മൂവാറ്റുപുഴ: സോളാര്‍ തട്ടിപ്പ് മാതൃകയിലാണ് ഹൈടെക് പോളി ഹൗസ് പദ്ധതി നടപ്പാക്കി നല്‍കാമെന്നേറ്റ് കര്‍ഷകരില്‍ നിന്നും സ്വകാര്യ ഏജന്‍സി ലക്ഷങ്ങള്‍ തട്ടിച്ചത്. കുന്നത്തുനാട് അടക്കം കിഴക്കന്‍ മേഖലയിലുള്ള മുപ്പതോളം കര്‍ഷകരില്‍ നിന്നും രണ്ട് ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്ന് കര്‍ഷകര്‍ പറയുന്നു. പോളി ഹൗസുകള്‍ നിര്‍മ്മിച്ചു നല്കാമെനേറ്റ് വാങ്ങിയ പണം കരാര്‍ കലാവധി കഴിഞ്ഞിട്ടും പോളി ഹൗസുകള്‍ നിര്‍മിച്ചു നല്‍കാതെ കളമശ്ശേരി യിലുള്ള ഏജന്‍സി കര്‍ഷകരെ വലയ്ക്കുന്നത്.
2012-13 വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഹൈടെക് പോളി ഹൗസിനായി കൃഷി ആരംഭിക്കുവാന്‍ ഓരോ പഞ്ചായത്തില്‍ നിന്നും മൂന്ന് കര്‍ഷകരെ കൃഷി ഓഫീസ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ചതാണെങ്കിലും ഡിസംബറോടെ മാത്രമാണ് ഇതിനുള്ള വിജ്ഞാപനം വന്നത്. തുടര്‍ന്ന് മാര്‍ച്ചിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് മാത്രമെ സബ്സിഡി ലഭിക്കൂ എന്ന നിബന്ധന നിലവില്‍ വന്നതിനാല്‍ മറ്റൊന്നും നോക്കാതെ തങ്ങളെ സമീപിച്ച ഏജന്‍സിക്ക് നാല്പത് ശതമാനം പണം നല്കി പോളി ഹൗസുകള്‍ നിര്‍മ്മിക്കുവാന്‍ കരാര്‍ ഒപ്പിടുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ 50ശതമാനവും സംസ്ഥാന സര്‍ക്കാരിന്റെ 25ശതമാനവും കൂട്ടി 75ശതമാനം സബ്സിഡി ലഭിക്കുമെന്നും ജില്ലാ പഞ്ചാത്തും മൂന്ന് ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ടെന്നും പോളിഹൗസ് കൃഷി തുടങ്ങുവാന്‍ മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം മതിയെന്നും പറഞ്ഞിരുന്നുവെങ്കിലും ഏജന്‍സികള്‍ കര്‍ഷകരില്‍ നിന്നും അഞ്ചലക്ഷം രൂപയ്ക്കാണ് കരാര്‍ തയ്യാറാക്കിയത്. ഓണവിപണിയെ ലക്ഷ്യമിട്ട് പച്ചക്കറി കൃഷി നടത്തുമെന്നും രണ്ട് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി നല്‍കാമെന്നും കരാറില്‍ പറഞ്ഞിരുന്നുവെങ്കിലും കരാര്‍ ഒപ്പിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പണി എങ്ങുമെത്തിയിട്ടില്ല. വിവരം കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചുവെങ്കിലും തങ്ങള്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്ന നിലപാടിലാണ് അവര്‍. അതിനാല്‍ തന്നെ തട്ടിപ്പിന് കൃഷി വകുപ്പ് ഉന്നത ഉന്നതഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്ന് കണക്കാക്കുന്നു.
അള്‍ട്രാവയലറ്റ് കിരണങ്ങളെ ചെറുക്കുന്ന യു വി സ്റ്റബിലൈസ്ഡ് പോളി എത്തിലീന്‍ ഷീറ്റ് ഉപയോഗിച്ച് തുറസ്സായ സ്ഥലത്ത് പോളി ഹൗസുകള്‍ നിര്‍മ്മിക്കും. കീടങ്ങള്‍ കടക്കാത്ത വല ഉപയോഗിച്ച് നാലുവശവും മറയ്ക്കും. ഊഷ്മാവ് നിയന്ത്രിക്കുവാന്‍ നിശ്ചിതഇടവേളകളില്‍ വെള്ളം ചിതറിക്കും. ഓരോ ചെടിയുടെ ചുവട്ടിലും വെള്ളവും വളവും കലര്‍ന്ന മിശ്രിതം മണ്ണിനടിയിലൂടെ സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ വഴി എത്തും. കുറഞ്ഞ കാലയളവിനുള്ളില്‍ നാലിരട്ടി വിളവ് ലഭിക്കുമെന്നുള്ളതാണ് പദ്ധതിയുടെ നേട്ടം. എന്നാല്‍ ഹായ് ടെക് പോളി ഹൗസ് കൃഷി പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞ മന്ത്രിക്കോ വകുപ്പിനൊ ഇതിനെ കുറിച്ച് ഒന്നുമറിയില്ലെന്ന നിലപാടാണ്. സര്‍ക്കാര്‍ അംഗീകാരമുണ്ടെന്ന് കാണിച്ച് കര്‍ഷകരെ പറ്റിച്ച ഏജന്സികള്ക്കാവട്ടെ അടിസ്ഥാന നിര്‍മ്മാണത്തില്‍ പോലും പരിചയമില്ലെന്ന് ചൂണ്ടികാണിക്കുന്നു.
തങ്ങള്‍ നടപ്പാക്കിയ പോളി ഹൗസ് കൃഷിയാണെന്ന് മൂക്കന്നൂരിലുള്ള ഫിസാറ്റ് ക്യാമ്പസിലെ കൃഷി കര്‍ഷകര്‍ക്ക് ഏജന്‍സി പരിചയപ്പെടുത്തുകയും ചെയ്തു. ഏജന്‍സികള്‍ നടത്തിയ ക്ലാസുകളില്‍ കൃഷി വകുപ്പിന്റെയും നബാര്‍ഡിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തത് ഏജന്‍സിയെ വിശ്വാസത്തിലെടുക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കി. പോളി ഹൗസ് കൃഷിയിലൂടെ വന്‍ ലാഭമുണ്ടാക്കാമെന്നും ആദ്യ വര്‍ഷത്തെ കൃഷിയും വിത്തുകളും ഏജന്‍സി നേരിട്ട് ചെയ്യുമെന്നും വിശ്വസിപ്പിച്ച് കര്‍ഷകര്‍ മറ്റ് കൃഷിക്കായി നീക്കിവച്ച സ്ഥലത്താണ് പോളി ഹൗസ് നിര്‍മ്മിക്കുവാനുള്ള പ്ലോട്ടുകള്‍ സജ്ജീകരിച്ചത്. ഇതിനായി മുപ്പത് റബ്ബര്‍ മരങ്ങള്‍ വരെ വെട്ടിമാറ്റി പ്ലോട്ടുകള്‍ സജ്ജീകരിച്ച കര്‍ഷകര്‍ നിരാശയിലാണ്.
ജൂലൈ 31ന് സര്‍ക്കാര്‍ സബ് സിഡി തീരുമെന്നും ആദ്യം മുടക്കിയ രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ സബ്സിഡിയും ലഭിക്കില്ലെന്നും കര്‍ഷകരെ അങ്കലാപ്പിലാക്കിയിട്ടുണ്ടെങ്കിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ ഭയന്ന് പലരും വിവരങ്ങള്‍ പറയുവാന്‍ തയ്യാറാവുന്നില്ല. വടവുകോട്, പൂത്തൃക്ക, പുത്തന്‍കുരിശ്, വാളകം പഞ്ചായത്തുകളില്‍ നിരവധി കര്‍ഷകര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. പലിശയ്ക്ക് പണം വാങ്ങി ഏജന്‍സിക്ക് നല്കിയ കര്‍ഷകര്‍ ജില്ലാ കളക്ടര്‍ക്കും കൃഷി മന്ത്രിക്കും പരാതി നല്കി കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: