വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു മഹേന്ദ്രസിംഗ് ധോണി എന്ന മഹിക്ക് ഇന്ത്യന്‍ ഏകദിന ടീമിന്റെ ചുമതല ഏറ്റെടുക്കേണ്ടിവന്നത്. എന്നാല്‍ എല്ലാവരുടെയും പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു ക്യാപ്റ്റന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച. മഹിയെ ക്യാപ്റ്റനായി തെരഞ്ഞെടുത്തപ്പോള്‍ അതിനെ പഴിച്ച പല ക്രിക്കറ്റ് നിരൂപകരേയും അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയായിരുന്നു അത്. അനില്‍ കുബ്ലക്ക്ശേഷം ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ആര്‍ക്ക് എന്നുള്ള ചോദ്യത്തിന് സെലക്ടര്‍മാര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഏതു സെലക്ടര്‍മാരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള നേതൃപാടവമാണ് തുടക്കം മുതല്‍ക്കെ ധോണിയില്‍ നിന്നുമുണ്ടായത്. പല ഇന്‍സ്റ്റിറ്റിയൂട്ടുകളിലും നേതൃപാടവം അഭ്യസിക്കാനുള്ള അധ്യാപകനായി ധോണി ക്ഷണിക്കപ്പെട്ടതും വാര്‍ത്തയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രധാന മൂന്ന് ചാമ്പ്യന്‍ഷിപ്പുകളിലും(ട്വന്റി-20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍ ട്രോഫി) ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച ഏക ക്യാപ്റ്റന്‍ എന്ന ബഹുമതി ധോണിയുടെ നേതൃപാടവത്തിനുള്ള വലിയ അംഗീകാരം. ടെസ്റ്റ് ക്രിക്കറ്റിന്റെ ലോകജേതാക്കള്‍ക്ക് ഐസിസി നല്കുന്ന ട്രോഫിയും രണ്ടുതവണ ധോണിയെ തേടി എത്തി.
ഇന്ത്യ കണ്ട ഏക്കാലത്തെയും മികച്ച ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിതന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ ആകുക എന്നത് എത്രത്തോളം ബുദ്ധിമുട്ട് ഏറിയ ചുമതലയാണെന്ന് അത് അനുഭവിക്കേണ്ടിവന്നവര്‍ക്ക് മാത്രമേ അറിയാവൂ. ഇത് ഒരു ഹോട്ട് സീറ്റാണെന്നും അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി. ക്രിക്കറ്റ് ലോകത്തെ ദൈവമായ സാക്ഷാല്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് പോലും ഇന്ത്യന്‍ ടീമിന്റെ നായക പദവി മുള്‍ക്കിരീടമായിരുന്നു. എന്നാല്‍ ഈ സമ്മര്‍ദങ്ങളെയെല്ലാം അനായാസം മറികടന്നു എന്നതുതന്നെ ധോണിയുടെ മഹത്വം. സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നവരാണ് യഥാര്‍ത്ഥ വിജയികളെന്നും തനിക്ക് അത്തരം കളിക്കാരെയാണ് അല്ലാതെ ടെക്നീഷ്യന്മാരെ അല്ല ആവശ്യമെന്നും മഹി ഓര്‍മ്മപ്പെടുത്തുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിജയശ്രീലാളിതനെന്ന വിശേഷണവും ധോണിക്ക് മാത്രം സ്വന്തം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുക്കാല്‍ നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ഒരു തവണ (1983) മാത്രമേ ലോകകിരീടം ഇന്ത്യക്ക് കൈവന്നിട്ടുള്ളൂ. എന്നാല്‍ ധോണി ക്യാപ്റ്റന്‍സി ഏറ്റെടുത്ത് നാലുവര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് മൂന്ന് ലോകകിരീടം കൈവന്നു. പ്രഥമ ടി-20 ലോകകപ്പ്, ബെസ്റ്റ് ക്രിക്കറ്റിലെ ഐസിസി ലോകചാമ്പ്യന് പട്ടം ഒപ്പം ഏകദിന ക്രിക്കറ്റിലെ ചാമ്പ്യന്‍ പട്ടവും ഇതൊന്നുംകൂടാതെ ഈ അടുത്തുനടന്ന ചാമ്പ്യന്‍സ് ട്രോഫി കിരീടവും ധോണി ഇന്ത്യക്ക് നേടിതത്തന്നു. ഐപിഎലിലും ചാമ്പ്യന്‍സ് ലീഗിലും ധോണിയുടെ കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയിച്ചിട്ടുണ്ട്. ലോക ടെസ്റ്റ് റാങ്കിംഗ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഒന്നാമത്തെത്തിയതും മഹിയുടെ ക്യാപ്റ്റന്‍സിയില്‍ ആണെന്ന് ഓര്‍ക്കണം. ലോകകപ്പ് വേളയില്‍ ധോണിയുടെ ബാറ്റിംഗ് മോശം ഫോമിലായിരുന്നു. ഫൈനലില്‍ ധോണിയുടെ വിക്കറ്റ് നഷ്ടമായി ഇന്ത്യ സമ്മര്‍ദ്ദത്തിലായ സമയത്ത് സെമിയില്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായ യുവരാജ് സിംഗിനെ സമ്മര്‍ദ്ദത്തിലാക്കേണ്ട എന്ന തീരുമാനം എടുക്കുകയും ആ സ്ഥാനം ധോണി ഏറ്റെടുക്കുകയുമായിരുന്നു. തുടക്കത്തില്‍ കരുതലോടെ കളിച്ച ധോണി ഓരോ ഓവര്‍ പിന്നിടുമ്പോഴും കൂടുതല്‍ കരുത്തനായി മാറുകയായിരുന്നു. ധോണിയുടെ ട്രേഡ്മാര്‍ക്ക് ഷോട്ടുകള്‍ കണ്ട വാങ്കടയിലെ ഇന്ത്യന്‍ ആരാധകര്‍ തുള്ളിച്ചാടി. രണ്ടുതവണ ആ ബാറ്റില്‍നിന്നും ഹെലികോപ്ടര്‍ ഷോട്ടുകള്‍ പറന്നു. അതിലൊന്ന് ഇന്ത്യയുടെ വിജയം കുറിച്ച റണ്കൂടിയായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ വിജയം കൈവരിച്ചവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ക്രിക്കറ്റ് ജീനിയസ്സുകളായ സച്ചിനോ ഗവാസ്ക്കറോ പോലും ക്യാപ്റ്റന്‍ എന്നനിലയില്‍ പരാജയമായിരുന്നു. അജിത് വഡേക്കര്‍, കപില്‍ദേവ്, സൗരവ്ഗാംഗുലി, മുഹമ്മദ് അസറുദീന്‍ തുടങ്ങിയവര്‍പോലും വിജയത്തിന്റെ കാര്യത്തില്‍ ധോണിക്ക് പിന്നിലാണ്. ഇവിടെയാണ് ധോണിയെന്ന നായകന്റെ സവിശേഷത. ധോണി 47 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചു. അതില്‍ 24-ല്‍ വിജയിച്ചു. 12 മാച്ചുകള്‍ തോറ്റു. 11 എണ്ണം സമനില. പട്ടോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഒന്‍പത് വിജയം കണ്ടു. ഇതില്‍ 40 ഉം ടെസ്റ്റില്‍ നിന്നായിരുന്നു. ഗവാസ്ക്കര്‍ ഒന്‍പത് ജയം നേടിയത് 47 ടെസ്റ്റുകളില്‍ നിന്നായിരുന്നു. അസറുദീനും 14 വിജയങ്ങള്‍ക്ക് 47 ടെസ്റ്റുകള്‍ വേണ്ടിവന്നു. 49 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച എക്കാലത്തെയും മികച്ച ക്യാപ്റ്റനായിരുന്ന ഗാംഗുലിക്ക് നേടാനായത് 21 ജയങ്ങള്‍ മാത്രം. ഇതിലും വളരെ മുന്നിലാണ് ധോണിയുടെ ഏകദിന റെക്കോര്‍ഡ്. 139 ഏകദിനങ്ങളില്‍ 80 വിജയങ്ങള്‍ നേടാന്‍ ധോണിക്ക് കഴിഞ്ഞു. 47 എണ്ണത്തില്‍ മാത്രമാണ് തോല്‍വി അറിഞ്ഞത്. ടി -20യില്‍ 40 കളികളില്‍നിന്നായി 19 ജയങ്ങളും നേടിയിട്ടുണ്ട്.
സിക്സറുകള്‍ പറത്തുന്ന ഒരു വിക്കറ്റ് കീപ്പര്മാത്രമായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തുമ്പോള്‍ ധോണി. എന്നാല്‍ രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞശേഷം സച്ചിന്‍പോലും ഏറ്റെടുക്കാന്‍ മടിച്ച പദവിയാണ് ധോണി ധൈര്യപൂര്‍വ്വം ഏറ്റെടുത്തത്. എന്നാല്‍ മുടിനീട്ടിവളര്‍ത്തിയ മോഡേണ്‍ ആയ പയ്യന് ഇന്ത്യയെ എങ്ങനെ നയിക്കും എന്നതായിരുന്നു എല്ലാവരുടെയും സംശയം. എന്നാല്‍ മറ്റു പലരെയും നായകനാക്കുന്നത് ടീമിന്റെ ഘടനയെ ബാധിക്കുമെന്ന ഗതികേടിലാണ് ധോണിയെ ആദ്യം ഏല്‍പ്പിച്ചത്. എന്നാല്‍ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ഇന്ത്യയുടെ യഥാര്‍ത്ഥ നായകനായി ധോണി വളരുകയായിരുന്നു. സിക്സറുകള്‍ പായിക്കുന്ന ബാറ്റ്സ്മാനില്നിന്നും പക്വതയുള്ള ഒരു കളിക്കാരനായി ധോണി മാറുകയായിരുന്നു.
വിജയങ്ങളില്‍ ആഹ്ലാദവും പരാജയങ്ങളില്‍ വിഷമവും കളിക്കളത്തില്‍ ധോണി കാണിക്കാറില്ല. അടുത്തിടെ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ വിജയിച്ചശേഷം നടന്ന സമ്മാനദാനചടങ്ങില്‍ ഐസിസിയുടെ എല്ലാ ചാമ്പ്യന്‍ഷിപ്പുകളും നേടി ഇനിയെന്ത് ബാക്കിയെന്ന ചോദ്യത്തിന് അടുത്തകളി എങ്ങനെ നന്നായികളിക്കാം എന്ന ധോണിയുടെ ഒറ്റ ഉത്തരംമതി അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കാന്‍.
വി.വി. അനൂപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: