ലോര്‍ഡ്സ്: ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ നാളെ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് തുടക്കം. ആദ്യ ടെസ്റ്റില്‍ 14 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റുകളുടെ ചരിത്രപ്രസിദ്ധമായ പരമ്പരയില്‍ 1-0ന് മുന്നിലാണ്.
ഓള് റൗണ്ട് പ്രകടനത്തിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്സില്‍ 65 റണ്‍സിന്റെ ലീഡ് നേടിയ ശേഷമാണ് ഓസ്ട്രേലിയ പരാജയം ഏറ്റുവാങ്ങിയത്.
മുന്‍നിര താരങ്ങള്‍ ബാറ്റിംഗില്‍ ഫോമിലേക്കുയരാത്തതാണ് ലേ മാന്റെ ശിക്ഷണത്തിലിറങ്ങിയ ഓസ്ട്രേലിയക്ക് തിരിച്ചടിയായത്. മുന്നേറ്റ നിരയെ അപേക്ഷിച്ച് വാലറ്റം ഉജ്ജ്വല പ്രകടനമാണ് ആദ്യ ടെസ്റ്റില്‍ നടത്തിയത്. മുന്‍നിരതാരങ്ങളായ വാട്സണ്, റോജേഴ്സ്, കോവന്, ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് തുടങ്ങിയവര്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടപ്പോള്‍ ഹ്യൂസും ആഷ്ടണ്‍ അഗറും ചേര്‍ന്നാണ് ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയക്ക് ലീഡ് സമ്മാനിച്ചത്.
രണ്ടിന്നിങ്ങ്സിലുമായി ഓസീസ് നേടിയ 576 റണ്‍സില്‍ 228 റണ്‍സും അവസാനവിക്കറ്റ് സഖ്യത്തിന്റെ സംഭാവനയായിരുന്നു. ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റക്കാരനായ ആഷ്ടണ്‍ അഗറിന്റെ 98 റണ്‍സെന്ന അദ്ഭുത പ്രകടനത്തില്‍ പത്താംവിക്കറ്റില്‍ 163 റണ്‍സെന്ന റെക്കോര്‍ഡ് സ്കോറാണ് ഓസ്ട്രേലിയ ഉയര്‍ത്തിയത്. ഹ്യൂസായിരുന്നു ഈ റെക്കോര്‍ഡ് പ്രകടനത്തില്‍ അഗറിന്റെ കൂട്ടാളി. ഒന്നാം ഇന്നിംഗ്സില്‍ 81 റണ്‍സെടുത്ത ഹ്യൂസ് പുറത്താവാതെ നിന്നു. ഇരുവര്‍ക്കും പുറമെ 53 റണ്‍സെടുത്ത സ്മിത്ത് മാത്രമാണ് ഓസ്ട്രേലിയന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും മധ്യനിര വീണ്ടും തകര്‍ന്നടിഞ്ഞതാണ് അവര്‍ക്ക് തിരിച്ചടിയായത്. 71 റണ്‍സ് നേടിയ ഹാഡിനായിരുന്നു രണ്ടാം ഇന്നിംഗ്സില്‍ ഓസീസിന്റെ ഹീറോ.
അതേസമയം ഇയാന്‍ ബെല്ലിന്റെ സെഞ്ച്വറിയുംഅലിസ്റ്റര് കുക്കിന്റെയും സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും അര്‍ദ്ധസെഞ്ച്വറികളുമാണ് രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്റെ രക്ഷക്കെത്തിയത്. ഒപ്പം ബൗളര്‍മാര്‍ ഉജ്ജ്വലഫോമിലേക്ക് ഉയരുകയും ചെയ്തതോടെയാണ് ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം സ്വന്തമായത്. ഒപ്പം ഡിആര്‍എസ് സമ്പ്രദായം കൃത്യമായി വിനിയോഗിച്ചതും ഇംഗ്ലണ്ടിന് തുണയായി. ആന്‍ഡേഴ്സന്റെ പന്തില്‍ മാറ്റ് പ്രയര്‍ ഹാഡിനെ പിടികൂടിയെങ്കിലും അമ്പയറിന്റെ തീരുമാനം ഓസീസിന് അനുകൂലമായിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ റിവ്യൂവിന് വിട്ടപ്പോള്‍ ഹാഡിന് പുറത്തായതായി പ്രഖ്യാപനം വന്നു. ഒപ്പം ഇംഗ്ലണ്ടിന് വിജയവും സ്വന്തമായി. രണ്ട് ഇന്നിംഗ്സിലുമായി 10 വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്ഡേഴ്സന് ഉജ്ജ്വല ഫോമിലാണെന്നതാണ് ഇംഗ്ലണ്ടിന് ആത്മവിശ്വാസമേകുന്നത്.
ആദ്യ ടെസ്റ്റില്‍ നേടിയ വിജയം ഇംഗ്ലണ്ടിന് പരമ്പരയില്‍ മാനസികമായ മുന്‍തൂക്കം നല്‍കുമെങ്കിലും ശക്തമായി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഓസ്ട്രേലിയ. ഇരുടീമുകളും തങ്ങളുടെ അഭിമാനപോരാട്ടമായി കാണുന്ന ആഷസ് കിരീടത്തിലേക്ക് ഇനിയുള്ള നാലു ടെസ്റ്റുകളും പോരാട്ടച്ചൂടാല് ശ്രദ്ധേയമാകും എന്നാണ് ആദ്യടെസ്റ്റ് നല്കുന്ന സൂചന.
അതേസമയം ആദ്യ ടെസ്റ്റില്‍ വിജയം നേടിയ അതേ ടീമിനെ തന്നെയാണ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലും അണിനിരത്തുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഓസ്ട്രേലിയ അവസാന ഇലവനെ പ്രഖ്യാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: