അങ്കമാലി: വല്ലഭന് പുല്ലും ആയുധം എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുമാറ് മഞ്ഞപ്ര കോളാട്ടുകുടി ബേബിച്ചേട്ടന് പുല്ലുവര്‍ഗത്തില്‍പ്പെട്ട മുള ഒരു കൃഷിയും വരുമാനമാര്‍ഗവുമാണ്. റബ്ബര്‍കൃഷിയേക്കാള്‍ വരുമാനമാണ് മുളകൃഷിയിലൂടെ തനിക്ക് ലഭിക്കുന്നതെന്നും പഞ്ചായത്തിലെ മാതൃകാ കര്ഷകന് കൂടിയായ ബേബിച്ചേട്ടന്റെ അനുഭവസാക്ഷ്യം.
കൃഷിയില്‍ ഒരു മാറ്റം ആഗ്രഹിച്ചുകൊണ്ട് നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും വാങ്ങിയ 125 ഓളം പലതരത്തില്‍പ്പെട്ട മുളംതണ്ടുകള്‍ സ്ഥലത്തിന്റെ ഭംഗിക്കുവേണ്ടി നട്ടുകൊണ്ട് പരീക്ഷാര്ത്ഥമാണ് ഇദ്ദേഹം മുളകൃഷി ആരംഭിച്ചത്. മുള വളര്‍ന്ന് വലുതായതോടെയാണ് അതിന്റെമൂല്യവും വിപണിസാദ്ധ്യതയും മനസ്സിലായത്. മുള മികച്ച വരുമാനം നല്‍കുന്നതോടൊപ്പം കൃഷിയിടത്തിലെ മറ്റ് കാര്‍ഷിക വിളകള്‍ക്ക് അത് കൂടുതല്‍ സുരക്ഷയും നല്കുന്നു. മുള വളര്‍ത്തല്‍കൊണ്ട് മണ്ണിന്റെ സംരക്ഷണവും ബേബിചേട്ടന് ഉറപ്പാക്കുന്നു. ആറോ ഏഴോ ഘനമീറ്റര്‍ സ്ഥലത്തെ മണ്ണ് ഒഴുകി പോകാതെ പിടിച്ച് നിര്‍ത്താന്‍ മുളക്കൂട്ടത്തിന് സാധിക്കും. ഏത് തരത്തിലുള്ള മണ്ണിലും കാലാവസ്ഥയിലും മുള വളരുമെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം.
വെള്ളത്തിനായി മറ്റ് വിളകളോട് മത്സരിക്കില്ലെന്നെതും മുളകളുടെ പ്രത്യേകതകളില്‍ ഒന്നാണ്. ഇത് മൂലം ഇതിന്റെ ഒപ്പം വളരുന്ന മറ്റു വിളകള്‍ക്ക് ദോഷങ്ങള്‍ ഒന്നും സംഭവിക്കില്ല. വേനല്‍കാലത്ത് ഇവയുടെ വളര്‍ച്ചനിരക്ക് വളരെ കുറവായിരിക്കുമെങ്കിലും യഥേഷ്ടം വെള്ളം സുലഭമായി ലഭിക്കുന്ന മഴക്കാലത്ത് ഇവയുടെ വളര്ച്ച് ത്വരിതഗതിയിലാണ്. ആണ്ടിലൊരിക്കല്‍ ഇലപൊഴിക്കുന്ന സ്വഭാവമാണ് മുളകള്‍ക്ക് ഉള്ളത്. മുളകള്‍ ആയുസ്സിലൊരിക്കല്‍ മാത്രമേ പൂവിടാറുള്ളൂ. അതോടെ ആ മുളകള്‍ നശിക്കുകയും ചെയ്യും.
പേപ്പര്വ്യവസായത്തിനും വാഴക്കുലകള്‍ക്ക് താങ്ങായും കല്യാണ പന്തലുകള്‍ക്കും ഉപയോഗിച്ചിരുന്ന മുള ഇന്ന് വീടുകളുടെ അലങ്കാരജോലികള്ക്ക് ഉപയോഗിച്ചു തുടങ്ങിയോടെ മുളയുടെ വിപണി അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പുരയിടത്തിന്റെ പിന്താമ്പുറങ്ങളിലും പറമ്പുകളിലും ഒരു പരിചരണവും ലഭിക്കാതെ വളര്‍ന്നു പന്തലിച്ചിരുന്ന മുളയ്ക്ക് ഇന്ന് കാര്‍ഷിക വിളകളില്‍ ഉയര്‍ന്ന സ്ഥാനമാണ് ഉള്ളത്. മുള തട്ടുകള്‍ ഇപ്പോള്‍ പുത്തന്മേഖലകളിലേക്കും കടന്നുകൊണ്ടിരിക്കുകയാണ്.
ഏത് പൂന്തോട്ടത്തില്‍ ഏതെങ്കിലും അലങ്കാരമുള കാണാന്‍ കഴിയും. കരകൗശലവസ്തുക്കളും ഗൃഹോപകരണങ്ങളും മുളയില്‍നിന്ന് ഉല്പാദിപ്പിച്ച് വിപണനം നടത്തുന്നവരും ഇന്ന് ധാരാളം ഉണ്ട്. കാര്‍ഷികാടിസ്ഥാനത്തില്‍ മുളകൃഷി ചെയ്യുന്നവര്‍ക്ക് ബേബിചേട്ടന് മാതൃകയാണ്.
ന്യൂസ് പ്രിന്റ് നിര്‍മ്മാണം, കരകൗശലവ്യവസായം, പ്ലൈവുഡ് വ്യവസായം തുടങ്ങിയ നിരവധി വ്യവസായങ്ങളില്‍ അസംസൃക്തവസ്തുവായ മുളയ്ക്ക് ഇന്ന് വന്‍ ഡിമാന്റാണ്. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയിലേക്ക് ടണ്‍കണക്കിന് മുളയാണ് ആവശ്യമായി വരുന്നത്. പ്രാദേശിക ആവശ്യങ്ങള്‍ക്ക് പോലും മുള ലഭ്യമല്ലാത്ത ഈ കാലഘട്ടത്തില്‍ ബേബിച്ചേട്ടനെ പോലുള്ള കര്‍ഷകര്‍ മുളകൃഷിയുടെ സാധ്യത തിരിച്ചറിയുന്നു. ഒരു മുളത്തണ്ടിന് 300 രൂപ മുതല്‍ 500 രൂപയിലേറെ വിലയുണ്ട്. മുളകൃഷിയ്ക്ക് മാതൃകയായ ബേബിചേട്ടന്റെ ഹെക്ടര്‍ വിസ്തൃതിയുള്ള വിശാലമായ കൃഷിയിടത്തില്‍ വ്യത്യസ്തങ്ങളായ മുളക്കൂട്ടങ്ങള്‍ കാണാം. നമ്മുടെ നാട്ടില്‍ സ്വാഭാവികവളര്‍ച്ചയില്‍ കാണപ്പെടുന്ന മുള്ളുള്ള മുളകള്‍ ഒഴിച്ച് വിവിധയിനം മുളകള്‍ ഇദ്ദേഹം കൃഷിചെയ്യുന്നുണ്ട്. ആനമുള, ലാത്തിമുള, കല്ലന്‍മുള, വെള്ളമുള തുടങ്ങി അനവധി വിഭാഗങ്ങളിലുള്ള മുളകള്‍ ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ കാണാം. ജാതിയാണ് ബേബിയുടെ പ്രധാന കൃഷിയെങ്കിലും തെങ്ങ്, വാഴ, അടയ്ക്കാമരം എന്നിവയും കൃഷിയിടത്തില്‍ ഉണ്ട്. ഇദ്ദേഹത്തിന്റെ കൃഷിഭൂമിയിലുള്ള പ്രശസ്ത പഴവര്‍ഗ്ഗമായ റംബൂട്ടാനും മാങ്കോസ്റ്റിനുമാണ് വരുമാനം നല്കുന്ന മറ്റൊരു ഇനം. അല്‍ഫോന്‍സാ, നീലം, പ്രിയോര്‍ തുടങ്ങിയ വിവിധയിനം മാവുകള്‍, വ്യത്യസ്ത ചാമ്പയ്ക്ക മരങ്ങള്‍, പേരയ്ക്ക, സപ്പോട്ട, കടപ്ലാവ്, തോടന്പുളി, കൊടംപുളി, ഇരുമ്പന്‍പുളി തുടങ്ങിയവും കൃഷിയിടത്തിലുണ്ട്. മുളകൃഷിരീതിയെക്കുറിച്ച് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കുവാന് ബേബിചേട്ടന് സന്നദ്ധനാണ്. ഇദ്ദേഹത്തിന്റെ മുളകൃഷിയെക്കുറിച്ചും മറ്റും അറിയാന്‍ താല്പര്യമുള്ളവര്ക്ക് 9447811629 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: