പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഭരണമുന്നണിയായ യുഡിഎഫിലെ അഭിപ്രായഭിന്നത പഞ്ചായത്തിലെ ഭരണം പ്രതിസന്ധിയിലാക്കുന്നു. പഞ്ചായത്തില്‍ പുതിയ പ്ലൈവുഡ് കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത് സംബന്ധിച്ചാണ് വലത് പക്ഷത്തില്‍ ഭിന്നത രൂക്ഷമായിരിക്കുന്നത്. പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍പ്പെട്ട ഉദയക്കവല, കമ്പനിപ്പടി എന്നിവിടങ്ങളിലായി നാല് പ്ലൈവുഡ് കമ്പനികള്‍ക്ക് എത്രയും വേഗം പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് വൈസ് പ്രസിഡന്റ് വി.എന്‍.രാജനും വാര്‍ഡ് അംഗമായ ഷിജി ഷാജിയുമാണ് ആവശ്യമുന്നയിച്ചത്. ഇരവരും സിഎംപി വിഭാഗക്കാരാണ്. ഇതിനെതിരെ പഞ്ചായത്തംഗവും കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റുമായ എന്‍.എം.സലീം നിലപാടെടുത്തതാണ് മുന്നണിയില്‍ ഭിന്നതക്ക് വഴിതെളിച്ചത്.
നാല്‍പ്പതിലധികം പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന അശമന്നൂരില്‍ തുടര്‍ കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കേണ്ടതില്ലെന്ന് പഞ്ചായത്ത് തീരുമാനമുള്ളതാണ്. ഇതിനെതിരെയാണ് വൈസ് പ്രസിഡന്റ് അടക്കമുള്ളവര്‍ പ്ലൈവുഡ് ലോബിക്കൊപ്പം ചേരുന്നത്. മുന്‍ ഭരണസമിതി കമ്പനി ഉടമകള്‍ക്ക് കെട്ടിടം പണിയുന്നതിനുള്ള അനുമതി നല്‍കിയെങ്കിലും യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ലക്ഷങ്ങള്‍ മുതല്‍മുടക്കി കെട്ടിടനും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയവര്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന നിലപാടിലാണ് സിഎംപി അംഗങ്ങഹ നിലകൊള്ളുന്നത്. ഇത് തുലാസില്‍ നില്ക്കുന്ന ഭരണമുന്നണിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പതിനാലംഗങ്ങളുള്ള അശമന്നൂര്‍ പഞ്ചായത്തില്‍ ഇടത് പക്ഷത്തിനും വലത് പക്ഷത്തിനും ഏഴ് വീതം അംഗങ്ങളാണ്. ഇതില്‍ മുന്‍ പ്രസിഡന്റായിരുന്ന ഇടത് മുന്നണിയിലെ സൗദാബീവിക്ക് വോട്ടവകാശമില്ലാത്തതാണ് ഭരണപക്ഷമായ വലത് മുന്നണിക്കുള്ള മുന്‍തൂക്കം. ഏഴ് അംഗങ്ങളില്‍ അഞ്ച് കോണ്‍ഗ്രസും 2 എന്സിപിയുമാണുള്ളത്. ഇതില്‍ എന്‍സിപി അംഗങ്ങളുടെ നിലപാട് വലതുമുന്നണിയെ വെട്ടിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് വഴക്കും രൂക്ഷമാകുന്നതോടെ അശമന്നൂര്‍ ഭരണപ്രതിസന്ധിക്കാണ് വഴിയൊരുങ്ങുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ചുണ്ടായ കേസിലെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ വലതുപക്ഷം ഭരണം നടത്തുന്നത്.
പുതിയ പ്ലൈവുഡ് കമ്പനികള്‍ അനുവദിക്കുന്ന 12-ാം വാര്‍ഡില്‍ മറ്റൊരു കമ്പനിയുടെ മലിനീകരണവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ഇന്നും സമരത്തിലാണ്. ഇവിടെ പ്ലൈവുഡ് കമ്പനിക്കെതിരെ സമരം ചെയ്തതിന് 19 സ്ത്രീകളടക്കമുള്ള ജയില്‍വാസം അനുഭവിച്ചതാണ്. മുമ്പ് സിപിഎമ്മിലെ പി.കെ.സോമന് പ്രസിഡന്റായിരുന്ന കാലത്തും വൈസ് പ്രസിഡന്റായിരുന്ന ആളാണ് സിഎംപിയിലെ വി.എന്‍.രാജന് എന്ന ആക്ഷേപവും നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഇത്തരം ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിപക്ഷമായ ഇടതുമുന്നണിയും മൗനം പാലിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ പ്ലൈവുഡ് കമ്പനികളെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മതാധ്യക്ഷന്മാര് ഇടപെട്ട് കമ്പനി ഉടമകള്‍ക്ക് അനുകൂലമായ നിലപാടെടുപ്പിക്കുമെന്നും ആക്ഷേപമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: