കൊച്ചി: മെട്രോ റെയിലിന്റെ ഒന്നാംഘട്ട നിര്‍മ്മാണങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറുമ്പോള്‍തന്നെ സ്ഥലം ഏറ്റെടുക്കല്‍ നടപടികളും പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ഇടപ്പള്ളി മുതല്‍ കച്ചേരിപ്പടി വരെയുള്ള ഭാഗങ്ങളിലെ ചെറുതും വലുതുമായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന ജോലികള്‍ രാപ്പകലില്ലാതെയാണ് നടന്നുവരുന്നത്. വശങ്ങളില് രണ്ട് അറകള്‍ വീതമുള്ള കാനകളുടെ നിര്‍മ്മാണവും ഇതോടൊപ്പം പൂര്‍ത്തിയാക്കും.
ദല്‍ഹി മെട്രോറെയില്‍ കോര്പ്പറേഷന് (ഡിഎംആര്‍സി) തയ്യാറാക്കി സമര്‍പ്പിച്ചിട്ടുള്ള അലൈന്മെന്റ് പ്രകാരം ബാനര്‍ജി റോഡിന്റെ വീതി 22 മീറ്ററായി വര്‍ധിപ്പിക്കും. എംജി റോഡിന്റെ വീതി 21.2 മീറ്ററായും സൗത്ത് റെയില്വേസ്റ്റേഷന് റോഡിന്റേത് 18.5 മീറ്ററായും വര്‍ധിക്കും. മെട്രോ റെയിലിനുവേണ്ടിയുള്ള സ്പെഷ്യല്‍ തഹസില്‍ദാര്‍ (ലാന്റ് അക്വസിഷന്‍) ആണ് സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച നടപടിക്രമങ്ങളും മറ്റും പൂര്‍ത്തീകരിച്ച് വരുന്നത്.
സൗത്ത് റെയില്‍വേ സ്റ്റേഷന് റോഡ് എറണാകുളം വില്ലേജിലാണ് ഉള്‍പ്പെടുന്നത്. വിവിധ സര്‍വ്വേ നമ്പറുകളിലായി 44 പേരില്‍ നിന്നാല്‍ ഇവിടെ മെട്രോ റെയിലിനായി ഭൂമി ഏറ്റെടുക്കുന്നത്. രണ്ട് ലിംഗ്സ് മുതല്‍ 1.31 സെന്റുവരെ ഭൂമിയാണ് ഇവിടങ്ങളില്‍ ഏറ്റെടുക്കുന്നത്. കച്ചേരിപ്പടി മുതല്‍ മാധവഫാര്‍മസി ജംഗ്ഷന് വരെയുള്ള ഭാഗങ്ങളും എറണാകുളം വില്ലേജിലാണുള്പ്പെടുന്നത്. മാധവഫാര്‍മസി മുതല്‍ ജോസ് ജംഗ്ഷന് വരെയുള്ള എംജി റോഡിന്റെ വശങ്ങളില്‍നിന്ന് ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഈ ഭാഗങ്ങളിലും കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും.
പൊന്നുംവില നടപടിപ്രകാരം സെന്റിന് 52 ലക്ഷം രൂപയാണ് സ്ഥലവിലയായി നിശ്ചയിച്ചിരിക്കുന്നത്. എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസ്, റീസര്‍വ്വേ ഓഫീസ്, കേരളാ വാട്ടര്‍ അതോറിറ്റി, ഗവ. ഗേള്‍സ് ഹൈസ്കൂള്‍, ജില്ലാ ആയുര്‍വേദ ആശുപത്രി, ടൗണ്‍ഹാള്‍ എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഭൂമിയും മെട്രോ റെയിലിന്റെ നിര്മ്മാണാവശ്യത്തിനായി കൈമാറ്റം ചെയ്യപ്പെടും.
മെട്രോ റെയിലിന്റെ രണ്ടാം റീച്ചിനുവേണ്ടിയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞദിവസം കച്ചേരിപ്പടിയില്‍ തുടക്കം കുറിച്ചിരുന്നു. ചെറുതും വലുതുമായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സ്വകാര്യ കരാറുകാരാണ്. അഞ്ഞൂറില്‍പ്പരം തൊഴിലാളികളാണ് ഈ ജോലിയില്‍ വ്യാപൃതരായിരിക്കുന്നതെന്ന് കരാറുകാര്‍ പറഞ്ഞു. ഏറെയും ഇതര സംസ്ഥാനക്കാരാണ്. ഇരുമ്പ് കൂടങ്ങള്‍കൊണ്ട് കോണ്‍ക്രീറ്റ് ഇടിച്ച് തകര്‍ത്തശേഷം കട്ടര്‍ ഉപയോഗിച്ച് സ്റ്റീല്‍ കമ്പികളും മറ്റും മുറിച്ചുമാറ്റിയാണ് കൂറ്റന്‍ കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: