കാലടി: മലയാറ്റൂര്‍-കോടനാട് പാലത്തിന്റെ നിര്‍മാണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് എംഎല്‍എമാരായ ജോസ് തെറ്റയിലിന്റെയും സാജു പോളിന്റെയും ഒത്താശയോടെ കരാറുകാരനു വന്‍ സാമ്പത്തികനേട്ടത്തിനുവേണ്ടിയാണെന്ന് മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന് ചെങ്ങാട്ട് ആരോപിച്ചു. 2010 ഫെബ്രുവരിയിലാണ് പാലം ടെന്‍ഡര്‍ ചെയ്തത്. പാലത്തിന്റെ പണി 24 മാസം കൊണ്ട് പൂര്‍ത്തിയാകുമെന്ന് നിര്‍മാണോദ്ഘാടന സമ്മേളനത്തില്‍ അന്നു മന്ത്രിയായിരുന്ന ജോസ് തെറ്റയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 30 മാസം കഴിഞ്ഞിട്ടും പാലത്തിന്റെ കാലുകളുടെ നിര്‍മാണം പോലും പൂര്‍ത്തിയാക്കിയിട്ടില്ല.
മൊത്തം 8.31 കോടി രൂപ എസ്റ്റിമേറ്റ് തുകയുള്ള പാലം ടെന്‍ഡര്‍ ചെയ്തത് 44 ശതമാനം കൂടുതല്‍ തുകയ്ക്കാണ്. അതായത് എസ്റ്റിമേറ്റ് തുകയെക്കാള്‍ മൂന്നു കോടിയോളം വര്‍ധനയില്‍ 11.97 കോടി രൂപയാണ് അടങ്കല്‍ തുക. ഇതിനിടെ ഒരു തവണ 20 ശതമാനവും പിന്നീട് 15 ശതമാനവും പൊതുമരാമത്ത് വകുപ്പ് നിരക്കു പരിഷ്കരണത്തിലൂടെ ആകെ 5.15 കോടി രൂപ അധികമായി കരാറുകാരനു ലഭിച്ചിട്ടുണ്ട്. ഇതിനെല്ലാം ഒത്താശ ചെയ്തത് പാലത്തിന് ഇരുകരയിലുമുള്ള അങ്കമാലി, പെരുമ്പാവൂര്‍ നിയോജകമണ്ഡലങ്ങളിലെ എംഎല്‍എമാരാണ്. പെരിയാറില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ജലനിരപ്പ് ഏറ്റവും കൂടുതല്‍ താഴ്ന്ന 2012-13 കാലഘട്ടത്തില്‍ പോലും പാലത്തിന്റെ കാലുകളുടെ പണി പൂര്‍ത്തിയാക്കാന്‍ കരാറുകാരന് തയാറായില്ല.
പൊതുഖജനാവിനു കോടികളുടെ നഷ്ടം വരുത്തി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന കരാറുകാരനെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷണം വേണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: