പെരുമ്പാവൂര്‍: മുടിക്കല്‍ ഹൈസ്കൂളിന് പ്ലസ്ടു അനുവദിക്കാത്തത് ചില രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ആക്ഷേപമുയരുന്നു. നിരവധി തവണ ഈ സ്കൂളിന് പ്ലസ്ടു അനുവദിക്കണമെന്ന് മാറിമാറി വന്ന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടെങ്കിലും ചില രാഷ്ട്രീയ നേതാക്കളുടെ ഇടപെടല്‍ മൂലമാണ് നടക്കാതെ പോകുന്നതെന്നാണ് ആക്ഷേപമുള്ളത്. ഇതേ വിഷയം സംബന്ധിച്ച് കഴിഞ്ഞദിവസം പെരുമ്പാവൂരിലെത്തിയ വിദ്യാഭ്യാസവകുപ്പ് മന്ത്രിക്ക് നാട്ടുകാരും പിടിഎ ഭാരവാഹികളും ചേര്‍ന്ന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതിലും ചിലര്‍ തുരങ്കംവയ്ക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.
കഴിഞ്ഞ ആറുവര്‍ഷമായി തുടര്‍ച്ചയായി എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം വിജയം കരസ്ഥമാക്കിയ മുടിക്കല്‍ ഹൈസ്കൂള്‍ ആലുവ വിദ്യാഭ്യാസ ജില്ലയിലാണ് ഉള്‍പ്പെടുന്നത്. ഇതേ വിദ്യാഭ്യാസ ജില്ലയില്‍തന്നെ മുടിക്കല്‍ സ്കൂളില്‍നിന്നും അധികം ദൂരത്തിലല്ലാതെ ഒരു മുന്‍ മന്ത്രിയുടെ ഉടമസ്ഥതയില്‍ ഒരു ഹയര്‍സെക്കന്ററി സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുടിക്കല്‍ സ്കൂളിന് പദവി ഉയര്‍ന്നാല്‍ മന്ത്രിയുടെ സ്കൂളിന് പേരും പെരുമയും കുറയുമെന്നതിനാല്‍ ഇദ്ദേഹം ഇടപെട്ടാണ് മുടിക്കല്‍ സ്കൂളിന്റെ പ്ലസ്ടു അനുമതി തടയുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
1921ല്‍ മുടിക്കല്‍ സ്വദേശിയായ പി.കെ.ബി.കൊച്ചുണ്ണി അനുവദിച്ച് നല്കിയ സ്ഥലത്താണ് 1951ല്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1963ല്‍ യുപിയായും 1986ല്‍ ഹൈസ്കൂളായും ഉയര്‍ന്ന ഇവിടെ നിലവില്‍ ആറ് ഏക്കര്‍ സ്ഥലം സ്വന്തമായുണ്ട്. ഈ സാഹചര്യത്തിലാണ് പ്ലസ്ടു ആവശ്യവുമായി നാട്ടുകാര്‍ വീണ്ടും അധികൃതരെ സമീപിച്ചിരിക്കുന്നത്. പ്ലസ്ടു അനുവദിച്ചാല്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ആവശ്യപ്പെടുന്ന എല്ലാവിധ സൗകര്യങ്ങളും സ്കൂളിനായി ഒരുക്കുവാന്‍ തയ്യാറാണെന്ന് നാട്ടുകാരും പൂര്‍വ്വവിദ്യാര്‍ത്ഥികളും പറയുന്നു.
എന്നാല്‍ ആദ്യകാലത്ത് സ്വകാര്യവ്യക്തി നല്കിയ 40 സെന്റ് സ്ഥലവും നാല് കെട്ടിടങ്ങളും കാടുകയറി നാശമായ അവസ്ഥയിലാണ്. ഈ കെട്ടിടങ്ങള്‍ നവീകരിച്ചും അത്യാവശ്യ സൗകര്യങ്ങളൊരുക്കിയും സഹായിക്കുവാന്‍ തയ്യാറാകുമ്പോഴും അധികൃതരുടെ അവഗണനയും രാഷ്ട്രീയ നേതാക്കളുടെ ഗൂഢാലോചനയുമാണ് തടസമാകുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംസ്ഥാനത്ത് 148 പഞ്ചായത്തുകളില്‍ ഹയര്‍സെക്കന്ററി അനുവദിക്കാനുള്ള തീരുമാനത്തില്‍ മുടിക്കലിനെയും ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികളും നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: