ന്യൂദല്‍ഹി: പ്രകൃതിവാതക വില കുത്തനെ ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം റിലയന്‍സിനെ സഹായിക്കാന്‍. വില കൂട്ടുക വഴി റിലയന്‍സിന് ഒരു വര്‍ഷം 16 ലക്ഷത്തി ഇരുപതിനായിരം കോടി രൂപയുടെ അധികവരുമാനമാണ് ഉണ്ടാവുക.
കേന്ദ്ര രാസവള മന്ത്രാലയത്തിന്റെയും ഊര്‍ജ മന്ത്രാലയത്തിന്റെയും വലിയ എതിര്‍പ്പ് മറികടന്നാണ് പ്രകൃതിവാതകത്തിന് വില കൂട്ടാനുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം. പ്രകൃതിവാതക വില പുനഃപരിശോധിക്കില്ലെന്ന് വ്യക്തമാക്കി പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി രംഗത്ത് എത്തിയിരുന്നു.
അടുത്ത വര്‍ഷം ഏപ്രിലിന് ശേഷം പ്രകൃതിവാതക വില വര്‍ധനവ് നിലവില്‍ വന്നാലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് പഴയ കരാര്‍ അനുസരിച്ച വിവിധ കമ്പനികള്‍ക്ക് വാതകം ലഭ്യമാക്കണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രകൃതിവാതക വില പുനഃപരിശോധിക്കില്ലെന്ന് വീരപ്പ മൊയ്ലി പറഞ്ഞത്.
ഏപ്രില്‍ ഒന്നു മുതല്‍ പ്രകൃതിവാതകത്തിന്റെ വില മില്യണ്‍ മെട്രിക് ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 6.8 ഡോളറായാണ് വര്‍ധിപ്പിക്കുകയെന്ന് വീരപ്പ മൊയ്ലി വ്യക്തമാക്കിയിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് വില്‍ക്കുന്ന പ്രകൃതി വാതകത്തിനും 6.8 ഡോളര്‍ ലഭിക്കുമെന്നും വീരപ്പ മൊയ്ലി പറഞ്ഞിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിനോട് പഴയ വിലയ്ക്ക് തന്നെ പ്രകൃതി വാതകം വില്‍ക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ പെട്രോളിയം മന്ത്രി തന്നെ നേരിട്ട് ഇടപെടുന്നുവെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: