പെരുമ്പാവൂര്‍: യുവ കഥാകൃത്തിന്റെ ചെറുകഥാ സമാഹാരം ശ്രദ്ധേയമാകുന്നു. ‘കാലം എന്നോട് പറഞ്ഞത്’ എന്നപേരില്‍ പുറത്തിറങ്ങുന്ന ചെറുകഥാ സമാഹാരത്തിന്റെ രചനയിലൂടെ യുവകഥാകൃത്തായ പി.എസ്.ദേവദത്താണ് പ്രശംസക്ക് പാത്രമാകുന്നത്. ഈ കൊച്ചുമിടുക്കന്റെ ആദ്യ ഉദ്യമമാണ് പത്ത് ചെറുകഥകള്‍ അടങ്ങിയ കാലം എന്നോട് പറഞ്ഞതെന്ന കഥാസമാഹാരം. അശമന്നൂര്‍ ഗ്രാമപഞ്ചായത്തംഗവും പെരുമ്പാവൂരിലെ കലാ പ്രസ്ഥാനത്തിന്റെ തായ്വേരുമായി പ്രവര്‍ത്തിക്കുന്ന ഷാജിസരിഗയുടെയും സുബിയുടെയും മൂത്തമകനാണ് ദേവദത്ത്. കോട്ടപ്പടി സെന്റ് ജോര്‍ജ് സ്കൂളില്‍ 7-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ കഥാമത്സരത്തില്‍ പങ്കെടുത്ത് എഴുതിയ നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്നകഥക്ക് ഒന്നാം സമ്മാനം നേടിയത് ദേവദത്തിന് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ്.
ജീവിതത്തില്‍ എന്നും കോപ്പിയടിച്ച് മാത്രം ജീവിച്ച് അവസാനം ഓര്‍മ്മപോലും നഷ്ടപ്പെടുന്ന സര്‍ക്കാരുദ്യോഗസ്ഥന്റെ കഥയുള്‍പ്പെടെ ജീവിതഗന്ധിയായ 10 കഥകളടങ്ങുന്ന പുസ്തകത്തിന്റെ പ്രകാശനം 14ന് വൈകിട്ട് 4.30ന് പെരുമ്പാവൂര്‍ ഫാസില്‍ നടക്കും. ഇപ്പോള്‍ കോതമംഗലം എം.എ.എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ദേവദത്ത് പുതിയ കൂട്ടുകാര്‍ക്കും അനുജന് ഇന്ദ്രജിതിനും ഒപ്പം വലിയ ഉത്സാഹത്തിലാണ്. സാജുപോള്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പി.രാജീവ് എംപി കഥാസമാഹാരം പ്രകാശനം ചെയ്യും. കലാ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രഗത്ഭരായ കരകുളം ചന്ദ്രന്, സത്യന് താന്നിപ്പുഴ, പായിപ്ര രാധാകൃഷ്ണന്, മുരുകേശ് കാക്കൂര്‍, കലാമണ്ഡലം സുമതി, പി.പി.തങ്കച്ചന്, അച്ഛന് ഷാജി സരിഗ തുടങ്ങിയവര്‍ കൊച്ചുമിടുക്കനെ അനുഗ്രഹിക്കാനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: