വൈപ്പിന്‍: ആരോഗ്യ സംരക്ഷണത്തിന് മിഥുനം കര്‍ക്കിടക മാസങ്ങളില്‍ പഴയ തലമുറ സേവിച്ചിരുന്ന മരുന്ന് കഞ്ഞിയെക്കുറിച്ചുള്ള ശില്‍പ്പശാല പുതിയ തലമുറയ്ക്ക് പുത്തന്‍ അറിവേകി.
കളമശ്ശേരി രാജഗിരി കോളേജിന്റെ ആഭിമുഖ്യത്തില്‍ തെക്കന്‍ മാലിപ്പുറം സഹൃദയ സര്‍വീസ് സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓച്ചന്തുരുത്ത് തപോവനത്തിന്റെ സഹകരണത്തോടെ നടത്തിയ ശില്‍പ്പശാല നാട്ടുമരുന്ന് ചികിത്സാരീതിയെക്കുറിച്ചുള്ള ബോധവല്‍ക്കരണം കൂടിയായി. മിഥുനം പകുതിയില്‍ ആരംഭിച്ച് കര്‍ക്കിടകമാസം മുഴുവന്‍ ആരോഗ്യസംരക്ഷണത്തിനായി മാറ്റിവച്ചിരുന്ന പഴയ തലമുറ മരുന്ന് കഞ്ഞിയോടൊപ്പം പരമ്പരാഗത നാട്ടുമരുന്ന് ചികിത്സാരീതികളും ഉപയോഗിച്ചിരുന്നു. പോയവര്‍ഷത്തെ അധ്വാനം ദേഹത്തില്‍ സൃഷ്ടിച്ച കേടുപാടുകള്‍, ആന്തരാവയവങ്ങളുടെ തകരാറ് എന്നിവ പരിഹരിച്ച് നാഡീഞ്ഞരമ്പുകളെ ഊര്ജ്ജസ്വലമാക്കുകയായിരുന്നു ലക്ഷ്യം.
മുക്കൂറ്റി, മുയല് ചെവിയന്‍, വയല്‍ ചുള്ളി, നിലംപാല, നിലംപരണ്ട, ചെറുള തുടങ്ങി 21ഇനം ഔഷധസസ്യങ്ങള്‍ ഇടിച്ചുപിഴിഞ്ഞെടുക്കുന്ന നീരില്‍ തേങ്ങാപാല്‍, അയമോദകം, ജീരകം, ഉലുവ, ആശാളീ എന്നിവയും ചേര്‍ത്ത് പൊടിയരിയിട്ട് വേവിച്ചെടുക്കുന്നതാണ് മരുന്ന് കഞ്ഞി. ഇത് മൂന്ന് മുതല്‍ 10 ദിവസം വരെ രാത്രിയില്‍ കഴിക്കണമെന്നാണ് ചട്ടം.
അതാത് പ്രദേശങ്ങളിലെ സംസ്കാരവുമായി ഇഴുകിചേര്‍ന്ന ഇത്തരം ചികിത്സാരീതികള്‍ അന്യംനിന്നുപോയപ്പോഴാണ് വൈപ്പിനിലെ സന്നദ്ധസംഘടനയായ ഓച്ചന്തുരുത്ത് തപോവനം ഇവ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പദ്ധതി ആവിഷ്കരിച്ചത്. സന്നദ്ധ സംഘടനകളുമായി സഹകരിച്ച് സൗജന്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുവാനും തപോവനത്തിന് പരിപാടിയുണ്ട്. 17 മുതല്‍ ആഗസ്റ്റ് 16 വരെയാണ് പ്രചാരണം. ജൂലൈ 11 മുതല്‍ മരുന്ന് കഞ്ഞിക്കുള്ള ഔഷധക്കൂട്ട് തപോവനത്തില്‍നിന്നും വിതരണം ചെയ്യും.
തെക്കന്‍ മാലിപ്പുറത്ത് നടന്ന ശില്‍പ്പശാല രാജഗിരി കോളേജിലെ ഫാ. വര്‍ഗീസ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. തപോവനം മാനേജര്‍ ടി.പി.ഷാബിന് അധ്യക്ഷത വഹിച്ചു. തപോവനം ഡയറക്ടര്‍ മഹേഷ് മങ്ങാട്ട് പ്രഭാഷണം നടത്തി. ആനിമേറ്റര്‍ നിര്‍മ്മല ലെനിന്, എം.എഫ്.ഫെബിന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: