തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ പീഡനം തടയാന്‍ ശക്തമായ നിയമനിര്‍മ്മാണം വേണമെന്ന് ബാലഗോകുലം ആവശ്യപ്പെട്ടു. പിഞ്ചുകുട്ടികള്‍വരെ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതിന്റെ വാര്‍ത്തകള്‍ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു. മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതുമായ ഇത്തരം പ്രവണതകള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍ കഴിയണം. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹമാണ്. സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ക്ക് ഉപരി നിയമപരമായ നടപടികളാണ് ഉണ്ടാകേണ്ടത്. ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഹരികുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കുട്ടികള്‍ക്കെതിരായ ക്രൂരകൃത്യങ്ങള്‍ തടയാന്‍ കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ബാലഗോകുലം സംസ്ഥാന രക്ഷാധികാരി പ്രൊഫ. സി.എന്‍.പുരുഷോത്തമന് കോട്ടയത്ത് ആവശ്യപ്പെട്ടു. സംസ്ഥാനത്താകെ കുട്ടികളോട് കാട്ടുന്ന ക്രൂരതയുടെ അവസാനത്തെ ഇരയാണ് കട്ടപ്പനയിലെ ഷെഫീക്ക്. ഇനിയും ഒരു കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുത്. കുട്ടികള്‍ രാഷ്ട്രത്തിന്റെ സമ്പത്തും ഭാവിയുടെ വാഗ്ദാനങ്ങളുമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ബാലഗോകുലം കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ പ്രവര്‍ത്തിക്കുന്ന വേദിയായ സൗരക്ഷികയിലൂടെ നിരവധി തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തു ചേര്‍ന്ന ബാലഗോകുലംമേഖലാ യോഗത്തില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.എം.ഗോപി, സംസ്ഥാന സമിതി അംഗങ്ങളായ സി.സി.ശെല്വന്, കെ.എന്‍.സജികുമാര്‍, മേഖലാ അദ്ധ്യക്ഷന്‍ വി.എസ്.മധുസൂദനന്, മേഖലാ സംഘടനാ കാര്യദര്‍ശി കെ.എസ്.ശശിധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: