കോഴിക്കോട്: സോളാര്‍ തട്ടിപ്പില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഏതന്വേഷണം നടത്താനും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴിക്കോട് ഡി സി സി ടാഗോര്‍ സെന്റിനറി ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു ഉമ്മന്‍ചാണ്ടി. ജുഡീഷ്യല്‍ അന്വേഷണത്തോട് സര്‍ക്കാറിന് അഭിപ്രായവ്യത്യാസമില്ല . ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ട്.
കുറ്റവാളികള്‍ക്ക് കോടതിയെ അഭയം പ്രാപിക്കാനും അന്വേഷണം മരവിപ്പിക്കാനും കഴിയുമെന്ന മുന്‍കാല അനുഭവങ്ങളുണ്ട്. കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടരുത്. അതിനാലാണ് ആദ്യം പൊലീസ് അന്വേഷണം നടക്കട്ടെ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികളുടെ വെളിപ്പെടുത്തലും ഒരുകൂട്ടം കള്ളപ്പണക്കാര്‍ പറയുന്നതുമാണ് പ്രതിപക്ഷം മുഖവിലയ്ക്കെടുക്കുന്നത്. ഇപ്പോഴത്തെ പ്രതികള്‍ എല്‍ ഡി എഫ് ഭരണത്തില്‍ ഇതേകുറ്റം ചെയ്തപ്പോള്‍ അവരാരും ശിക്ഷിക്കപ്പെട്ടില്ല. പി ആര് ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസിനെ പ്രതിയാക്കി എല്‍ ഡി എഫ് ഭരണകാലത്ത് ചാര്‍ജ് ചെയ്ത കേസില്‍ അറസ്റ്റ് ഇപ്പോഴാണ് നടന്നത്.
സര്‍ക്കാറിനെ അട്ടിമറിയ്ക്ക് ഇടതുപക്ഷം ഗൂഡാലോചന നടത്തുകയാണ്. സോളാര്‍ തട്ടിപ്പില്‍ സര്‍ക്കാറിന് ഒരു രൂപപോലും നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍ ജനങ്ങളുടെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. തട്ടിപ്പ് കമ്പനിക്ക് ഒരുവിധ സഹായവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. എല്‍ ഡി എഫ് ഭരണകാലത്ത് പി ആര് ഡി പരസ്യത്തില്‍ വരെ ടീം സോളാര്‍ സ്ഥാനം പിടിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി സി സി പ്രസിഡന്റ് കെ സി അബു അധ്യക്ഷനായിരുന്നു.
ഡിസിസി ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ നിന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.അനില്‍കുമാര്‍ എന്നിവരടക്കം നിരവധി ഐ ഗ്രൂപ്പ്നേതാക്കള്‍ വിട്ടു നിന്നു. മുല്ലപ്പള്ളി രാമചന്ദ്രന് സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു ഡിസിസി നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പരിപാടിയില്‍ പങ്കെടുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ രമേശ് ചെന്നിത്തല ആയുര്‍വേദ ചികിത്സയിലായതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: