കളിക്കളങ്ങളില്‍ ഒരതീന്ദ്രിയ ശക്തിയുടെ വിളയാട്ടം നമ്മള് നിഷ്ഫലമെന്നു നിനച്ച എത്രയോ നിമിഷങ്ങളെ സമ്മോഹനമാക്കിയിരിക്കുന്നു. നീട്ടിയടിച്ച ഒരു പന്ത് ദിശമാറി വലയിലേക്ക് ഊളിയിട്ടപ്പോള്‍, പമ്പരംപോലെ കറങ്ങിവീണ മറ്റൊന്ന് വളഞ്ഞുകയറി സ്റ്റംപുകള്‍ പിഴുതപ്പോള്‍, പിറന്നാള്‍ കേക്ക് മുറിക്കുന്ന ചാരുതയോടെ ചെത്തിയിട്ട ഡ്രോപ് നെറ്റില്‍ പതിച്ചപ്പോള്‍… അപ്പോഴെല്ലാം ആ അദൃശ്യ കരങ്ങള്‍ നമ്മെ വിസ്മയിപ്പിച്ചു. മഹത്തായ നേട്ടങ്ങളിലേക്ക് ചില പ്രതിഭകള്‍ നടത്തിയ പ്രയാണത്തിന് ശരവേഗമേകിയ ഇടപെടലുകളായിരുന്നവ. ടെന്നീസിലെ ഏറ്റവും അമൂല്യമെന്ന് കരുതപ്പെടുന്ന കിരീടം തേടിയുള്ള ഇത്തവണത്തെ യാത്രയ്ക്കിടെ മിടുമിടുക്കന്മാരും മിടുക്കികളും പുല്ലിലും കാറ്റിലും ഒളിഞ്ഞിരുന്ന ആ അരൂപിയുടെ കേളീവിലാസങ്ങള്‍ അനുഭവിച്ചറിഞ്ഞു.
അട്ടിമറികള്‍, പിന്‍വാങ്ങലുകള്‍, അപ്രതീക്ഷിത മുന്നേറ്റങ്ങള്‍. വിംബിള്‍ഡണ്‍ കോര്‍ട്ടുകള്‍ ഇക്കുറി പതിവുശീലങ്ങള്‍ അങ്ങു മറന്നുകളഞ്ഞു. പിഴച്ച തുടക്കം പുല്ത്തട്ടിലെ ഹരിതാഭ ചോര്‍ത്തിയെന്നു തന്നെ പറയാം. പക്ഷേ, അതൊക്കെ രണ്ടുപേര്‍ക്കുവേണ്ടി മാത്രം തീര്‍ത്ത നാടകീയതകളായിരുന്നു, ആന്‍ഡി മുറെയ്ക്കും മരിയന്‍ ബര്‍ത്തോളിക്കും. ഒരു ജനതയുടെ ഏഴരപ്പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഫ്രഡ് പെറിക്കുശേഷം വിഖ്യാതമായ വിംബിള്‍ഡണ്‍ ട്രോഫി ബ്രിട്ടീഷ് ഷെല്‍ഫിലെത്തിച്ച മുറെയിലെ സ്കോട്ടിഷ് പ്രതിഭയ്ക്കും അമേലി മൗറിസ്മോയുടെ പാത പിന്തുടര്‍ന്ന ഫ്രഞ്ച് പ്രതിനിധി ബര്ത്തോളിക്കുമായി ചരിത്രം അതിന്റെ താളുകള്‍ നിറമനസസോടെ തുറന്നുവച്ചപ്പോള്‍ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നദാലിനും മരിയ ഷറപ്പോവയ്ക്കും സെറീന വില്യംസിനുമൊന്നും അതിനെ മാറ്റിമറിക്കാന്‍ പാകത്തില്‍ പുതുരചനകള്‍ സാധ്യമായില്ല. മുറെയും ബര്‍ത്തോളിയും സെന്റര്‍ കോര്‍ട്ടില്‍ കിരീടമേന്തി നിന്ന നിമിഷം പുല്തട്ടിനെ ഹരിതവര്‍ണം പുനരാലിംഗനം ചെയ്തു.
എട്ടാം ഫ്രഞ്ച് ഓപ്പണ്‍ വിജയത്തിന്റെ ലഹരിയിലായിരുന്നു സ്പാനിഷ് ജീനിയസ് നദാല്‍. എന്നാല്‍ ലോക റാങ്കില്‍ 135-ാം സ്ഥാനക്കാരനായ ബല്ജിയംകാരന് സ്റ്റീവ് ഡാര്‍സിസ് ആദ്യവട്ടത്തില്‍ നദാലിനെ തോല്‍വിയുടെ കയ്പ്പ്നീര് പകര്‍ന്നു നല്കി; ലോകാത്ഭുതം കണ്ടപോലെ ഗ്യാലറി മിഴിച്ചുനിന്ന വേള. അതിലും വലിയ വാര്ത്തയൊന്നുമില്ലായിരുന്നു റാക്കറ്റ് യുദ്ധക്കളത്തില്‍.
പിന്നെ കോര്‍ട്ട് തലതിരിഞ്ഞ കളിയാരംഭിച്ചു. നദാലിന്റെ അന്തകന്‍ ഡാര്‍സിസ് അധികം മുന്നോട്ടുപോയില്ല. ആദ്യ കളിക്കിടെയുള്ള വീഴ്ച്ച നല്കിയ പരിക്ക് കലശലായപ്പോള്‍ അട്ടിമറിവീരന്‍ നാട്ടിലേക്ക് വിമാനം കയറി. മൂന്നാം ദിനം ശാരീരിക പീഡകളുടെ ആധിക്യം അസഹ്യമായി. വനിതകളില്‍ മുന്‍ നിരതാരം ബെലാറസിന്റെ വിക്റ്റോറിയ അസരെങ്ക, റഷ്യയുടെ യെറോസ്ലാവ ഷെവഡോവ, പുരുഷന്മാരില് ക്രൊയേഷ്യയുടെ മരിയന്‍ സിലിച്ച്, ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ, ചെക്ക് റിപ്പബ്ലിക്കിന്റെ റാഡക് സ്റ്റെപാനക്, അമേരിക്കയുടെ ജോണ്‍ ഇസ്നര്‍ എന്നിവരെല്ലാം പരിക്കിനെ നമിച്ചു. നേരത്തെയുണ്ടായിരുന്ന പരിക്ക് വഷളായവരും കളത്തില്‍ തെന്നിയും വീണും ക്ഷതങ്ങള്‍ സംഭവിച്ചവരും ഇവരില്‍പ്പെടും. പിന്നാലെ തുടര്‍ അട്ടിമറികള്‍ പിറവിയെടുത്തു. അതോടെ വിംബിള്‍ഡണ്‍ വേളി മുടങ്ങിയ വരനെപ്പോലെ മുഖംകുനിച്ചു നിന്നു. റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവയ്ക്കും മുന്‍ ലോക ഒന്നാം നമ്പര്‍ ഡെന്മാര്ക്കിന്റെ കരോലിന വൊസ്നിയാക്കിക്കും സെര്‍ബിയന്‍ പ്രതീക്ഷ അന്നാ ഇവാനോവിക്കിനുമൊന്നും നിനച്ചിരിക്കാത്ത തോല്‍വികളുടെ നൊമ്പരങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞില്ല.
നദാലിന്റെ പതനത്തോടെ പുരുഷ വിഭാഗത്തിലെ സാധ്യതകള്‍ സെര്‍ബിയന്‍ സ്റ്റാറും ലോക ഒന്നാം നമ്പറുമായ നൊവാക് ദ്യോക്കോവിച്ചിലും സ്വിസ് ഇതിഹാസം റോജര്‍ ഫെഡററിലും പിന്നെ മുറെയിലും ഒതുങ്ങിയെന്നു വിലയിരുത്തപ്പെട്ടു. പക്ഷെ, അദൃശ്യനായ കളിക്കാരന് വിന്നറുകള്‍ തൊടുത്തുകൊണ്ടേയിരുന്നു. ഏഴുതവണ ജേതാവായ സാക്ഷാല്‍ ഫെഡററെ ഉക്രൈന്റെ സെര്‍ഹി സ്റ്റാക്കോവ്സ്കിയെ പുറത്തേക്കടിച്ചു. അനുസ്യൂതം മുന്നേറിയ അമേരിക്കന്‍ പെണ്‍പോരാളി സെറീന വില്യംസിനെ പ്രീ-ക്വാര്‍ട്ടറില്‍ ജര്‍മന്‍ സാന്നിധ്യം സബീന്‍ ലിസിക്കി മറിച്ചിടുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരുടെ പടയോട്ടത്തിന് പൂര്‍ണവിരാമം.
നദാലിന്റെ മടക്കം മുറെയ്ക്കും ഷറപ്പോവയുടെ തോല്‍വി ബര്‍ത്തോളിക്കും ഏറെ ഗുണം ചെയ്തെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. നദാലുമായുള്ള 19 മുഖാമുഖങ്ങളില്‍ വെറും ആറു തവണമാത്രമേ വിജയം സ്കോട്ട്ലാന്റ്കാരനൊപ്പം നിന്നിട്ടുള്ളു. വിംബിള്‍ഡണിലെ മൂന്നു പോരാട്ടങ്ങളിലും നദാല്‍ ജയം കൊത്തിപ്പറന്നു. 2008ല്‍ ക്വാര്‍ട്ടറിലും 2010, 2011 വര്‍ഷങ്ങളില്‍ സെമി ഫൈനലിലുമാണ് നദാലിനുമുന്നില്‍ മുറെയ്ക്ക് അടിതെറ്റിയത്. ഷറപ്പോവയും ബര്‍ത്തോളിയും തമ്മിലെ അഞ്ച് മത്സരങ്ങളിലും വിജയം റഷ്യന്‍ താരത്തിനായിരുന്നു. എങ്കിലും കഠിനാധ്വാനവും ലക്ഷ്യബോധവും ആക്രമണോത്സുകതയും കേളി നിപുണതയും കൈമുതലാക്കിയ മുറെയും ബര്‍ത്തോളിയും വെട്ടിപ്പിടിച്ച നേട്ടത്തിന്റെ മാറ്റു കുറയ്ക്കാന്‍ കണക്കുകള്‍ക്കാവില്ല. ആ വിജയങ്ങളില്‍ ഒരു ജന സമൂഹത്തിന്റെ മോഹസാഫല്യത്തിന്റെ നിറവും പുതുമയുടെ നറുമണവും അത്രത്തോളം ഇഴചേര്‍ന്നിരിക്കുന്നു.
എസ്.പി. വിനോദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: