കൊച്ചി: ഗര്‍ഭസ്ഥശിശുപരിശോധന നിയന്ത്രണ നിയമത്തില്‍ കേരള സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ചടങ്ങള്‍ തയ്യാറാക്കിവരികയാണെന്ന് നിയമനടത്തിപ്പിന്റെ സംസ്ഥാന അപ്പലേറ്റ് അതോറിറ്റിയായ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.എന്‍.ശ്രീധര്‍. 2010-12 വര്‍ഷത്തില്‍ സംസ്ഥാനത്താകെ 979 പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും കാര്യമായ ഒരു തെളിവും ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാമത് ഗര്‍ഭം ധരിക്കുന്ന സ്ത്രീ ഗര്‍ഭഛിദ്രത്തിന് വിധേയയാകുന്നുവെങ്കില് അത് കൃത്യമായ കേസാണെന്നും ഈ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ചട്ടങ്ങള്‍ക്ക് രൂപം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
1994-ല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച നിയമം കൊണ്ടുവരുന്നതിനും മുമ്പ് മഹാരാഷ്ട്രയില്‍ 1988-ലാണ് ഇതുസംബന്ധിച്ച നിയമം രാജ്യത്താദ്യമായി അവതരിപ്പിച്ചതെന്ന് നിയമനടത്തിപ്പിലെ പ്രായോഗികവശങ്ങളെക്കുറിച്ച് ക്ലാസ് നയിച്ച മുംബൈയില്‍ നിന്നുള്ള സാമൂഹികപ്രവര്‍ത്തകയായ അഡ്വ.വര്‍ഷ ദേശ് പാണ്ഡെ പറഞ്ഞു. അന്ന് മുംബൈയിലെ ഐ.വി.എഫ്. കേന്ദ്രങ്ങളില്‍ ചികില്‍സ നേടിയിരുന്നവരില്‍ 80 ശതമാനവും ആണ്‍കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയിരുന്നത്. ഏതു സംസ്ഥാനത്തും ഇത്തരത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനനത്തില്‍ കുറവുണ്ടെങ്കില്‍ പരിശോധന കേന്ദ്രങ്ങള്‍ കര്‍ശനമായും പരിശോധിച്ചിരിക്കണമെന്ന് അവര്‍ പറഞ്ഞു.
ഗര്‍ഭസ്ഥ ശിശുപരിശോധനയുമായി ബന്ധപ്പെട്ട മേഖല വളരെയധികം സംഘടിതമായ ഒരു മേഖലയാണെന്ന് തന്റെ അനുഭവങ്ങളില്‍ നിന്ന് വ്യക്തമായതായി അവര്‍ പറഞ്ഞു. അധ്യാപകരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ഉള്‍പ്പെടെയുള്ള വലിയൊരു സമൂഹം തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒളിക്യാമറയില്‍ പകര്‍ത്തിയ ഒട്ടേറെ സംഭവങ്ങള്‍ അവര്‍ വിശദീകരിച്ചു.
ചില കേന്ദ്രങ്ങളില്‍ ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനായി 30000 രൂപ വരെ ഈടാക്കുന്നുണ്ട്. പരിശോധനയില്‍ ആണ്‍കുഞ്ഞെന്നു കണ്ടെത്തിയാല്‍ 30000 രൂപ വരെ നല്‍കും. പെണ്‍കുഞ്ഞെന്നു കണ്ടെത്തിയാല്‍ അതിനെ നശിപ്പിക്കാനും 30000 രൂപ വരെ നല്കുന്നവരുണ്ട്. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ശരിയായ രീതിയിലല്ല പ്രതികരിക്കുന്നതെന്നു പറഞ്ഞ അവര്‍ കേസുകളിലെ താല്‍ക്കാലിക അറസ്റ്റില്‍ അവര്‍ സംതൃപ്തരാകുകയാണെന്നും ഭാവിയില്‍ കേസിനു എന്തു സംഭവിക്കുന്നുവെന്ന് അവര്‍ തിരക്കുന്നില്ലെന്നും വര്‍ഷ അഭിപ്രായപ്പെട്ടു. കര്‍ശനമായ നിരീക്ഷണം ഇത്തരം സ്ഥാപനങ്ങള്ക്കുമേലുണ്ടെന്ന് ഉറപ്പാക്കാനും ഓരോ മാസവും അവലോകനം നടത്തി തുടര്‍ നടപടി സ്വീകരിക്കാനും വര്ഷദേശ് പാണ്ഡെ നിര്‍ദേശിച്ചു. രണ്ടു ദിവസമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്നുവന്ന ജില്ലാതല ഉപദേശക സമിതിയംഗങ്ങളുടെ പരിശീലനം ഇന്നലെ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: