വാഷിങ്ങ്ടണ്‍: 95-ാം പിറന്നാള്‍ ദിനത്തില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയ്ക്ക് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ആശംസകള്‍ നേര്‍ന്നു. അമേരിക്കന്‍ ജനതയുടെയും എന്റെയും കുടുംബത്തിന്റെയും പേരില്‍ മണ്ടേലയ്ക്കു ജന്മദിനാശംസകള് നേരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു, ഒബാമ പറഞ്ഞു.
അദ്ദേഹത്തിന്റെ പാത പിന്തുടരുന്നതിലൂടെ മാത്രമെ സ്വാതന്ത്ര്യവും നീതിയും സമത്വവും എന്തെന്ന് സ്വന്തം ജനതയെയും ലോകത്തെയും പഠിപ്പിച്ച മണ്ടേലയെ നമുക്ക് ആദരിക്കാനാവു. ആ ജീവിതം തന്നെ സേവനമാണ്. മനുഷ്യവര്‍ഗത്തിന്റെ സമത്വത്തിനും അന്തസിനും വേണ്ടി അദ്ദേഹം നടത്തിയ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടങ്ങള്‍ വരും തലമുറയ്ക്കും വെളിച്ചം പകരും.
27 വര്‍ഷംനീണ്ട തടവുകാലത്തില്‍ മണ്ടേല ഏറെ സമയവും കഴിഞ്ഞ റോബ്സന് ഐലന്റിലെ ജയിലില്‍ നടത്തിയ സന്ദര്‍ശനം ഏറെ സ്വാധീനിച്ചു. ആത്മധൈര്യത്തിന്റെയും കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായ മണ്ടേല എന്നും ലോകത്തിന് ഊര്‍ജം പകരുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് പ്രിട്ടോറിയയിലെ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലാണ് മണ്ടേല. അതിനാല്‍ത്തന്നെ ദക്ഷിണാഫ്രിക്കന്‍ ജനത പ്രാര്‍ത്ഥനാ മുഖരിതമായ അന്തരീക്ഷത്തിലാണ് മുന്‍ പ്രഥമ പുരുഷന്റെ പിറന്നാള്‍ കൊണ്ടാടിയത്. മണ്ടേലയെ പ്രവേശിപ്പിച്ചിരിക്കുന്ന മെഡി ക്ലിനിക്ക് ഹാര്‍ട്ട് ഹോസ്പിറ്റലിനു മുന്നില്‍ ഇന്നലെ പതിനായിരിക്കണക്കിനുപേര്‍ ആശംസകളുമായെത്തി.
രാവിലെ പതിനൊന്ന് മണിയോടുകൂടി ആശുപത്രി സന്ദര്‍ശിച്ച പ്രസിഡന്റ് ജേക്കബ് സുമ മണ്ടേലയെ നേരില്‍കണ്ടു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മിലിട്ടറി ബാന്റോടുകൂടി ദേശീയഗാനം ആലപിക്കപ്പെട്ടു. മണ്ടേലയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് പ്രസിഡന്റിന്റെ വക്താവ് മക് മഹരാജ് വ്യക്തമാക്കിയതും ആശ്വാസ വാര്‍ത്തയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: