ഇടുക്കി: കുമളിയില്‍ മര്‍ദ്ദനത്തിന് ഇരയായി ചികിത്സയില്‍ കഴിയുന്ന അഞ്ച് വയസ്സുകാരന് ഷെഫീഖിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോ.നിഷാന്ത് പോള്‍ അറിയിച്ചു. വെന്റിലേറ്ററില്‍ നിന്നും കുട്ടിയെ മാറ്റാന്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടി കൈകാലുകള്‍ ചലിപ്പിക്കുന്നതും ഇമ ചിമ്മുന്നതും ആശാവഹമായ മാറ്റമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
രക്ത സമ്മര്‍ദ്ദവും ഹൃദയ സ്പന്ദനവും സാധാരണ നിലയില്‍ തുടരുന്നു. കുട്ടിക്ക് അപസ്മാര ബാധ ഉണ്ടാകാത്തത് പ്രതീക്ഷക്ക് വക നല്കുന്നു. കൈകാലുകള്‍ അനക്കുന്നതും ശുഭലക്ഷണമാണ്. കുട്ടിക്ക് വെന്റിലേറ്റര്‍ സഹായം കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും ഡോക്ടര്‍ പറഞ്ഞു. വെന്റിലേറ്ററിന്റെ മര്‍ദ്ദം കുറയ്ക്കുന്നതോടെ കുട്ടി സ്വയം ശ്വസിക്കുകയാണെങ്കില്‍ ഘട്ടംഘട്ടമായി വെന്റിലേറ്റര്‍ സഹായം കുറച്ചു കൊണ്ടു വരാനാണ് തീരുമാനം.
ഭക്ഷണത്തോട് കുട്ടിയുടെ ശരീരം പ്രതികരിക്കുന്നുണ്ട്. വെന്റിലേറ്റര്‍ സഹായം കുറയ്ക്കുമ്പോള്‍ കുട്ടിയുടെ നില മോശമാവുകയാണെങ്കില്‍ പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് വിദഗ്ധാഭിപ്രായം. നാളെ കുട്ടിയെ വീണ്ടും സി.ടി സ്കാന്‍ പരിശോധനയ്ക്ക് വിധേയനാക്കും. ഷെഫീക്കിനുവേണ്ടി പ്രാര്‍ത്ഥനകളുമായി നിരവധി പേരാണ് ആശുപത്രി പരിസരത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: