പോര്‍ട്ട് ഓഫ് സ്പെയിന്: വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യക്ക് വിജയ ലക്ഷ്യം 202 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്ന ശ്രീലങ്ക 48.5 ഓവറില്‍ 201 റണ്‍സിന് ഓള്‍ഔട്ടായി.
രണ്ടിന് 171 റണ്‍സെന്ന നിലയില്‍നിന്ന് 201 റണ്‍സിന് ലങ്ക ഓള് ഔട്ടാവുകയായിരുന്നു. 23 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ലങ്കയെ തകര്‍ത്തത്.
ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ്മ, ആര്. അശ്വിന് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
71 റണ്‍സെടുത്ത കുമാര്‍ സംഗക്കാരയാണ് ലങ്കയുടെ ടോപ് സ്കോറര്‍. തിരിമാനെ 46 റണ്‍സെടുത്തു. ഇരുവരും തമ്മില്‍ മൂന്നാം വിക്കറ്റില്‍ 122 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും ഇവര്‍ക്കു ശേഷമെത്തിയ ആര്‍ക്കും പിടിച്ചു നില്ക്കാന് കഴിഞ്ഞില്ല. തിരിമാനെയെ പുറത്താക്കിയ ഇഷാന്ത് ശര്‍മ്മയാണ് കൂട്ടുകെട്ട് പിരിച്ചത്.
തൊട്ടടുത്ത ഓവറില്‍ സംഗക്കാരയെ അശ്വിനും പുറത്താക്കി. തുടര്‍ന്ന് ലങ്കന്‍ ബാറ്റ്സ്മാന്മാരുടെ ഘോഷയാത്രയായിരുന്നു. ഉപുല്‍ തരംഗ (11), ജയവര്‍ധന (22), ആഞ്ചലോ മാത്യൂസ് (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്മാര്.
നേരത്തേ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. പരിക്കില്‍നിന്ന് മോചിതനായ എം.എസ്. ധോണി ക്യാപ്റ്റന്‍ സ്ഥാനത്തു മടങ്ങിയെത്തി. മുരളി വിജയിയെയാണ് ഒഴിവാക്കിയത്. ഉമേഷ് യാദവിനു പകരം വിനയ് കുമാറിനെയും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചത്.
ദില്‍ഹാര ലോക്കുഹെട്ടിഗെയ്ക്കും ജീവന് മെന്‍ഡിസിനും പകരം സുരങ്ക ലക്മലിനെയും കുശാല്‍ പെരേരയും ഉള്‍പ്പെടുത്തിയാണ് ലങ്ക ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: