ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഉറ്റ സുഹൃത്തും ഹെലികോപ്റ്റര്‍ ഷോര്‍ട്ടിന്റെ ഉപജ്ഞാതാവുമായ സന്തോഷ് ലാല്‍ അന്തരിച്ചു. 32 വയസ്സായിരുന്നു. ധോണിയിലൂടെ ലോക ക്രിക്കറ്റില്‍ പ്രശസ്തമായ ഹെലികോപ്റ്റര്‍ ഷോട്ടിന്റെ ഉപജ്ഞാതാവ് കൂടിയാണ് സന്തോഷ് ലാല്‍. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായ സന്തോഷിന് ഭാര്യയും മൂന്നുവയസ്സുള്ള മകളുമുണ്ട്.
മുന്‍ രഞ്ജിതാരം കൂടിയായ സന്തോഷ് പാന്‍ക്രിയാസിലെ അസുഖത്തെ തുടര്‍ന്ന് ദല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കടുത്ത വയറുവേദനയെ തുടര്‍ന്ന് ഈ മാസം 12നാണ് സന്തോഷ് ലാലിനെ റാഞ്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാന്‍ക്രിയാറ്റിറ്റിസ് എന്ന രോഗമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സന്തോഷിനെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി വിമാന മാര്‍ഗം ദല്‍ഹിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ധോണിയായിരുന്നു ഇതിന് മുന്‍കയ്യെടുത്തിരുന്നത്.
മഹേന്ദ്ര സിംഗ് ധോണിക്കൊപ്പം സന്തോഷ് രഞ്ജിയില്‍ കളിച്ചിട്ടുണ്ട്. ബാല്യകാല സുഹൃത്തുകൂടിയായ സന്തോഷിന്റെ ചികിത്സയുടെ പൂര്‍ണ്ണ ഉത്തരാവാദിത്തം ധോണി തന്നെ ഏറ്റെടുത്തിരുന്നു. സന്തോഷിനെ ദല്‍ഹിയിലേക്ക് മാറ്റുന്നതിനും ധോണിയായിരുന്നു മുന്‍കൈയെടുത്തത്. എന്നാല്‍ രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയതിനാല്‍ രക്ഷിക്കാനായില്ല.
പ്രശസ്തമായ ഹെലികോപ്റ്റര്‍ ഷോട്ടിന്റെ ക്രെഡിറ്റ് ധോണി നല്‍കിയത് ഈ പ്രിയ സുഹൃത്തിനായിരുന്നു. ഹെലികോപ്ടര്‍ ഷോട്ട് തന്നെ പഠിപ്പിച്ചത് സന്തോഷ് ആണെന്ന് മുന്‍പ് ധോണി വെളിപ്പെടുത്തിയിരുന്നു. രഞ്ജി ട്രോഫിയില്‍ സന്തോഷ് വിജയകരമായി പരീക്ഷിച്ച ഷോട്ടായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: