പെരുമ്പാവൂര്‍: വെങ്ങോലഗ്രാമപഞ്ചായത്തില് കോണ്‍ഗ്രസ് സിപിഎം രഹസ്യബന്ധം വിവാദമാകുന്നു. ഇതേതുടര്‍ന്ന് യുഡിഎഫ് നേതൃത്വവുമായി ലീഗ് ഇടഞ്ഞ് നില്‍ക്കുന്നത് പഞ്ചായത്തില്‍ ഭരണപ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇടത്- വലത് മുന്നണികള്‍ സോളാറിന്റെ പേരില്‍ തമ്മില്‍തല്ലുമ്പോള്‍ ഇതേ മുന്നണികള്‍ വെങ്ങോല ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ കാരുണ്യ ഹൃദയതാളം പദ്ധതി വന്‍ വിവാദത്തിന് വഴിവച്ചിരുന്നു. ഈ പദ്ധതിയുടെ പേരില്‍ വന്‍ക്രമക്കേടാണ് ഇവിടെ നടന്നത്. ഇതിനെതിരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഫിയ ഇബ്രാഹിം അടക്കമുള്ള ചില അംഗങ്ങള്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി ഹൃദയതാളം പദ്ധതിനടത്തിപ്പില്‍ നിന്നും പിന്മാറിയിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രതിപക്ഷത്തുള്ള സിപിഎം കോണ്‍ഗ്രസുമായി രഹസ്യകൂടിക്കാഴ്ച നടത്തിയത്. ഡിസിസി സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റുമായ എം.എം.അവറാന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എം.ഹംസ, സിപിഎം നേതാക്കളായ ആര്.സുകുമാരന്‍, പി.എം.സലീം, എന്‍.ആര്.വിജയന്, പ്രതിപക്ഷനേതാവ് അന്‍വര്‍ അലി തുടങ്ങിയവര്‍ ചേര്‍ന്ന് രഹസ്യചര്‍ച്ചക്ക് നേതൃത്വം നല്‍കിയതെന്ന് മുസ്ലീംലീഗ് നേതാക്കള്‍ ആരോപിക്കുന്നു. രഹസ്യയോഗം സംബന്ധിച്ച് യുഡിഎഫ് നേതൃത്വവും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണമെന്നും ലീഗ് നേതാക്കള്‍ പരസ്യമായി ആവശ്യപ്പെടുന്നു.
സിപിഎം നേതാക്കളുമായി സന്ധിസംഭാഷണം നടത്തി കോണ്‍ഗ്രസ് എതിരാളികള്‍ക്ക് മുന്നില്‍ കീഴടങ്ങിയിരിക്കുകയാണെന്നും ഇത് വലത് മുന്നണിക്ക് അപമാനകരമാണെന്നും ലീഗ് കുറ്റപ്പെടുത്തി. വെങ്ങോല ഗ്രാമപഞ്ചായത്തില്‍ കാരുണ്യ ഹൃദയതാളം പദ്ധതിയുടെ പേരില്‍ വന്‍ പണപ്പിരിവാണ് നടത്തിയതെന്ന് ആക്ഷേപമാണുള്ളത്. ഇതിന്റെ ഫണ്ട് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലല്ല ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളതെന്നും തിരിമറി നടത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്. അഴിമതിയുടെ കാര്യത്തില്‍ വെങ്ങോലയില്‍ ഇടതും വലതും ഒറ്റക്കെട്ടാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: