയാമോ? ഉറക്കെ പാടിപ്പഠിക്കാറുണ്ടോ?
“ഉണ്ട്. കഴിഞ്ഞവര്‍ഷം പദ്യം ചൊല്ലല്‍ മത്സരത്തില്‍ എനിക്ക് ഒന്നാം സമ്മാനം കിട്ടി.” അമൃത പറഞ്ഞു: “ചേട്ടന് കഥയെഴുത്തിലായിരുന്നു സമ്മാനം.”
നന്നായി. പണ്ട്, ഇന്നത്തെപ്പോലെ നഴ്സറി സ്കൂളൊന്നും ഇല്ലായിരുന്നു. കൊച്ചുകുട്ടനെ ഒന്നാം ക്ലാസില്‍ നേരിട്ട് ചേര്‍ക്കുകയായിരുന്നു. ആ ‘എന്ട്രന്സി’നെപ്പറ്റി ചങ്ങമ്പുഴ വളരെ രസകരമായ ഒരു വിവരണം നല്‍കുന്നുണ്ട്.
വീട്ടില്‍നിന്ന് പ്രാഥമിക വിദ്യാലയത്തിലേയ്ക്ക് അധികം ദൂരമില്ല. ഒരു ദിവസം അച്ഛനും മുത്തച്ഛനും കൂടി കൊച്ചുകുട്ടനെ സ്കൂളിലേയ്ക്ക് കൊണ്ടുപോയി ചേര്‍ത്തു.
കുട്ടനെ ഒരാള്‍ ഒന്നാം ക്ലാസിലേയ്ക്ക് നയിച്ചു. അവിടെ ഒരു സാര്‍ ഇരിപ്പുണ്ട്. കൈയില്‍ വലിയ ഒരു ചൂരലും. ആ ഇരിപ്പുകണ്ടപ്പൊഴേ കുട്ടന് വിറയല്‍ വന്നു. അവന് തിരിഞ്ഞുനോക്കി. സാറിനോട് എന്തോ പറഞ്ഞശേഷം അച്ഛനും മുത്തച്ഛനും പോവുകയാണ്.
മുന്നിലിരിക്കുന്ന സാറിനേയും ചൂരലിനേയും നോക്കി കുട്ടന് കരയാന്‍ തുടങ്ങി. അത് പൊട്ടിക്കരച്ചിലായി…ങേ….
സാറ് കുട്ടന്റെ അരികിലെത്തി ആശ്വാസവാക്കുകള്‍ പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. കൈയിലെ ചൂരല്‍ നോക്കിയാണ് കരച്ചില്. സാറിന് കാര്യം മനസ്സിലായി. അദ്ദേഹം ചൂരല്‍ അവിടെയുള്ള വീഞ്ഞപ്പെട്ടിയിലിട്ട് കുട്ടനെ അതിന്റെ പുറത്ത് എടുത്തിരുത്തുകയും ചെയ്തു.
കരച്ചിലിന്റെ ശക്തി കുറഞ്ഞു. അടുത്തപടിയായി ഒരു കുട്ടിയെ കടയിലേയ്ക്കയച്ചു സാറ് കുറെ നാരങ്ങാ മിഠായി വരുത്തി. കരച്ചിലുകാരന്റെ രണ്ടുകൈകളിലും കുപ്പായക്കീശയിലും സാറു മിഠായി നിറച്ചു. ബാക്കിയുള്ളവ മറ്റു കുട്ടികള്‍ക്കും വീതിച്ചു. ഇടയ്ക്ക് ഓരോ ആശ്വാസവാക്കുകളും അദ്ദേഹം പറയുന്നുണ്ടായിരുന്നു. അപ്പോള്‍ കുട്ടനു തോന്നി: “എന്തു നല്ല സാര്‍!”
സി.കെ.രാമന് മേനോന് എന്നായിരുന്നു ആ സാറിന്റെ പേര്. താന്‍ വീഞ്ഞപ്പെട്ടിപ്പുറത്തിരുത്തിയും മിഠായി കൊടുത്തും ആശ്വസിപ്പിച്ച ഈ പയ്യന്, ഭാവിയില്‍ തന്റെ മകളെ ജീവിതസഖിയായി കൊടുക്കേണ്ടി വരുമെന്ന് അന്ന് അദ്ദേഹം സ്വപ്നത്തില്‍പ്പോലും വിചാരിച്ചിരിക്കില്ല. ശാലീനയും സ്നേഹസമ്പന്നയുമായി ഇപ്പോള്‍ മിസ്സിസ് ശ്രീദേവി ചങ്ങമ്പുഴ എന്ന പേരില്‍ അറിയപ്പെടുന്ന യുവതി അന്ന് ജനിച്ചിട്ടുപോലും ഇല്ലായിരുന്നല്ലോ എന്നാണ് കവിയുടെ രസികന്‍ നിരീക്ഷണം.
രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ കൊച്ചുകുട്ടന് വീടുപേക്ഷിച്ചു പോകാന്‍ തീരുമാനിച്ചു. അച്ഛന്റെ അമിതമായ ശാസനകളിലുള്ള പ്രതിഷേധമെന്നു പറയാം. സ്കൂളിലേയ്ക്ക് പുറപ്പെട്ടവന് അങ്ങോട്ട് കയറിയില്ല. ഏതോ വഴികളിലൂടെ അകലേയ്ക്ക് നടന്നുകൊണ്ടിരുന്നു. ഉച്ചയായപ്പോള്‍ തളര്‍ച്ചയും വിശപ്പും മൂലം കരയാന്‍ തുടങ്ങി. ദയാലുവായ ഒരാള്‍ കാര്യങ്ങള്‍ അന്വേഷിച്ചു കുട്ടിയെ തറവാട്ടില്‍ എത്തിക്കുകയായിരുന്നു.
കൊച്ചുകുട്ടന് മിഡില്‍ സ്കൂളിലായിരിക്കെ തന്നെ അച്ഛന് മരിച്ചു. അതോടെ താന്‍ കൂടുതല്‍ സ്വതന്ത്രനായി എന്നുതോന്നി. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക എന്ന സ്വഭാവക്കാരനാണ് കുട്ടന്. ഒരിക്കല്‍ കൂട്ടുകൂടിയുള്ള നാടന്‍ കളി അവസാനിച്ചത് അടികലശലിലായിരുന്നു. മുറിവുകളില്‍നിന്ന് ഒലിക്കുന്ന ചോരയും കീറിയ വസ്ത്രവും കാട്ടി കൂട്ടുകാരന് അമ്മയോട് പരാതി പറയാനെത്തി.
അമ്മയ്ക്ക് ആ പയ്യന്റെ അവസ്ഥ കണ്ടു സങ്കടം തോന്നി; മകനോട് കഠിനമായ ദേഷ്യവും! അവര്‍ ഒരു വടിയെടുത്ത് മകനെ കണക്കറ്റ് പ്രഹരിച്ചു. കൊച്ചുകുട്ടന് അലറിക്കരയാതെ വയ്യ. കണ്ടുനില്ക്കുന്ന കുട്ടുകാരാകട്ടെ, പൊട്ടിച്ചിരിച്ചു ആഘോഷിക്കുകയായിരുന്നു! അപ്പോള്‍ തോന്നിയ നാണക്കേടില്‍ കുട്ടന്റെ ഹൃദയം കൂടുതല്‍ വേദനിച്ചു.
എന്നാല്‍ അടുത്ത പ്രഭാതം വരെ പ്രസരിപ്പുള്ളതായിട്ടാണ് കൊച്ചുകുട്ടന് തോന്നിയത്. തലേദിവസത്തെ സംഭവം മുഴുവന്‍ താളമുള്ള പദാവലികളായി മനസ്സില്‍ നൃത്തം ചെയ്യുന്നു! കടലാസും പെന്‍സിലുമെടുത്ത് അതൊക്കെയും എഴുതിവെച്ചു. നൂറു-നൂറ്റമ്പത് വരികളുണ്ട്. വായിച്ചുനോക്കിയപ്പോള്‍ നല്ല രസം!
ഈ സന്തോഷം ആരുമായെങ്കിലും പങ്കിടണമെന്ന് കൊച്ചുകുട്ടന് തോന്നി. ഉടനെ അല്‍പ്പം അകലെയുള്ള രാമയ്യര് എന്ന സഹപാഠിയുടെ അടുക്കലേയ്ക്ക് ഓടിച്ചെന്നു. ചൊല്ലിക്കേള്‍പ്പിക്കുകയും ചെയ്തു. നന്നായിട്ടുണ്ട് എന്ന അഭിപ്രായം കിട്ടിയപ്പോള്‍ വേറെ കൂട്ടുകാരുടെ അടുക്കലേയ്ക്കായി ഓട്ടം. അവരും നല്ലത് പറഞ്ഞപ്പോള്‍ കൊച്ചുകുട്ടന്റെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. താന്‍ ഒരു കവിയാവുകയാണെന്ന് ആ ഹൃദയം മന്ത്രിച്ചു. മുഴുവന്‍ ഓര്‍ക്കുന്നില്ലെങ്കിലും തുടക്കത്തിലെ വരികള്‍ ഇങ്ങനെയാണെന്ന് ചങ്ങമ്പുഴ തന്നെ കുറിച്ചുവെച്ചിട്ടുണ്ട്.
തൃക്കണ്പുരമെന്ന് പേരുള്ളൊരമ്പലം
ബാലകൃഷ്ണന് തന്റെ വാസദേശം
കുറ്റിച്ചക്കാലയാം വീടിന്റെ മുമ്പിലെ
കുറ്റിക്കാടുള്ള കളിപ്രദേശം
കളി കാര്യമാകുന്നു: ക്രമേണ കവിതയാകുന്നു എന്നു പറയാം!
“കവിതയില്‍ പറയുന്ന കളിപ്രദേശം ഇപ്പോള്‍ അവിടെയുണ്ടോ അമ്മാവാ?” പ്രസാദ് ചേദിച്ചു.
“എന്തിനാ ചേട്ടാ? കവിതയുടെ വിദ്യാരംഭം കുറിച്ച ആ കളിക്കളത്തില്‍ ചെന്ന് അല്‍പ്പം കളിക്കണമെന്ന് തോന്നുന്നുണ്ടോ?” അമൃതയുടെ കുസൃതിച്ചോദ്യം ഉയര്‍ന്നു.
“നിങ്ങള്‍ തല്ലുകൂടണ്ട കുട്ടികളേ! കളിപ്രദേശമൊക്കെ കെട്ടിടങ്ങളായിപ്പോയി. തൃക്കണ്ണാപുരം പാര്‍ത്ഥസാരഥി ക്ഷേത്രം അവിടെയുണ്ട്; മറ്റു പലതും. നമുക്കൊരു ദിവസം അങ്ങോട്ടു പോകാം. ഇന്ന് ഇത്രയും മതി.” ഞാന്‍ പറഞ്ഞു.
-തുടരും-
പി.ഐ.ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: