കൊച്ചി: ദുലീപ് ട്രോഫി സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക് പിന്നാലെ രഞ്ജി ട്രോഫി മത്സരങ്ങളും കൊച്ചിയിലേക്ക്. രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ഹോം മത്സരങ്ങള്‍ക്കാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ആതിഥ്യം വഹിക്കുക. കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ഹോം മത്സരങ്ങള്‍ക്ക് പെരിന്തല്‍മണ്ണ സ്റ്റേഡിയമായിരുന്നു ആതിഥ്യം വഹിച്ചിരുന്നത്.
രഞ്ജി ട്രോഫി മത്സരം തല്‍സമയം സംപ്രേഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്നതിനാലാണ് മത്സരങ്ങള്‍ കൊച്ചിയിലേക്ക് മാറ്റുന്നത്. കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ ഹോം മത്സരങ്ങള്‍ക്ക് വേദിയൊരുക്കിയ പെരിന്തല്‍മണ്ണ സ്റ്റേഡിയത്തില്‍ ഈ സൗകര്യമില്ലാത്തതാണ് മത്സരങ്ങള്‍ കൊച്ചിയിലേക്ക് മാറ്റാന്‍ കാരണം. കെസിഎയുടെ കീഴിലുള്ള മറ്റ് സ്റ്റേഡിയങ്ങളിലൊന്നും മത്സരം തല്‍സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സൗകര്യം നിലവിലില്ല. നവംബര്‍ 7 മുതല്‍ 10വരെ ആന്ധ്രയുമായാണ് രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ ഹോം മത്സരം. നവംബര്‍ 14 മുതല്‍ ത്രിപുരയുമായും ഡിസംബര്‍ 6 മുതല്‍ ഹിമാചലുമായും 14 മുതല്‍ മഹാരാഷ്‌ട്രയുമായാണ് കേരളത്തിന്റെ മറ്റ് രഞ്ജി ട്രോഫി ഹോം മത്സരങ്ങള്‍.
അതേസമയം, അണ്ടര്‍ 25 സി.കെ. നായിഡു ട്രോഫി, അണ്ടര്‍ 19 കൂച്ച് ബെഹാര്‍ ട്രോഫി മത്സരങ്ങള്‍ക്ക് പെരിന്തല്‍മണ്ണ, ആലപ്പുഴ സ്റ്റേഡിയങ്ങള്‍ വേദിയായേക്കും. അടിസ്ഥാന സൗകര്യങ്ങള്‍ ശരിയാക്കിയാല്‍ വയനാട്ടിലെ സ്റ്റേഡിയത്തിനും ഒരു മത്സരം അനുവദിച്ചേക്കുമെന്ന് കെസിഎ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്രിക്കറ്റ് മൈതാനത്തിനുള്ള ബിസിസിഐ പുരസ്കാരം പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിനായിരുന്നു ലഭിച്ചിരുന്നത്.
ഹൈദരാബാദ്, വിശാഖപട്ടണം, ബംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ പിന്തള്ളിയായിരുന്നു പെരിന്തല്‍മണ്ണ സ്റ്റേഡിയം നേട്ടം കൊയ്തത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്, മുംബൈ വാങ്കഡെ എന്നീ സ്റ്റേഡിയങ്ങള്‍ക്കൊപ്പമായിരുന്നു പുരസ്കാര നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: